നാട്ടിലെ കടമൊക്കെ തീർക്കണം, എന്നിട്ട് ഒരു വീട് വയ്ക്കണം. കുഞ്ഞമ്മ അതിന് വേണ്ടി ലോണിനുള്ള കാര്യങ്ങളൊക്കെ ശരിയാക്കണം. ഇത്രയും പറഞ്ഞാണ് തിരുവനന്തപുരം സ്വദേശിയായ അരുൺ ബാബു കുവൈറ്റിൽ ജോലിചെയ്തു വരികയായിരുന്ന തന്റെ മാതൃസഹോദരിയെ കഴിഞ്ഞ ദിവസം നാട്ടിലേക്ക് യാത്രയാക്കിയത്. കുവൈറ്റിലുണ്ടായ തീപിടുത്തത്തിൽ കുര്യാത്തി സ്വദേശി അരുൺ ബാബുവും മരിച്ചുവെന്ന് ഇന്നലെ ഉച്ചയോടെയാണ് കുടുംബം അറിഞ്ഞത്. അപകടം നടന്നപ്പോൾ മുതൽ അരുണുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുക്കുന്നുണ്ടായിരുന്നില്ല. മാതൃസഹോദരി സുഹൃത്തുക്കൾ വഴി അന്വേഷിച്ചപ്പോൾ മിസിങ്ങാണെന്ന വിവരമായിരുന്നു ലഭിച്ചത്. ഒടുവിൽ ഫോറൻസിക് റിപ്പോർട്ട് വന്നപ്പോഴാണ് മോർച്ചറിയിൽ തിരിച്ചറിയാതെ കിടന്നവരിൽ അരുണും ഉണ്ടെന്ന് അറിഞ്ഞത്.
പതിമൂന്നും മൂന്നും വയസുള്ള രണ്ട് പെൺകുട്ടികളാണ് 37കാരനായ അരുണിനുള്ളത്. എട്ട് വർഷമായി കുവൈറ്റിൽ ജോലി ചെയ്യുകയായിരുന്നു. കൊവിഡ് കാലത്ത് നാട്ടിലെത്തിയെങ്കിലും എട്ട് മാസം മുമ്പാണ് വീണ്ടും ജോലിക്കായി കുവൈറ്റിലെത്തിയത്. 10 വർഷം മുമ്പ് മകൾ മരിച്ച ആഘാതത്തിൽ നിന്ന് അരുണിന്റെ അമ്മ ഇപ്പോഴും വിമുക്തയായിട്ടില്ല. ആ അമ്മയോട് മകന്റെ മരണവിവരം എങ്ങനെ പറയണമെന്നറിയാത്ത ദുഖത്തിലാണ് പ്രിയപ്പെട്ടവർ. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq