അബ്ദുല്‍ റഹീമിന്റെ മോചനത്തിനായുള്ള ധനശേഖരണം സംബന്ധിച്ച് പ്രത്യേക അറിയിപ്പ്. സൗദി അറേബ്യയില്‍ വധശിക്ഷ കാത്തുകഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനത്തിന് സാധ്യതയേറി. റഹീമിന്റെ മോചനത്തിനായി ആവശ്യമായ ദയാധനത്തിനു വേണ്ടി നടത്തിയ ക്രൗഡ് ഫണ്ടിങ് നിശ്ചിത തുകയായ 34 കോടിയോട് അടുക്കുന്നു. ദയാധനം നല്‍കാന്‍ ഇനിയും മൂന്നു ദിവസം ബാക്കിനില്‍ക്കെയാണ് ലക്ഷ്യത്തോടടുക്കുന്നത്. 30 കോടി പിന്നിട്ടതോടെ സേവ് അബ്ദുല്‍ റഹീം ആപ്പ് താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുകയാണ്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/IFwZd0YzoSVCnmIGPZS4b7
റഹീമിന്റെ ജീവന്‍ രക്ഷിക്കാനായി സ്വദേശമായ ഫറോക്ക് കോടമ്പുഴയില്‍ രൂപംനല്‍കിയ സന്നദ്ധ കൂട്ടായ്മയാണ് ധനസമാഹരണം ഏകോപിപ്പിക്കുന്നത്. ഇതിനായി save abdul rahim എന്ന പേരില്‍ ആപ്പും ആരംഭിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകള്‍, യു.പി.ഐ ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ക്കു പുറമെ ക്രൗഡ് ഫണ്ടിങ് കൂടുതല്‍ സുതാര്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പ് ആരംഭിച്ചത്. ഇതുവഴിയും ഫണ്ട് കലക്ഷന്‍ നടക്കുന്നുണ്ട്.
ഫണ്ട് കലക്ഷന്‍ 30 കോടി പിന്നിട്ടതോടെ ആപ്പിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഫണ്ട് കലക്ഷന്റെ സുതാര്യത ഉറപ്പുവരുത്തുന്നതിനായി ഓഡിറ്റിങ്ങിനു വേണ്ടി ആപ്പിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നാണ് ആപ്പില്‍ അറിയിച്ചിരിക്കുന്നത്. 4.30നുശേഷം സേവനം വീണ്ടും പുനഃസ്ഥാപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഓഫ്ലൈനായും വലിയ തോതില്‍ ധനസമാഹരണം നടന്നിട്ടുണ്ട്. ഇത്തരത്തില്‍ സമാഹരിച്ച തുക കൂടി എണ്ണിയ ശേഷമായിരിക്കും തുടര്‍നടപടികളെന്നാണു ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുള്ളത്.
കഴിഞ്ഞ 18 വര്‍ഷമായി ജയിലില്‍ കഴിയുകയാണ് അബ്ദുല്‍ റഹീം. 2006ല്‍ 26-ാം വയസിലാണ് കൊലക്കുറ്റം ചുമത്തപ്പെട്ടു ജയിലിലാകുന്നത്. ഡ്രൈവര്‍ വിസയില്‍ സൗദിയിലെത്തിയ റഹീമിന് സ്പോണ്‍സറുടെ തലയ്ക്കു താഴെ ചലനശേഷി നഷ്ടപ്പെട്ട മകന്‍ ഫായിസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. കഴുത്തില്‍ ഘടിപ്പിച്ചിരുന്ന പ്രത്യേക ഉപകരണം വഴിയായിരുന്നു ഭക്ഷണവും വെള്ളവുമെല്ലാം നല്‍കിയിരുന്നത്.
2006 ഡിസംബര്‍ 24ന് ഫായിസിനെ കാറില്‍ കൊണ്ടുപോകുന്നതിനിടെ കൈ അബദ്ധത്തില്‍ കഴുത്തില്‍ ഘടിപ്പിച്ച ഉപകരണത്തില്‍ തട്ടുകയായിരുന്നു. പിന്നാലെ ബോധരഹിതനായ ഫായിസ് അധികം വൈകാതെ മരിക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് സൗദി പൊലീസ് റഹീമിനെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും റിയാദ് കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. ഇതിനുശേഷം യുവാവിന്റെ മോചനത്തിനായി ഉന്നതതലത്തില്‍ നിരവധി തവണ ഇടപെടലുണ്ടായെങ്കിലും കുടുംബം മാപ്പുനല്‍കാന്‍ തയാറായിരുന്നില്ല. നിരന്തര പരിശ്രമങ്ങള്‍ക്കൊടുവിലാണ് 34 കോടി രൂപയുടെ ബ്ലഡ് മണി(ദയാധനം) എന്ന ഉപാധിയില്‍ മാപ്പുനല്‍കാന്‍ ഫായിസിന്റെ കുടുംബം സമ്മതിച്ചത്.
ഇതിനു പിന്നാലെയായിരുന്നു നാട്ടിലെ സാമൂഹിക പ്രവര്‍ത്തകര്‍ ചേര്‍ന്ന് കമ്മിറ്റി രൂപീകരിച്ച് ക്രൗഡ് ഫണ്ടിങ് ആരംഭിച്ചത്. പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍ സംസ്ഥാനവ്യാപകമായി പണപ്പിരിവുമമായി യാചകയാത്ര പ്രഖ്യാപിച്ചതോടെ ധനസമാഹരണം കൂടുതല്‍ ശ്രദ്ധ നേടുകയായിരുന്നു. വിവിധ മത, രാഷ്ട്രീയ, ജീവകാരുണ്യ സംഘടനകളും വ്യവസായികളും പ്രവാസികളും കേരളത്തിലും പുറത്തുമുള്ള മനുഷ്യസ്നേഹികളുമെല്ലാം ഒന്നിച്ചതോടെയാണ് ഏതാനും ദിവസങ്ങള്‍ കൊണ്ട് ലക്ഷ്യം പിന്നിടുന്നത്. അബു്ദുല്‍ റഹീമിന്റെ മോചനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മലയാളികള്‍.