ജർമനിയിൽ യൂണിഫോമിനുള്ള വസ്തുക്കൾ ലഭ്യമാകുന്നില്ലെന്ന് പരാതി. പൂർണ യൂണിഫോമില്ലെങ്കിൽ പൊതുജനങ്ങളിൽ നിന്ന് ബഹുമാനം കിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ. യൂണിഫോം ക്ഷാമം രൂക്ഷമായതോടെ പാന്റ്സിടാതെ പ്രതിഷേധിക്കുകയാണ് ഉദ്യോഗസ്ഥർ. പ്രതിഷേധ ദൃശ്യം സോഷ്യൽമീഡിയയിൽ വൈറലായതോടെ വിശദീകരണവുമായി അധികൃതർ രംഗത്തെത്തി. വാഹനത്തിലിരുന്ന് രണ്ട് ഉദ്യോഗസ്ഥർ സംസാരിക്കുന്നതായാണ് വീഡിയോയുടെ ആദ്യ ഭാഗത്തിൽ കാണിക്കുന്നത്. എത്ര നാളായി നീ കാത്തിരിക്കുന്നെന്ന് ഇരുവരും പരസ്പരം ചോദിക്കുന്നു. ആറു മാസമെന്ന് ഒരാളും എട്ടു മാസമെന്ന് രണ്ടാമത്തെയാളും മറുപടി പറയുന്നു. തുടർന്ന് ഇരുവരും കാറിൽ നിന്നു പുറത്തിറങ്ങുന്നു. എന്നാൽ നടന്ന് തുടങ്ങുമ്പോഴാണ് ഇവർക്ക് പാൻറസില്ലെന്നത് വ്യക്തമാകുന്നത്. വിതരണ ശൃംഖലയിലെ പ്രശ്നമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് വീഡിയോ വൈറലായതോടെ അധികൃതർ നൽകിയ വിശദീകരണം. വേഗത്തിൽ പരിഹാരം കാണുമെന്നും ഫെഡറൽ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.