അനുദിനം വികാസിച്ചുകൊണ്ടിരിക്കുന്ന മേഖലയാണ് സാങ്കേതികവിദ്യയുടേത്. അബുദാബിയിലെ സായിദ് ഇൻ്റർനാഷണൽ എയർപോർട്ടിനെ കുറിച്ച് ഇലോൺ മസ്ക് നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. എയർപോർട്ടിൽ ഫേഷ്യൽ റെക്കഗ്‌നിഷൻ ടെക്‌നോളജി ഉപയോഗിച്ച് ചെക്ക് ഇൻ ചെയ്യുന്ന സംവിധാനത്തെ കുറിച്ചാണ് മസ്ക് അഭിപ്രായം പ്രകടിപ്പിക്കുന്നത്. അമേരിക്ക ഇനിയും വളരേണ്ടതുണ്ട് എന്നാണ് ടെസ്ല സിഇഒ സോഷ്യൽ മീഡിയയിൽ കുറിച്ചത്. അബുദാബി എയർപോർട്ടിൽ ഫേഷ്യൽ റെക്കഗ്‌നിഷൻ ടെക്‌നോളജിയിലൂടെ യാതൊരു തടസവുമില്ലാതെ നടക്കുന്ന ചെക്ക്-ഇൻ പ്രക്രിയയെ കുറിച്ച് ടിക് ടോകിൽ വൈറലായ വീഡിയോയ്ക്ക് മറുപടിയായാണ് ഇലോൺ മസ്ക് അഭിപ്രായപ്രകടനം നടത്തിയത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV
US does need to catch up
— Elon Musk (@elonmusk) June 30, 2024
ഈ അത്യാധുനിക സംവിധാനം യാത്രക്കാരെ അവരുടെ ബയോമെട്രിക് വിശദാംശങ്ങൾ കണ്ടെത്തുന്ന ഒരു സ്വയം സേവന ഡെസ്ക് ഉപയോഗിക്കാൻ സഹായിക്കും. കൂടാതെ വിസ, ഡാറ്റ പരിശോധനകളും നടത്തുകയും ചെയ്യുന്നതാണ്. യാത്രക്കാർക്ക് വെറും 12 മിനിറ്റിനുള്ളിൽ ഗേറ്റിലേക്ക് കടക്കാൻ സാധിക്കും. നവംബറിലാണ് യാത്രക്കാർക്കായി ടെർമിനൽ എ തുറന്നുകൊടുത്തത്. ഇതിനോടകം തന്നെ എയർപോർട്ട് ലോകശ്രദ്ധ പിടിച്ചുപറ്റി കഴിഞ്ഞിട്ടുണ്ട്. ടോം ക്രൂയിസ് ചിത്രം മിഷൻ: ഇംപോസിബിൾ – ഡെഡ് റെക്കണിംഗ് പാർട്ട് വണ്ണിലെ സിനിമയുടെ ചിത്രീകരണ ലൊക്കേഷൻ എന്ന നിലയിലാണ് ഇത് ആദ്യമായി ലോകശ്രദ്ധ ആകർഷിച്ചത്. ടെർമിനലിൻ്റെ മികച്ച രൂപകല്പനയും നൂതന സാങ്കേതികവിദ്യയും ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. മിഡ്ഫീൽഡ് ടെർമിനൽ എന്നറിയപ്പെട്ടിരുന്ന ടെർമിനൽ എ 742,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ളതാണ്. മണിക്കൂറിൽ 11,000 യാത്രക്കാരെ ഉൾക്കൊള്ളാൻ സാധിക്കും. കൂടാതെ ഒരേ സമയം 79 വിമാനങ്ങൾ പ്രവർത്തിപ്പിക്കാനും സാധിക്കുമെന്നത് ഒരു പ്രത്യേകതയാണ്. 163 ഭക്ഷണ പാനീയ ഔട്ട്‌ലെറ്റുകളും ഷോപ്പിംഗ് ഓപ്ഷനുകളും ഇവിടെയുണ്ട്. ഫെബ്രുവരിയിലാണ് അബുദാബി ഇൻ്റർനാഷണൽ എയർപോർട്ട് എന്നതിൽ നിന്ന് സായിദ് ഇൻ്റർനാഷണൽ എയർപോർട്ടായി പുനർനാമകരണം ചെയ്യപ്പെട്ടത്. യുഎഇയുടെ സ്ഥാപക പിതാവായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ്റെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ട ഈ വിമാനത്താവളത്തിൻ്റെ പുതിയ ഐഡൻ്റിറ്റി, വ്യോമയാനവും സാങ്കേതികവിദ്യയും ഉൾപ്പെടെ വിവിധ മേഖലകളിൽ മികവിൻ്റെ കേന്ദ്രമായി സ്വയം സ്ഥാപിക്കാനുള്ള യുഎഇയുടെ വിശാലമായ കാഴ്ചപ്പാടുമായി യോജിപ്പിക്കുന്നതാണ്.