സിനിമയെ വെല്ലുന്ന ജീവിതമാണ് 19കാരനായ റാൻഡോൾഫിന്റേത്. മെഡിക്കൽ സയൻസും ഡോക്ടർമാരും വിധിയെഴുതിയിട്ടും അവർക്ക് മുന്നിൽ അത്ഭുതമായി നിൽക്കുന്ന ഈ കൗമാരക്കാരൻ കൈയ്യെത്തിപ്പിടിച്ച നേട്ടങ്ങൾ ചെറുതല്ല. എട്ട് വർഷം മുമ്പ് ബ്രെയിൻ ക്യാൻസറിനെ തുടർന്ന് കീമോ തെറാപ്പിക്ക് വിധേയനായ ഫിലിപ്പിനോ കൗമാരക്കാരന് കരൾ തകരാറാവുകയും ഇനി ദിവസങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂവെന്ന് ഡോക്ടർമാർ വിധിയെഴുതുകയും ചെയ്തു.
തലച്ചോറിൻ്റെ മധ്യഭാഗത്ത് 6.8 സെൻ്റീമീറ്റർ മാരകമായ ട്യൂമറാണ് ഉണ്ടായിരുന്നത്. ചികിത്സയിലിരിക്കെ റാൻഡോൾഫിന് ന്യുമോണിയ പിടിപെട്ടു, തീവ്രപരിചരണ വിഭാഗത്തിലായിരിക്കെ രണ്ട് തവണ അപസ്മാരം ഉണ്ടായി. ശ്വാസം നിലച്ചമട്ടായി. ഓക്സിജനോട് പ്രതികരിക്കുന്നില്ല..
സ്വന്തം മകൻ മരണത്തെ മുഖാമുഖം കണ്ടുകൊണ്ടിരിക്കുന്ന ആ നിമിഷങ്ങളിൽ റാൻഡോൾഫിന്റെ മാതാപിതാക്കളായ റോഡിനും ലിന്നിനും പ്രാർത്ഥന മാത്രമേ ഏക ആശ്രയമുണ്ടായിരുന്നുള്ളൂ. ഒരു അത്ഭുതത്തിന് വേണ്ടിയുള്ള അവരുടെ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിച്ചു. റാൻഡോൾഫ് രക്ഷപ്പെട്ടു.
ദൈവത്തിലുള്ള വിശ്വാസവും ജീവിക്കാനുള്ള ആഗ്രഹവും ക്യാൻസറിനെതിരെ പോരാടാനുള്ള ഊർജം നൽകുകയായിരുന്നെന്നാണ് റാൻഡോൾഫ് പറയുന്നത്. സുഖം പ്രാപിച്ച് വർഷങ്ങൾക്ക് ശേഷം സ്കൂളിൽ തിരികെയെത്തിയ ഈ ഫിലിപ്പിനോ കൗമാരക്കാരന് പഠനത്തിൽ മികവ് പുലർത്താൻ സാധിച്ചു. മികച്ച അക്കാദമിക് അവാർഡുകൾക്കുള്ള മെഡലുകൾ സ്വീകരിക്കാൻ മാത്രമല്ല, ജീവിതം ആഘോഷിക്കാനും കൂടിയായിരുന്നു റാൻഡോൾഫ് ഗ്രേഡ് സ്കൂൾ ബിരുദദാന ചടങ്ങിനായി സ്റ്റേജിൽ കയറിയത്.
ദുബായിലെ ചിൽഡ്രൻസ് സിറ്റിയിലെ അൽ അജ്യാൽ തിയേറ്ററിൽ നടന്ന ബിരുദദാന ചടങ്ങിൽ 97 ശതമാനം മാർക്കോടെ പാസായതിന് സിൽവർ മെഡലും വ്യതിരിക്തമായ വ്യക്തിത്വത്തിനുള്ള ഗോൾഡൻ മെഡലും റാൻഡോൾഫ് നേടി. ഗണിതം, ഇംഗ്ലീഷ്, കാമ്പസ് ജേർണലിസം, സോഷ്യൽ സയൻസ്, ഫിലിപ്പിനോ ഭാഷ എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന് പ്രത്യേക അഭിനന്ദനങ്ങളും റാൻഡോൾഫിനെ തേടിയെത്തി.
