ബലിപെരുന്നാൾ, വേനലവധി പശ്ചാത്തലത്തിൽ യാത്രക്കാർക്ക് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. തിരക്കേറിയ (പീക് പിരീയഡുകൾ) സമയങ്ങളിൽ വിമാനത്താവളത്തിനുള്ളിൽ യാത്രക്കാരെ മാത്രമേ അനുവദിക്കൂ. കുടുംബാംഗങ്ങളുമായുള്ള വിട പറച്ചിൽ വീട്ടിൽ തന്നെ ആകാമെന്ന് അധികൃതർ നിർദ്ദേശിച്ചു.
ടെർമിനലുകൾ 1, 3 എന്നിവയിലെ ആഗമന ഫോർകോർട്ടുകളിലേക്കുള്ള പ്രവേശനം പൊതുഗതാഗതത്തിനും അംഗീകൃത എയർപോർട്ട് വാഹനങ്ങൾക്കും മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ബലി പെരുന്നാൾ, വേനൽക്കാല യാത്രാ തിരക്കിന് മുന്നോടിയായാണ് എയർപോർട്ട് അധികൃതർ പുതിയ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ബലിപെരുന്നാൾ പ്രമാണിച്ച് യുഎഇ നിവാസികൾക്ക് ഈ മാസം 15 മുതൽ 18 വരെ നാല് ദിവസത്തെ അവധി ലഭിക്കും. രണ്ടാഴ്ചയ്ക്ക് ശേഷം കുട്ടികൾക്ക് രണ്ട് മാസത്തെ വേനലവധിയും ആരംഭിക്കുകയാണ്.
അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഈ മാസം 22 ആയിരിക്കും ഏറ്റവും തിരക്കേറിയ ദിവസമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. അതേസമയം, ജൂൺ12 മുതൽ 25 വരെ 37 ലക്ഷത്തിലേറെ അതിഥികളെ സ്വാഗതം ചെയ്യുമെന്ന് ദുബായ് രാജ്യാന്തര വിമാനത്താവളം അധികൃതർ അറിയിച്ചു, ശരാശരി പ്രതിദിന ട്രാഫിക് 2,64,000 ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിഥികളുടെ എണ്ണം 2,87,000 കവിയാൻ സാധ്യതയുണ്ട്.
ഫ്ലൈ ദുബായ് യാത്രക്കാർ പുറപ്പെടുന്നതിന് കുറഞ്ഞത് നാല് മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിൽ എത്തിച്ചേരണം. എമിറേറ്റ്‌സ് യാത്രക്കാർക്ക് സിറ്റി ചെക്ക്-ഇൻ ഓപ്ഷനുകൾ ഉൾപ്പെടെ എയർലൈനിന്റെ ഹോം, സെൽഫ് ചെക്ക്-ഇൻ സൗകര്യങ്ങൾ ഉപയോഗിക്കാം. മറ്റ് എയർലൈനുകളിൽ പറക്കുന്നവർ അവരുടെ ഷെഡ്യൂൾ ചെയ്ത പുറപ്പെടൽ സമയത്തിന് മൂന്ന് മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തിച്ചേരണം. സമയം ലാഭിക്കാൻ ലഭ്യമായ ഇടങ്ങളിൽ ഓൺലൈൻ ചെക്ക്-ഇൻ പ്രയോജനപ്പെടുത്താം. നിങ്ങളുടെ എയർലൈനിന്റെ ബാഗേജ് അലവൻസും പാക്കിങ് നിയന്ത്രണങ്ങളും മുൻകൂട്ടി അറിഞ്ഞാൽ അവസാന നിമിഷത്തെ തിരക്കുകൾ ഒഴിവാക്കാമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
കൂടാതെ ലോഹ വസ്തുക്കളായ വാച്ച്, ആഭരണങ്ങൾ, മൊബൈൽ ഫോൺ, നാണയങ്ങൾ, ബെൽറ്റ് എന്നിവ ഹാൻഡ് ലഗേജിൽ വയ്ക്കുക, ദ്രാവകങ്ങൾ, എയറോസോൾ, ജെൽ എന്നിവ കൊണ്ടുപോകുന്നതിനുള്ള നിർദ്ദേശങ്ങൾ പാലിക്കാൻ ശ്രദ്ധിക്കണം. 12 വയസ്സിന് മുകളിലുള്ള കുട്ടികളുള്ള കുടുംബങ്ങൾക്ക് സ്മാർട്ട് ഗേറ്റ്സ് ഉപയോഗിച്ച് പാസ്‌പോർട്ട് നിയന്ത്രണ പ്രക്രിയ വേഗത്തിലാക്കാം. നിങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്കുള്ള ഏറ്റവും പുതിയ യാത്രാ നിയന്ത്രണങ്ങൾ അറിഞ്ഞിരിക്കുകയും ആവശ്യമായ എല്ലാ രേഖകളും കൈവശമുണ്ടെണ്ടെന്ന് ഉറപ്പാക്കുകയും വേണം. ഹാൻഡ് ലഗേജിലായിരിക്കണം സ്പെയർ ബാറ്ററികളും പവർ ബാങ്കുകളും പായ്ക്ക് ചെയ്യേണ്ടത്. ദുബായിലെ റോഡിലെ തിരക്ക് ഒഴിവാക്കാൻ എയർപോർട്ടിലേക്കും 1 ഉം 3 ഉം ടെർമിനലുകൾക്കും ഇടയിൽ പോകാനും വരാനും ദുബായ് മെട്രോ ഉപയോഗിക്കാവുന്നതാണ്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq