കുവൈറ്റിലെ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ വിമാനം അൽപ്പസമയത്തിനുള്ളിൽ കൊച്ചിയിലെത്തു. രാവിലെ 10.30ഓടെ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹം ഏറ്റുവാങ്ങും. തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് പൊതുദർശനമുണ്ടാകും. തുടർന്ന് ആംബുലൻസുകളിൽ മരിച്ചവരുടെ വീടുകളിൽ എത്തിക്കും. മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ മരിച്ചവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. 23 മലയാളികളുടെയും ഏഴു തമിഴ്നാട്ടുകാരുടെയും ഒരു കർണാടക സ്വദേശിയുടെയും മൃതദേഹങ്ങളായിരിക്കും കൊച്ചിയിലെത്തിക്കുക. ബാക്കി 14 മൃതദേഹങ്ങളുമായി വിമാനം ദില്ലിയിലേക്ക് പോകുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു.
31 മൃതദേഹങ്ങളും പൊതുദർശനത്തിന് വെക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഓരോ ടേബിളിലും മരിച്ചവരുടെ ഫോട്ടോയും പേരും ഉൾപ്പെടെയുണ്ടാകും. തമിഴ്നാടിൻറെ ആംബുലൻസും ഇവിടെ എത്തിയിട്ടുണ്ട്. കർണാടകയിലേക്കും തമിഴ്നാട്ടിലേക്കും ആവശ്യമെങ്കിൽ ആംബുലൻസുകൾ വിട്ടുകൊടുക്കാനുള്ള സംവിധാനവും നോർക്ക ഒരുക്കിയിട്ടുണ്ട്. കേരള അതിർത്തി വരെ അനുഗമിക്കാൻ അകമ്പടി വാഹനങ്ങളും ഒരുക്കിയിട്ടുണ്ട്. റോഡ് മാർഗമായിരിക്കും തമിഴ്നാട്ടിലേക്കും കർണാടകയിലേക്കും മൃതദേഹങ്ങൾ കൊണ്ടുപോകുകയെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരമെന്നും കെ രാജൻ പറഞ്ഞു. ആന്ധ്രാ പ്രദേശ് സ്വദേശികളുടെ മൃതദേഹങ്ങൾ ദില്ലിയിലേക്കായിരിക്കും കൊണ്ടുപോകുകയെന്നാണ് വിവരം ലഭിച്ചിട്ടുള്ളത്. മൃതദേഹങ്ങൾ ഏറ്റുവാങ്ങാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായെന്നും മന്ത്രിമാരായ പി രാജീവ്, കെ രാജൻ എന്നിവർ പറഞ്ഞു. 45 ഇന്ത്യക്കാർ മരിച്ചെന്നാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളതെന്നും അപകട വിവരം അറിഞ്ഞ സമയം മുതൽ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ആവശ്യമായ നടപടികൾ ആരംഭിച്ചിരുന്നുവെന്നും മന്ത്രി കെ രാജൻ പറഞ്ഞു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq