എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെ സിഐക്ക് എതിരെ പരാതിയുമായി ഗർഭിണിയായ യുവതി. ഭർത്താവിനെ മർദിക്കുന്നത് ചോദ്യം ചെയ്തപ്പോൾ സി.ഐ മുഖത്ത് അടിച്ചെന്ന് യുവതി ആരോപിച്ചു. ഹോം സ്റ്റേ നടത്തുന്ന ബെൻജോയിയെ കഴിഞ്ഞദിവസം നടന്ന കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച രാത്രി നോർത്ത് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതേതുടർന്ന് ബെൻജോയിയുടെ ഭാര്യ ഷൈമോൾ സ്റ്റേഷനിലെത്തുകയായിരുന്നു. ഭർത്താവിനെ പൊലീസ് മർദിക്കുന്നത് കണ്ടപ്പോൾ അത് ചോദ്യം ചെയ്തപ്പോഴാണ് തന്റെ മുഖത്തടിച്ചതെന്ന് യുവതി ആരോപിച്ചു. മൂന്ന് മാസം ഗർഭിണിയാണെന്ന് പറഞ്ഞിട്ടും അത് വകവെച്ചില്ലെന്നും ഷൈമോൾ പറഞ്ഞു.
എന്നാൽ സ്റ്റേഷനിൽ തർക്കമുണ്ടായപ്പോൾ പിടിച്ചുമാറ്റുക മാത്രമാണ് ചെയ്തതെന്നും അടിച്ചിട്ടില്ലെന്നും പൊലീസ് വിശദീകരിച്ചു. യുവതിയുടെ ഭർത്താവിന്റെ പേരിൽ വേറെയും കേസുകളുണ്ടെന്നും മർദനമേറ്റതായി പരാതി ലഭിച്ചിട്ടില്ലെന്നും കൊച്ചി സിറ്റി പോലീസ് കമ്മിഷണർ പറഞ്ഞു. സംഭവ ശേഷം യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പോലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്ന് ഷൈമോൾ പറഞ്ഞു. പൊലീസ് സ്റ്റേഷനിലെ ദൃശ്യങ്ങൾ പരിശോധിക്കണമെന്നും യുവതി ആവശ്യപ്പെട്ടു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq