യുഎഇയിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി ഇത്തിസലാത്ത്. ഓൺലൈനിലൂടെ റീചാർജിംഗിന് ശ്രമിച്ച ദുബായ് നിവാസിയായ യുവതിക്ക് 2000 ദിർഹം നഷ്ടമായ സാഹചര്യത്തിലാണ് വ്യാജ വെബ്സൈറ്റുകൾ സംബന്ധിച്ച് കമ്പനി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. യുവതി ഇ-സിം ഓൺലൈനായി റീചാർജ് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് തട്ടിപ്പിന് ഇരയായത്. സാധാരണഗതിയിൽ ഇത്തരം തട്ടിപ്പുകളെ കുറിച്ച് ബോധവതിയായിരുന്നിട്ടും വെബ്സൈറ്റിന്റെ അക്ഷരങ്ങളിലുണ്ടായിരുന്ന ചെറിയ പിശക് യുവതി ശ്രദ്ധിച്ചില്ല. ഇത്തിസലാത്തിന്റെ ഔദ്യോഗിക വെബ്സൈറ്റാണെന്ന് തെറ്റിദ്ധരിച്ചു. ഒടിപിക്കായി മെസേജ് വന്നപ്പോൾ അത് മുഴുവനായി വായിക്കാതെ തന്നെ ഒടിപി നൽകി. ഇതോടെ അക്കൗണ്ടിലുണ്ടായിരുന്ന 1954.75 ദിർഹം നഷ്ടമായി.
സുരക്ഷിതമല്ലാത്ത ലിങ്കുകൾ ഒഴിവാക്കാനും ഓൺലൈനിൽ വ്യക്തിഗത വിവരങ്ങൾ പങ്കിടുന്നതിൽ ശ്രദ്ധാലുവായിരിക്കണമെന്നും കമ്പനി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ മുന്നറിയിപ്പ് നൽകി. ഫയലുകൾ സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രം ക്ലിക്കുചെയ്യാനോ ഡൗൺലോഡ് ചെയ്യാനോ പാടുള്ളുവെന്നും കമ്പനി പറഞ്ഞു. കമ്പനിയുടെ പ്രതിനിധികൾ ഒരിക്കലും പണമോ സമ്മാനങ്ങളോ ആവശ്യപ്പെടില്ലെന്നും OTP അല്ലെങ്കിൽ സെക്യൂരിറ്റി പിൻ ഉപയോഗിച്ച് മാത്രമേ ഉപഭോക്താക്കളെ പരിശോധിക്കൂ എന്നും ഇത്തിസലാത്ത് വ്യക്തമാക്കുന്നു. കൂടാതെ വ്യാജ വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്യാനും സ്‌കാം കോളർമാരെ റിപ്പോർട്ട് ചെയ്യാനും വെബ്‌സൈറ്റ് ഉപയോക്താക്കൾക്ക് ഓപ്ഷനുണ്ട്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq