യുഎഇയിൽ ബലിപെരുന്നാൾ അവധി ജൂൺ 15ന് ആരംഭിക്കുകയാണ്. 18 വരെയാണ് അവധി നീണ്ടുനിൽക്കുക. വാരാന്ത്യത്തിനും അവധിക്കും ഇടയിൽ വരുന്ന പ്രവൃത്തിദിനമുളളപ്പോൾ ദൈർഘ്യമേറിയ അവധിക്കാലം ആസ്വദിക്കാൻ ആ ദിവസം വാർഷിക അവധിക്ക് അപേക്ഷിക്കാൻ സാധിക്കുമോയെന്നതാണ് പലരുടെയും സംശയം. പൊതു അവധി ദിനങ്ങളുടെ ഇടയിൽ വരുന്ന പ്രവൃത്തിദിനത്തിലെടുക്കുന്ന അവധിയാണ് സാധാരണയായി സാൻഡ്‌വിച്ച് ലീവ് എന്ന് അറിയപ്പെടുന്നത്.
പൊതു അവധിദിനങ്ങൾക്കൊപ്പമോ, വിശ്രമ ദിനങ്ങൾക്കൊപ്പമോ ചേർത്ത് വാർഷിക അവധിയെടുക്കാമോയെന്നുളള സംശയത്തിന് യുഎഇ തൊഴിൽ നിയമം വ്യക്തമാക്കുന്നത് ഇപ്രകാരമാണ്. ആർട്ടിക്കിൾ 29(7) പ്രകാരം, പൊതു അവധി വാർഷിക അവധിയിലാണ് വരുന്നതെങ്കിൽ അത് വാർഷിക അവധിയായി തന്നെ കണക്കാക്കും. എന്നാൽ തൊഴിലാളിക്ക് കൂടുതൽ ഉപയോഗപ്രദമായ രീതിയിൽ അവധി നൽകണോയെന്നുളളത് സ്ഥാപനത്തിൻറെ തീരുമാനമായിരിക്കും. പൊതു അവധിക്ക് തൊട്ടുമുൻപ് ആ ദിവസങ്ങളോട് ചേർന്നുളള ദിവസങ്ങളിൽ വാർഷിക അവധിക്ക് അപേക്ഷിച്ചാൽ പൊതു അവധി ദിനങ്ങളും വാർഷിക അവധിയിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.
ഉദാഹരണമായി ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ചവരെ പൊതു അവധിയാണെങ്കിൽ പ്രവൃത്തിദിനങ്ങളായ തിങ്കളാഴ്ചയും, വെള്ളിയാഴ്ചയും വാർഷിക അവധിയെടുക്കണമെന്നുണ്ടെങ്കിൽ നേരത്തെ തന്നെ അപേക്ഷ നൽകണം. പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ചതിന് ശേഷമാണ് ചേർന്നുളള പ്രവൃത്തിദിനങ്ങളിൽ അവധിക്ക് അപേക്ഷ നൽകുന്നതെങ്കിൽ പൊതു അവധി ദിനങ്ങൾ കൂടെ വാർഷിക അവധിയായി കണക്കാക്കും.
യുഎഇ തൊഴിൽ നിയമം പറയുന്നത് ഇപ്രകാരമാണ്. ആർട്ടിക്കിൾ 28(1) – 2021 ലെ ഫെഡറൽ ഡിക്രി നിയമം നമ്പർ 33, തൊഴിൽ ബന്ധങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് – ഒരു ജീവനക്കാരൻറെ അവകാശം മുഴുവൻ ശമ്പളത്തോടെയും ലഭിക്കുന്നതിന് ഉറപ്പുനൽകുന്നു. വിശ്രമ ദിനങ്ങൾ, വാർഷിക അവധികൾ, പൊതു അവധി ദിനങ്ങൾ എന്നിവ നിയമത്തിൽ വ്യക്തമായി നിർവചിക്കപ്പെട്ടിട്ടുണ്ട്. ഓരോ അവധിയും പ്രത്യേകമായി എടുക്കുന്നതിന് നിയമതടസ്സങ്ങളില്ല. വാർഷിക അവധിയെടുക്കുന്നതിന് മുൻപ് തൊഴിലുടമയുടെ അനുവാദം നേടിയിരിക്കണമെന്ന് മാത്രം. തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 29(4) അനുസരിച്ച് സ്ഥാപനത്തിൻറെ ആവശ്യകതയനുസരിച്ച് ജീവനക്കാരൻറെ അവധി അപേക്ഷ സ്വീകരിക്കാനോ നിരസിക്കാനോ തൊഴിലുടമയ്ക്ക് അവകാശമുണ്ടെന്നതും ശ്രദ്ധിക്കേണ്ടതാണ്.
വാരാന്ത്യ അവധി ദിനങ്ങൾ കൂടാതെ മിക്ക സ്ഥാപനങ്ങളും വർഷത്തിൽ 22 പ്രവൃത്തിദിനമാണ് വാർഷിക അവധിയായി നൽകുന്നത്. ചില സ്ഥാപനങ്ങൾ വർഷത്തിൽ 30 കലണ്ടർ ദിവസങ്ങൾ അവധി നൽകുന്നുണ്ട്. ചില സ്ഥാപനങ്ങൾ രണ്ട് ഭാഗമായി അവധിയെടുക്കണമെന്നാണ് നിർദേശിക്കുന്നത്. അവധിയെടുക്കുന്നതിന് മുമ്പ് കമ്പനിയുടെ എച്ച് ആർ വിഭാഗവുമായി ബന്ധപ്പെടുന്നത് നല്ലതാണ്. കൂടാതെ തൊഴിലാളി ഏർപ്പെട്ടിരിക്കുന്ന കരാറും അവധിയും മനസിലാക്കിയിരിക്കുകയും വേണം. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq