അദാനി ഏറ്റെടുത്ത തിരുവനന്തപുരം വിമാനത്താവളത്തിൽ എയർപോർട്ട് ഫീസ് വീണ്ടും ഉയർത്തി. ഇരട്ടിയായാണ് ഫീസ് വർധിപ്പിച്ചിരിക്കുന്നത്. വിമാനത്താവളത്തിൽ ആദ്യമായി വന്നിറങ്ങുന്നവർക്കും യൂസർ ഫീ ബാധകമാക്കിയിട്ടുണ്ട്. നിലവിൽ ആഭ്യന്തര യാത്രക്കാർക്ക് 506 രൂപയും അന്താരാഷ്ട്ര യാത്രക്കാർക്ക് 1069 രൂപയുമാണ് ഫീസ്. പുതുക്കിയ നിരക്ക് പ്രകാരം ആഭ്യന്തര യാത്രക്കാർ 770 രൂപയും വന്നിറങ്ങുന്നവർ 330 രൂപയും നൽകണം. 2025-26 ൽ ഫീസ് 840ഉം 360ഉം ആയി വർധിപ്പിക്കും. 2026-27 വർഷം ഇത് 910ഉം 390ഉം ആകും. യാത്ര തുടങ്ങുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് ഇത് യഥാക്രമം 1540, 1680, 1820 എന്നിങ്ങനെയാണ് വർധിപ്പിച്ചത്. വിദേശത്തുനിന്ന് വന്നിറങ്ങുന്നവർ 660, 720, 780 എന്നിങ്ങനെ നൽകേണ്ടി വരും. വിമാനങ്ങളുടെ ലാൻഡിങ് ചാർജ് ഒരു മെട്രിക് ടണ്ണിന് 309 എന്നത് മൂന്നിരട്ടിയോളം വർധിപ്പിച്ച് 890 രൂപയാക്കിയിട്ടുണ്ട്. വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന കമ്പനികളുടെ ലാൻഡിംഗ് ചാർജും കൂട്ടിയിട്ടുണ്ട്. വിമാനക്കമ്പനികൾക്ക് 2200 രൂപ ഇന്ധന സർചാർജും ഏർപ്പെടുത്തി. അതേസമയം നിരക്ക് വർധിപ്പിക്കുന്നത് മൂലമുള്ള നഷ്ടം നികത്താൻ വിമാനക്കമ്പനികളും ടിക്കറ്റ് നിരക്ക് ഉയർത്തിയേക്കും. കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളിൽ യൂസർ ഫീ വർധിപ്പിച്ചിട്ടില്ല എന്നത് പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ആശ്വാസകരമാണ്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV
എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റിയാണ് (എ.ഇ.ആർ.എ) വിമാനത്താവളങ്ങളുടെ യൂസർ ഡെവലപ്മെൻറ് ഫീ (യു.ഡി.എസ്) നിശ്ചയിക്കുക. അഞ്ച് വർഷക്കാലയളവിൽ വിമാനത്താവളത്തിൽ നടത്താനിരിക്കുന്ന പദ്ധതികൾ പരിഗണിച്ചാണ് മൾട്ടി ഇയർ താരിഫ് പ്രപ്പോസൽ നിശ്ചയിക്കുക. ജൂൺ 29 മുതൽ യു.എ.ഇയിൽ നിന്ന് കൊച്ചിയിലേക്ക് 1250 മുതൽ 2600 ദിർഹം വരെയാണ് നിരക്ക്. തിരുവനന്തപുരത്തേക്ക് 1500 മുതൽ 3400 ദിർഹം വരെയും, കോഴിക്കോട്ടേക്ക് 1250 മുതൽ 2150 ദിർഹം വരെയും കണ്ണൂരിലേക്ക് 1150 മുതൽ 1525 ദിർഹം വരെയുമാണ് ടിക്കറ്റ് നിരക്ക്. യൂസർ ഫീ വരുന്നതോടെ ടിക്കറ്റ് നിരക്കിൽ മാറ്റം വരുമെന്ന് പ്രമുഖ ട്രാവൽ സേവന ദാതാക്കളായ ദേര ട്രാവൽസ് ജനറൽ മാനേജർ ടി.പി. സുധീഷ് പറഞ്ഞു. കേരളത്തിൽ ഇതുവരെ സിവിൽ ഏവിയേഷൻ ഡിപ്പാർട്മെൻറ് രൂപവത്കരിച്ചിട്ടില്ല. കേരളത്തെ അപേക്ഷിച്ച് കുറഞ്ഞ യാത്രക്കാർ വന്നുപോകുന്ന ഛത്തിസ്ഗഢ് അടക്കം 14 സംസ്ഥാനങ്ങൾ സിവിൽ ഏവിയേഷൻ ഡിപ്പാർട്മെൻറ് രൂപവത്കരിച്ചിട്ടുണ്ട്. 2017ൽ സിവിൽ ഏവിയേഷൻ ഡിപ്പാർട്മെൻറ് രൂപവത്കരിക്കാനുള്ള അപേക്ഷ സർക്കാറിന് സമർപ്പിക്കപ്പെട്ടെങ്കിലും തീരുമാനമായിട്ടില്ല.