യുഎഇയിൽ വേനൽച്ചൂട് ശക്തമാകുന്നു. താപനില 50 ഡിഗ്രിയിലേക്കടുത്തു. വെള്ളിയാഴ്ച അബൂദബി അൽ ദഫ്റയിലെ മസൈറയിൽ ഈ സീസണിലെ രാജ്യത്തെ ഏറ്റവും ശക്തമായ ചൂട് രേഖപ്പെടുത്തി. 49.9 ഡിഗ്രിയാണ് വെള്ളിയാഴ്ച ഉച്ച 3.15ന് രേഖപ്പെടുത്തിയതെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 90 ശതമാനത്തിന് മുകളിൽ ഹുമിഡിറ്റിയും പ്രവചിച്ചിരുന്നു. ഈ മാസം 21ന് ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകലായിരുന്നു. വേനൽക്കാല അറുതി ആരംഭിക്കുന്നതോടെ രാജ്യത്ത് ചൂട് ഉയർന്ന നിലയിലെത്തി തുടങ്ങും. ജൂലൈ പകുതിയോടെ തുടങ്ങി ആഗസ്റ്റ് അവസാനം വരെയാണ് ഏറ്റവും ശക്തമായ ചൂട് അനുഭവപ്പെടുക.
ചൂട് കൂടുന്നതിനാൽ തൊഴിലാളികൾക്ക് ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ ഉച്ച 12.30 മുതൽ 3.00 വരെ നേരിട്ട് സൂര്യപ്രകാശത്തിൽ ജോലി ചെയ്യുന്നതിന് നിരോധനമുണ്ട്. പകൽ സമയങ്ങളിൽ പുറത്തുള്ള കായിക വിനോദങ്ങളിൽ ഏർപ്പെടരുതെന്നും വിദഗ്ധർ നിർദേശിക്കുന്നുണ്ട്. ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ ജാഗ്രത പാലിക്കണമെന്നും കൂടുതൽ വെള്ളം കുടിക്കണമെന്നും ആരോഗ്യ രംഗത്തെ വിദഗ്ധർ പറയുന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq