2009ലാണ് കുവൈറ്റ് കണ്ട ഏറ്റവും വലിയ തീപിടുത്ത ദുരന്തമുണ്ടായത്. ഭർത്താവിനോടുള്ള യുവതിയുടെ പ്രതികാരം 57 പേരുടെ ജീവനാണ് എടുത്തത്. 90 പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. 24 മലയാളികളുൾപ്പെടെ 50 ഇന്ത്യക്കാരുടെ ജീവനെടുത്ത മംഗഫിലെ ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തത്തെ കുറിച്ചുള്ള വാർത്ത 2009ലെ ദുരന്തനിമിഷത്തെയാണ് ഓർമിപ്പിക്കുന്നത്.
2009 ഓഗസ്റ്റ് 15നാണ് സംഭവം നടക്കുന്നത്. രണ്ടാമതും വിവാഹത്തിനൊരുങ്ങിയ ഭർത്താവിനോടുള്ള പ്രതികാരമായി നസ്ര യൂസഫ് മുഹമ്മദ് അൽ എനെസി എന്ന 23 വയസ്സുകാരി ചെയ്ത ക്രൂരകൃത്യത്തിന് വിവാഹാഘോഷത്തിന് എത്തിയ കുട്ടികളും പ്രായമായവരുമടങ്ങിയ 57 പേരാണ് ജീവൻ കൊടുക്കേണ്ടി വന്നത്. കുവൈറ്റിലെ അൽ ജഹ്റയിലായിരുന്നു സംഭവമുണ്ടായത്. ടെന്റിലേക്ക് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. വിവാഹത്തിന്റെ ആഘോഷതിമിർപ്പിലായിരുന്ന സ്ത്രീകളും കുട്ടികളും വയോധികരുമെല്ലാം ആ തീയിൽ വെന്തുരുകി. മൂന്ന് മിനിറ്റുകൊണ്ട് ടെന്റ് പൂർണമായും കത്തി ചാരമായി. 500 ഡിഗ്രി സെൽഷ്യസമായിരുന്നു ടെന്‍റിനകത്തെ താപനില. ഭൂരിഭാഗം മൃതദേഹങ്ങളും തിരിച്ചറിയാൻ പറ്റാത്തവിധം ചാരമായിത്തീർന്നു. ഡിഎൻഎ, ദന്ത ഭാഗങ്ങൾ എന്നിവ പരിശോധിച്ചാണ് പലതും തിരിച്ചറിഞ്ഞത്. സുരക്ഷാ ക്രമീകരണങ്ങളൊന്നും പാലിക്കാതെയുള്ള ടെന്റായിരുന്നതിനാൽ തന്നെ പലർക്കും ഓടി രക്ഷപ്പെടാൻ സാധിച്ചില്ല.സംഭവത്തിൽ 57 പേർ പൊള്ളലേറ്റ് മരിക്കുകയും 90പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു.
അടുത്ത ദിവസം തന്നെ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. ആസൂത്രിത കൊലപാതകം, കൊലപാതകശ്രമം, തീകൊളുത്തൽ എന്നീ കുറ്റങ്ങളായിരുന്നു ചുമത്തിയത്. ആദ്യം കുറ്റം സമ്മതിച്ചെങ്കിലും 2009 ഒക്ടോബറിൽ വിചാരണ ആരംഭിച്ചപ്പോൾ പ്രതി കുറ്റം നിഷേധിച്ചു. ഭീഷണിയെതുടർന്നായിരുന്നു നേരത്തെ കുറ്റം സമ്മതിച്ചതെന്നും ഭർത്താവുമായി ബന്ധമുള്ള ജയിൽ ജീവനക്കാരൻ ഗർഭച്ഛിദ്രത്തിനുള്ള ഗുളിക നൽകിയതിനെ തുടർന്ന് തനിക്ക് ഒരു കുഞ്ഞിനെ നഷ്ടപ്പെട്ടതെന്നും നസ്‌റ ആരോപിച്ചു. കുട്ടിയായിരുന്നപ്പോൾ നസ്രയ്ക്ക് മാനസിക വൈകല്യമുണ്ടായിരുന്നെന്ന് പ്രതിഭാഗം അവകാശപ്പെട്ടതിനെ തുടർന്ന് പ്രതിയെ മാനസികരോഗ പരിശോധനയ്ക്ക് വിധേയയാക്കി.
നസ്ര ടെന്റിലേക്ക് പെട്രോളൊഴിക്കുന്നത് താൻ കണ്ടെന്ന് വീട്ടുജോലിക്കാരി കോടതിയിൽ മൊഴി നൽകിയിരുന്നു. എന്നാൽ താൻ “മന്ത്രിച്ച വെള്ളമാണ്” കൂടാരത്തിലേക്ക് ഒഴിച്ചതെന്നും പെട്രോൾ ഒഴിച്ചില്ലെന്നുമായിരുന്നു നസ്ര പറഞ്ഞത്. 2010ൽ പ്രതി നടത്തിയത് ആസൂത്രിത കൊലപാതകമാണെന്നും പ്രതി കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി. ഇതേതുടർന്ന് വധശിക്ഷ വിധിക്കുകയും 2017 ജനുവരി 25ന് സെൻട്രൽ ജയിലിൽ നസ്രയെ തൂക്കിലേറ്റുകയും ചെയ്തു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq