യുഎഇയിലെ കൊടുംചൂടിൽ ഫൂഡ് ഡെലിവറി നടത്തുന്നവർക്ക് ഉച്ചവിശ്രമം നൽകണമെന്ന് താമസക്കാർ ആവശ്യപ്പെട്ടു. ഡിസ്കവറി ഗാർഡൻസിലെ താമസക്കാരനും സോഫ്റ്റ് വെയർ എഞ്ചിനീയറുമായ ഇന്ത്യൻ പ്രവാസി നൗഷാദ് ധുൻ ഡെലിവറി റൈഡർമാരുടെ വേനലിലെ ദുരിതം കാണാതെ പോകരുതെന്ന് പറഞ്ഞു. കഴിഞ്ഞ ദിവസം ചില ഡെലിവറി റൈഡർമാർ ചേർന്ന് കുഴഞ്ഞുവീണ സഹപ്രവർത്തകനെ സഹായിക്കുന്നത് കാണാനിടയായെന്നും ഡെലിവറി റൈഡർ അബോധാവസ്ഥയിൽ നിലത്ത് കിടക്കുകയായിരുന്നെന്നും നൗഷാദ് പറഞ്ഞു. ജൂൺ 23 ഞായറാഴ്ചയാണ് സംഭവം നടന്നത്. അന്നേദിവസം താപനില 51 ഡിഗ്രി സെൽഷ്യസ് ആയിരുന്നെന്നും നൗഷാദ് കൂട്ടിച്ചേർത്തു. ഫിലിപ്പിനോ ബ്ലോഗർ അയോൺ ഗോൺസാഗ റൈഡർമാരെ കടുത്ത ചൂടിൽ നിന്ന് സംരക്ഷിക്കുന്നതിനായി ഉച്ചഭക്ഷണ സമയത്ത് ഡെലിവറി സേവനങ്ങൾ നൽകുന്നതിൽ നിന്ന് ഫുഡ് ഡെലിവറി കമ്പനികൾ വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ കമ്പനികൾ തന്നെ ഉച്ചഭക്ഷണ ഡെലിവറിയുമായി ബന്ധപ്പെട്ട് കർശന സമയക്രമം നടപ്പിലാക്കുകയാണെങ്കിൽ ഡെലിവറി റൈഡർമാർക്ക് ആശ്വാസകരമാകും. ഉദാഹരണത്തിന് ഉച്ചയ്ക്ക് 12 മണിക്കും 3 മണിക്കും ഇടയിൽ ഓർഡറുകളൊന്നും നൽകില്ലെന്ന് കമ്പനികൾ തീരുമാനമെടുത്താൽ കൊടുംചൂടിൽ റൈഡർമാർക്ക് സംരക്ഷണമാകുമെന്നും ഗോൺസാഗ അഭിപ്രായപ്പെട്ടു. ജൂൺ 26 ബുധനാഴ്ച ഈ സീസണിൽ ആദ്യമായി യുഎഇയിലെ താപനില 50 ഡിഗ്രി സെൽഷ്യസ് കടന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം റിപ്പോർട്ട് ചെയ്തിരുന്നു. രാജ്യത്ത് ജൂൺ 15 മുതൽ സെപ്തംബർ 15 വരെ മധ്യാഹ്ന ഇടവേള നടപ്പിലാക്കിയെങ്കിലും ഫുഡ് ഡെലിവറി സേവനങ്ങൾ ഉൾപ്പെടെയുള്ള ചില തൊഴിലുകളെ ഈ നയത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV
അതേസമയം, ഫൂഡ് ഡെലിവറിയുടെ കാര്യത്തിൽ ഇത്തരം നിർദേശങ്ങൾ നടപ്പാക്കിയാൽ അത് ഫുഡ് ബിസിനസുകളെ സാരമായി ബാധിക്കുമെന്ന് ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ മാനേജരായ സഹാർ ച്മെയ്‌സെ അഭിപ്രായപ്പെട്ടു. എന്നാൽ പീക്ക് സമയത്ത് ഒരു ഡ്രൈവർക്കുള്ള ഓർഡറുകൾ പരമാവധി രണ്ട് ഓർഡറുകളായി പരിമിതപ്പെടുത്തുന്നതായിരിക്കും നല്ലത്. കൂടാതെ റൈഡർമാർക്ക് റിഫ്രഷ്‌മെൻ്റുകൾ നൽകുന്നത് ഉപകാരപ്രദമാകുമെന്നും സഹാർ പറഞ്ഞു. സമാന അഭിപ്രായമാണ് കഴിഞ്ഞ 12 വർഷമായി യുഎഇയിൽ താമസിക്കുകയും ദിവസവും ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കുകയും ചെയ്യുന്ന ലെബനനിൽ നിന്നുള്ള ഡിജിറ്റൽ മാർക്കറ്റർ റാണ അരക്ജിയുടേതും. റൈഡർമാർക്ക് തണുത്ത പാനീയവും ഈന്തപ്പഴവും നൽകുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കുമെന്ന് റാണ അഭിപ്രായപ്പെട്ടു.
കൊടുംചൂട് കണക്കിലെടുത്ത് സർക്കാരും വിവിധ ഫൂഡ് ഡെലിവറി സ്ഥാപനങ്ങളും ചേർന്ന് ഏകദേശം ആറായിരത്തോളം വിശ്രമകേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. കരീമിൻ്റെ ഫുഡ് ഡെലിവറി ക്യാപ്റ്റൻമാർക്ക് അവരുടെ സ്വന്തം ഷെഡ്യൂളുകൾ ക്രമീകരിക്കാൻ സാധിക്കും. ദിവസത്തിൻ്റെ ആദ്യ പകുതിയിൽ പ്രവർത്തിക്കാനുള്ള ഓപ്ഷൻ ഉൾപ്പെടെ ഷിഫ്റ്റുകളിൽ സമ്മർദ്ദം ചെലുത്താതെ ജോലിയിലേർപ്പെടാമെന്ന് കരീം വക്താവ് പറഞ്ഞു. എയർകണ്ടീഷൻ ചെയ്ത വിശ്രമ ബസുകൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ വാട്ടർ ബോട്ടിലുകളും ടവലുകളും അടങ്ങിയ സമ്മർ കിറ്റുകളും നൽകിയെന്നും കമ്പനി അറിയിച്ചു. ഡെലിവറൂ റൈഡർ സമ്മർ ഇനിഷ്യേറ്റീവ് അവതരിപ്പിച്ചു. ഹൈ-ഡെൻസിറ്റി റൈഡർ സോണുകളിൽ ഹൈഡ്രേഷൻ സ്റ്റേഷനുകളും മൊബൈൽ റെസ്റ്റ് സ്റ്റോപ്പുകളും ഉൾപ്പെടെ റൈഡർമാർക്ക് ഓർഡറുകൾക്കിടയിൽ ഇടവേളകൾ എടുക്കാൻ സഹായകരമായ സ്റ്റേഷനുകൾ പ്രദാനം ചെയ്യുന്നുണ്ട്.