അങ്കമാലിയിൽ ഇന്ന് പുലർച്ചെ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാല് പേർ വെന്തു മരിച്ചു. പറക്കുളം അയ്യമ്പിള്ളി വീട്ടിൽ ബിനീഷ് കുര്യൻ (45), ഭാര്യ അനുമോൾ (40), മക്കളായ ജൊവാന (8), ജെസ്വിൻ(5) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ വീടിൻ്റെ രണ്ടാം നിലയിലായിരുന്നു തീപിടിത്തം. നാടറിഞ്ഞത് ബിനീഷിൻ്റെയും കുടുംബത്തിന്റെയും ദാരുണമായ മരണവാർത്തയായിരുന്നു. വീടിൻ്റെ രണ്ടാം നിലയിലെ മുറിയിലാണ് ബിനീഷും ഭാര്യയും മക്കളും ഉറങ്ങിയിരുന്നത്. താഴത്തെ നിലയിലെ മുറിയിലായിരുന്നു ബിനീഷിൻ്റെ അമ്മ ഉറങ്ങിയിരുന്നത്. പുലർച്ചെ മുകളിലത്തെ നിലയിലെ മുറിയിൽ നിന്നുയർന്ന നിലവിളി കേട്ടാണ് ബിനീഷിൻ്റെ അമ്മ ഉണർന്നത്. മുറിയിൽനിന്ന് തീ ഉയരുന്നത് കണ്ട് പകച്ചുപോയ ബിനീഷിൻ്റെ അമ്മ ബിനീഷിൻ്റെ സഹായിയായ അതിഥി തൊഴിലാളിയെയും കൂട്ടി പുറത്ത് നിന്നും തീ അണക്കാൻ ശ്രമിക്കുകയായിരുന്നു. മുറിയുടെ കതക് കുത്തിത്തുറന്ന് ബിനീഷിനെയും കുടുംബത്തെയും രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും അതും പരാജയപ്പെടുകയായിരുന്നു. പിന്നാലെ ബഹളം കേട്ട് നാട്ടുകാർ എത്തിയെങ്കിലും ഒന്നും ചെയ്യാനായില്ല. പിന്നീട് ഏകേദശം അഞ്ചരയോടെ ഫയർഫോഴ്‌സ് എത്തിയാണ് തീ പൂർണ്ണമായും കെടുത്തിയത്.
അങ്കമാലിയിൽ മലഞ്ചരക്ക് മൊത്ത വ്യാപാരിയാണ് മരിച്ച ബിനീഷ് കുര്യൻ. നിലവിൽ സാമ്പത്തിക ബാധ്യതകൾ ഒന്നുമില്ലെന്നാണ് വിവരം. എന്നാൽ ബിസിനസ് പരമായി മറ്റെന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടോയെന്ന കാര്യവും വ്യക്തമല്ല. സംഭവം നടന്ന പാറക്കുളം അയ്യമ്പിള്ളി വീട്ടിൽ ഫോറൻസിക് വിദഗ്ധർ എത്തി പരിശോധന ആരംഭിച്ചു. ഷോർട്ട് സർക്യൂട്ടല്ല തീപിടിത്തതിനു കാരണമെന്ന് പൊലീസ് സ്ഥീരികരിച്ചു. വിശദമായ പരിശോധനയ്ക്ക് ശേഷമേ കാരണം വ്യക്തമാവുകയുള്ളൂ. പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq