യുഎഇയിൽ കൊലക്കുറ്റം ആരോപിക്കപ്പെട്ട മകനെക്കുറിച്ച് ബന്ധപ്പെട്ട അധികാരികളെ അറിയിക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ഓസ്‌ട്രേലിയൻ പൗരനായ പിതാവ് ദുബായ് കോടതിയിൽ ഹാജരായി. 2022 ഒക്ടോബർ 6 ന് സ്വന്തം മകൻ സുഹൃത്തിനെ കൊലപ്പെടുത്തിയെന്ന് അറിഞ്ഞിട്ടും രാജ്യം വിടാനുള്ള ഒരുക്കങ്ങൾ നടത്താൻ സഹായം ചെയ്തെന്നും കുറ്റകൃത്യം പൊലീസിനെ അറിയിച്ചില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. പ്രതി യുവതിയായ ഒരു സുഹൃത്തിനെ ഫോണിൽ വിളിച്ച് കൊല്ലപ്പെട്ട യുവാവിനെ കുറിച്ച് അന്വേഷിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും പ്രതി യുവതിയോട് പറഞ്ഞിരുന്നു. അപ്പാർട്ട്മെന്റിൽ യുവതിയെത്തി അന്വേഷിക്കുമ്പോഴാണ് കൊല്ലപ്പെട്ട നിലയിൽ ഇരയെ കണ്ടെത്തിയത്. ഉടൻ തന്നെ യുവതി പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. അതേസമയം കുറ്റകൃത്യത്തെ കുറിച്ച് അറിഞ്ഞെങ്കിലും മകനെ ഭയന്നാണ് റിപ്പോർട്ട് ചെയ്യാതിരുന്നതെന്ന് പിതാവ് കോടതിയിൽ പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് പിതാവിന് ഇക്കാര്യം അറിയാമായിരുന്നെന്ന് പ്രതി മൊഴി നൽകിയത്. ഇതേ തുടർന്നാണ് പിതാവ് കോടതിയിൽ ഹാജരായത്. യുഎഇയിൽ കുറ്റകൃത്യം റിപ്പോർട്ട് ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ ഒരു വർഷം വരെ തടവോ പിഴയോ ശിക്ഷയായി ലഭിക്കും. ഈ കേസിൽ പ്രതിയുമായുള്ള ബന്ധവും പ്രായവും മൂലം പിതാവിന് ശിക്ഷയിൽ ഇളവ് ലഭിച്ചേക്കും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV