നിരവധി വിസ ഏജൻസികളാണ് യുഎഇയിലുള്ളത്. എന്നാൽ വ്യാജന്മാരെ കണ്ടെത്തുകയെന്നത് ദുഷ്കരമാണ്. കൂടാതെ വിസയെകുറിച്ചും ജോലിയെ കുറിച്ചുമുള്ള മാർഗനിർദേശങ്ങൾ കൃത്യമായി ലഭിക്കുകയെന്നതും ബുദ്ധിമുട്ടുള്ള കാര്യമാണ്. വിസ പ്രശ്നങ്ങളാൽ നാടുകടത്തലിന്റെ വക്കിലെത്തിയയാളായിരുന്നു നൈജീരിയൻ സ്വദേശിയായ ഇയോംഗ്. എന്നാലിന്ന് യുഎഇയിൽ താമസിക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്ന വിദേശത്തുള്ള ആളുകൾക്കായി വിജ്ഞാനപ്രദമായ വീഡിയോകൾ ഒരുക്കുകയാണ് 32കാരിയായ ഇയോംഗ്. തനിക്ക് പറ്റിയ അബദ്ധങ്ങളും ഉണ്ടായ പ്രശ്നങ്ങളുമാണ് മറ്റുള്ളവർക്ക് വിജ്ഞാനപ്രദമായ വീഡിയോകൾ ചെയ്ത് ആളുകളെ ബോധവത്കരിക്കുന്നതിലേക്ക് ഇയോംഗിനെ നയിച്ചത്.
തന്റെ പ്രശ്നങ്ങളിൽ തന്നെ സഹായിച്ച ഇമിഗ്രേഷൻ ഓഫിസറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ആദ്യമായി അവളുടെ കഥ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇന്ന് 80,000-ത്തിലധികം ഫോളോവേഴ്‌സ് ഉണ്ട് ഇയോംഗിന്. ജോലി അപേക്ഷാ ഫോമുകൾ എങ്ങനെ പൂരിപ്പിക്കാമെന്നും ഒരു സിവി എഴുതാമെന്നും ഉള്ള ഉപദേശം നൽകുന്നത് മുതൽ യുഎഇയിലേക്ക് എങ്ങനെ താമസം മാറ്റാമെന്നും വിസ പ്രശ്‌നങ്ങൾ പരിഹരിക്കാമെന്നും ഉള്ള എല്ലാ മാർഗനിർദേശങ്ങളും @realpatienceeyong1, @patienceeyong എന്നീ രണ്ട് അക്കൗണ്ടുകളിലൂടെ അവൾ നൽകുകയാണ്.
ആഫ്രിക്കയിൽ നിന്നുള്ള പലരും തങ്ങളുടെ വിസ പ്രശ്നങ്ങൾ പരിഹരിക്കാൻ യുഎഇ പോലീസിലേക്കോ ഇമിഗ്രേഷൻ ഓഫീസിലേക്കോ പോകാൻ ഭയപ്പെടുന്നുണ്ട്. ഇത് തട്ടിപ്പുകാരായ വിസ ഏജൻസികളാൽ വഞ്ചിക്കപ്പെടുന്നതിന് കാരണമാകുന്നുണ്ട്. അതിനാൽ തന്നെ എല്ലാവർക്കും പ്രായോഗിക അറിവ് നൽകുന്നതിലൂടെ അവരെ സഹായിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഇയോംഗ് പറയുന്നു. ആളുകൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ, ജോലി ഒഴിവുകൾ, റിക്രൂട്ട്‌മെൻ്റ്, സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ എന്നിവയാണ് വീഡിയോകൾ. തനിക്ക് അറിവില്ലാത്ത കാര്യങ്ങളിൽ ബന്ധപ്പെട്ട അധികാരികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചാണ് വീഡിയോകൾ തയ്യാറാക്കുന്നത്. വിസാ മാർഗനിർദേശങ്ങൾ നൽകുന്നത് ബിസിനസാക്കി മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്നും സൗജന്യമായാണ് ചെയ്യുന്നതെന്നും ഇയോംഗ് പറയുന്നു. ഒരു വീഡിയോ നിർമിക്കുന്നതിന് ആവശ്യമായ വിവരങ്ങൾ കണ്ടെത്തുന്നതിന് തനിക്ക് ചെലവുകളില്ല. പിന്നെ എന്തിനാണ് ഫീസ് ഈടാക്കുന്നതെന്നും ദുബായ് ഇമിഗ്രേഷൻ ഓഫീസിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുന്ന ഇയോംഗ് പറയുന്നു.
കൊവിഡ് കാലത്ത് ഇയോംഗ് നാടുകടത്തപ്പെടേണ്ട സാഹചര്യമുണ്ടായി. 13,500 ദിർഹം അധിക സ്‌റ്റേ പിഴയും വിധിച്ചു. നാട്ടിലേക്ക് മടങ്ങിയാൽ എന്തു ചെയ്യുമെന്ന ആശങ്കയായിരുന്നു. യാദൃശ്ചികമായി ഒരു എമിറാത്തി ഇമിഗ്രേഷൻ ഉദ്യോഗസ്ഥനെ കണ്ടുമുട്ടിയത് അവളുടെ ജീവിതത്തിലെ വഴിത്തിരിവാകുകയായിരുന്നു. തന്റെ നിസഹായ അവസ്ഥ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം പിഴ 3,500 ദിർഹമായി കുറച്ചു. കൂടാതെ വിസ പ്രോസസ്സ് ചെയ്യാൻ ആവശ്യമായ പണവും നൽകി. അദ്ദേഹം തന്നോട് കാണിച്ച ദയ ജീവിതം തന്നെ മാറ്റിമറിച്ചെന്ന് ഇയോംഗ് പറയുന്നു. അദ്ദേഹത്തിൻ്റെ നിസ്വാർത്ഥ മാതൃക മറ്റുള്ളവരെ സഹായിക്കാൻ തന്നെ പ്രേരിപ്പിച്ചെന്നും അവൾ കൂട്ടിച്ചേർക്കുന്നു.
നൈജീരിയയിൽ പിഎടി ആൻഡ് മെനോറ കെയർ ഫൗണ്ടേഷൻ എന്ന പേരിൽ ഒരു നോൺ പ്രോഫിറ്റ് ഓർഗനൈസേഷനും ഇയോംഗ് നടത്തുന്നുണ്ട്. നിർദ്ധനരായ കുട്ടികൾക്ക് പഠനോപകരണങ്ങളും ഭക്ഷണവും, സ്ത്രീകൾക്കും പെൺകുട്ടികൾക്കും സാനിറ്ററി പാഡുകളും ഓർഗനൈസേഷനിലൂടെ നൽകുന്നുണ്ട്. നൈജീരിയയിൽ പാഡുകൾ വാങ്ങാൻ കഴിയാത്ത നിരവധി പെൺകുട്ടികളുണ്ട്, പകരം ടിഷ്യൂകളോ തുണിക്കഷണങ്ങളോ ഉപയോഗിക്കാൻ നിർബന്ധിതരാകുന്നു. ഇത് ബാക്ടീരിയകളെ വളർത്തുകയും ദോഷകരമായ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുകയും ചെയ്യും. അതിനാൽ സൗജന്യമായി സാനിറ്ററി പാഡുകൾ നൽകുന്നെന്നും ഇയോഗ് പറഞ്ഞു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq