‘പ്രവാസികൾക്കായി കുറഞ്ഞ നിരക്കിലുള്ള എയർലൈൻ’ എന്ന യാഥാർത്ഥ്യത്തിലേക്ക് ഒരു പടി കൂടി കടന്ന് എയർ കേരള. കൊച്ചി ആസ്ഥാനമായുള്ള എയർ കേരളയ്ക്ക് ഇന്ത്യയുടെ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്ന് പ്രാരംഭ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) ലഭിച്ചു. സെറ്റ്ഫ്ലൈ ഏവിയേഷൻ എന്ന പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എയർലൈൻസിന് മൂന്ന് വർഷത്തേക്ക് ഷെഡ്യൂൾഡ് കമ്മ്യൂട്ടർ എയർ ട്രാൻസ്പോർട്ട് സർവീസ് നടത്താനുള്ള അനുമതിയുണ്ടെന്ന് എൻഒസിയുടെ പകർപ്പിൽ വ്യക്തമാക്കുന്നു. യുഎഇയിലെ സംരംഭകരായ അഫി അഹമ്മദിൻ്റെയും അയൂബ് കല്ലടയുടെയും ആശയമാണ് എയർ കേരള, ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള കേരളത്തിലെ ആദ്യത്തെ പ്രാദേശിക എയർലൈനായിരിക്കും ഇത്. സർവീസ് ആരംഭിക്കുന്നതോടെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യയിലെ പ്രവാസികൾക്ക് ലാഭകരമായ ടിക്കറ്റ് നിരക്കിൽ സ്വന്തം നാടുകളിലേക്ക് പറക്കാം. വർഷങ്ങളായുള്ള കഠിനാധ്വാനത്തിന്റെ ഫലമാണിതെന്ന് അഫി അഹമ്മദ് പറഞ്ഞു. ലക്ഷ്യം യാഥാർത്ഥ്യമാക്കാനാവില്ലെന്ന് പറഞ്ഞ് പലരും നിരുത്സാഹപ്പെടുത്തുമ്പോഴും അശ്രാന്തം പരിശ്രമിക്കുമെന്നും എൻഒസി വലിയൊരു ചുവടുവയ്പ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV
എൻഒസി ലഭിച്ചതിനാൽ ഫ്ലൈറ്റുകൾ ലോഞ്ച് ചെയ്യുന്നതിന് മുമ്പുള്ള അടിസ്ഥാന ജോലികളിലേർപ്പെടാം. അടുത്ത ഘട്ടങ്ങളിൽ വിമാനം വാങ്ങുന്നതും എയർ ഓപ്പറേറ്ററുടെ സർട്ടിഫിക്കറ്റ് (AOC) ലഭിക്കുന്നതുമായ മറ്റ് പ്രവർത്തനങ്ങൾ നടത്തുമെന്ന് അയൂബ് കല്ലട പറഞ്ഞു. വിമാനം വാങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കും. തുടക്കത്തിൽ, മൂന്ന് എടിആർ 72-600 വിമാനങ്ങൾ ഉപയോഗിച്ച് പ്രവർത്തനം ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. അതേസമയം ലീസിംഗ് മാർക്കറ്റിലും നിർമാതാക്കളിൽ നിന്ന് നേരിട്ടും വിമാനങ്ങൾ ഉറപ്പാക്കാനുള്ള ശ്രമത്തിലാണെന്ന് അവർ വ്യക്തമാക്കി. അഫി അഹമ്മദ്, അയൂബ് കല്ലട, കനിക ഗോയൽ എന്നിവരാണ് സെറ്റ്ഫ്ലൈ ഏവിയേഷൻ്റെ ബോർഡ് അംഗങ്ങൾ. വ്യോമയാന മേഖലയിൽ വിപുലമായ അനുഭവപരിചയമുള്ളവരാണിവർ. പ്രാരംഭ പ്രവർത്തനങ്ങൾ പ്രാദേശിക കണക്ടിവിറ്റിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കുമെന്ന് അയൂബ് പറഞ്ഞു. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന വിമാനക്കമ്പനി കേരളത്തിൽ വിനോദസഞ്ചാരവും വ്യാപാരവും പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതും ലക്ഷ്യമിടുന്നു. ആദ്യഘട്ടത്തിൽ നഗരത്തിൽ കുറഞ്ഞത് 350 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കും. അന്താരാഷ്ട്ര സർവീസുകൾ പ്രവാസികൾക്ക് താങ്ങാനാകുന്ന നിരക്കിലുള്ളവയായിരിക്കും. കൂടാതെ ആദ്യത്തെ അന്താരാഷ്ട്ര വിമാനങ്ങളിൽ ഒന്ന് ദുബായിയായിരിക്കുമെന്നും അഫി പറഞ്ഞു. വിമാനങ്ങളുടെ എണ്ണം 20 ആയി വിപുലപ്പെടുത്തിയാൽ അന്താരാഷ്ട്ര സർവീസുകൾ തുടങ്ങും. പദ്ധതിക്ക് ആവശ്യമായ പ്രാരംഭ നിക്ഷേപം ഏകദേശം 1.1 ബില്യൺ ദിർഹത്തിന് തുല്യമാണെന്നും കമ്പനി സ്ഥാപകർ പറഞ്ഞു.