ക്യാൻസറിൻ്റെ സങ്കീർണതകൾ മൂലം റാൻഡോൾഫിന് ഇപ്പോൾ ഭാഗികമായി മാത്രമേ കാഴ്ചയുള്ളൂ. എങ്കിലും ശാരീരികമായ ഈ അന്ധത തന്റെ തന്റെ ജീവിക്കാനുള്ള ആത്മാവിനെ അന്ധമാക്കിയില്ലെന്നാണ് 19കാരൻ പറയുന്നത്. ക്യാൻസറിനെ അതിജീവിച്ചയാളെന്ന നിലയിൽ തൻ്റെ വിജയഗാഥ പങ്കിടുന്നതിൽ ഏറെ സന്തോഷവാനുമാണ്. “എൻ്റെ ജീവിതം ഒരു അത്ഭുതമാണ്“ എന്നാണ് സ്വന്തം ജീവിതത്തെ കുറിച്ചുള്ള റാൻഡോൾഫിന്റെ വിലയിരുത്തൽ.
ആർക്കിടെക്ചർ ആകണമെന്നാണ് റാൻഡോൾഫിന്റെ ആഗ്രഹം. രോഗത്തെ തുടർന്ന് നിരവധി വെല്ലുവിളികൾ നേരിടേണ്ടി വരുന്നുണ്ടെങ്കിലും അതെല്ലാം അവഗണിച്ച് പഠനത്തിലും തന്റെ ലക്ഷ്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുകയാണെന്നും അവൻ പറയുന്നു. ചികിത്സയ്ക്കായി 12 ആഴ്ച കൂടുമ്പോൾ ആശുപത്രിയിൽ പോകേണ്ടതുണ്ട്. അതെല്ലാം പഠനത്തെയും സാമ്പത്തിക മേഖലയെയും ബാധിക്കുന്നുണ്ടെങ്കിലും പൂർണമായ പ്രതീക്ഷയും വിശ്വാസവുമുണ്ടെന്നും അവൻ കൂട്ടിച്ചേർക്കുന്നു. മരുന്നുകൾക്കായി നല്ലൊരു തുക മാറ്റിവയ്ക്കേണ്ടി വരുന്നുണ്ട്. ഗവൺമെന്റ് ചാരിറ്റികളുടെയും സുമനസുകളുടെയും സ്നേഹവും സഹകരണവും തന്നെ മുന്നോട്ട് നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൗമാരക്കാരൻ കൂട്ടിച്ചേർത്തു.
2016 മുതൽ സാമ്പത്തികവും ധാർമ്മികവുമായ പിന്തുണയ്‌ക്കായി പരസ്യമായി അഭ്യർത്ഥിച്ചപ്പോൾ തങ്ങളെ പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ടെന്ന് റാൻഡോൾഫിൻ്റെ മാതാപിതാക്കളായ റോഡും ലിനും പറഞ്ഞു. ഫ്രണ്ട്‌സ് ഓഫ് ക്യാൻസർ പേഷ്യൻ്റ്‌സ്, ക്യാൻസർ പേഷ്യൻ്റ് കെയർ സൊസൈറ്റി – റഹ്മ, സെൻ്റ് മേരീസ് കാത്തലിക് ചർച്ച്, മറ്റ് സ്ഥാപനങ്ങളിൽ നിന്നും ഉദാരമതികളായ വ്യക്തികളിൽ നിന്നും വിലമതിക്കാനാകാത്ത പിന്തുണയാണ് തങ്ങൾക്ക് ലഭിച്ചതെന്ന് റോഡ് പറഞ്ഞു. റാൻഡോൾഫ് എപ്പോഴും ജീവിതത്തെ പോസിറ്റീവായി വീക്ഷിക്കുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. അദ്ദേഹം ക്യാൻസറിനെ അതിജീവിക്കുക മാത്രമല്ല, അവനെപ്പോലുള്ള കൗമാരക്കാർക്ക് പ്രചോദനം കൂടിയാണെന്നും മാതാപിതാക്കൾ കൂട്ടിച്ചേർത്തു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV