വിമാന ടിക്കറ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റി നൽകാത്തതിനെ തുടർന്ന് വിമാനത്താവളത്തിൽ ബോംബ് ഭീഷണി മുഴക്കിയ മലയാളി യുവാവ് പിടിയിൽ. മലപ്പുറം സ്വദേശി ഷുഹൈബിനെയാണ് കൊച്ചി വിമാനത്താവളത്തിൽ വെച്ച് ഇന്ന് അറസ്റ്റ് ചെയ്തത്. ലണ്ടനിലേക്ക് ഇന്ന് 11.50ന് പുറപ്പെടേണ്ട എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി സന്ദേശം. രാത്രിയാണ് എയർ ഇന്ത്യയുടെ ആസ്ഥാനത്തേക്ക് അജ്ഞാത സന്ദേശം ലഭിച്ചത്. തുടർന്ന് അധികൃതർ നെടുമ്പാശ്ശേരിയിലെ സുരക്ഷാവിഭാഗത്തിന് വിവരം കൈമാറി. ലണ്ടനിൽ നിന്നും 10.20 ന് വിമാനം എത്തിയപ്പോൾ ബോംബ് സ്ക്വാഡിനെ ഉപയോഗിച്ച് കർശനമായി വിമാനത്തിൽ പരിശോധന നടത്തി. തുടർന്ന് ലണ്ടനിലേക്ക് പുറപ്പെടേണ്ട യാത്രക്കാരിലും പരിശോധന നടത്തി. ലഗേജുകളും പരിശോധിച്ച ശേഷം 11.50 ന് വിമാനം പുറപ്പെട്ടു. ഈ മാസം ആദ്യം ലണ്ടനിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനയാത്രക്കിടെ മകൾക്ക് ഭക്ഷ്യവിഷബാധയേറ്റത് ഷുഹൈബ് ചോദ്യം ചെയ്തിരുന്നു. ഇക്കാരണം ചൂണ്ടിക്കാട്ടി മടക്കയാത്രാ ടിക്കറ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റിനൽകണമെന്നും യുവാവ് ആവശ്യപ്പെട്ടു. എന്നാൽ ഇതിന് എയർ എന്ത്യ തയ്യാറായില്ല. ഇങ്ങനെയായാൽ വിമാനത്തിന് ബോംബ് വയ്ക്കുെമന്ന് ഷുഹൈബ് ഭീഷണിപ്പെടുത്തി. ഇതേത്തുടർന്നാണ് ഇന്ന് കുടുംബത്തോടൊപ്പം എത്തിയ ഷുഹൈബിനെ പൊലീസ് പിടികൂടിയത്. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV