യുഎഇയിൽ വർഷങ്ങളായി താമസരേഖയില്ലാതെ താമസിച്ചിരുന്ന മലയാളി യുവതിയെ തിരിച്ച് നാട്ടിലെത്തിച്ച് പ്രവാസി നീതിമേള. സന്ദർശക വിസയിൽ ജോലി അന്വേഷിച്ച് യുഎഇയിലെത്തിയ പത്തനംതിട്ട സ്വദേശി പ്രിയങ്കയ്ക്കാണ് നിയമസഹായം ലഭ്യമാക്കിയത്. സന്ദർശക വിസയിലെത്തിയെങ്കിലും കാര്യമായ ജോലി ലഭിക്കാതെ വന്നതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാവുകയും വിസ പുതുക്കാൻ സാധിക്കാതെയുമായി. 2021 മുതൽ വിസയില്ലാതെയാണ് യുവതി കഴിഞ്ഞിരുന്നത്. ദുബായിൽ പ്രവാസി ഇന്ത്യ ലീഗൽ സർവീസ് സൊസൈറ്റി (പിൽസ്) സംഘടിപ്പിച്ച പ്രവാസി നീതിമേളയിൽ യുവതി സഹായം അപേക്ഷിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ അഡ്വ. അസീസ് തോലേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവതിയുടെ നിയമകുരുക്ക് അഴിക്കാൻ സഹായിച്ചത്. ട്രാവൽ ഏജൻസിയുടെ പരാതിയിൽ പ്രിയങ്കയ്ക്കെതിരെ അബ്‌സ്‌കോണ്ടിങ് കേസുണ്ടായിരുന്നു. യുവതിക്ക് നാട്ടിലേക്കുള്ള ടിക്കറ്റ് ഉൾപ്പെടെയുള്ള സഹായങ്ങൾ സംഘടന ഇടപെടലിലൂടെ ലഭിച്ചു. ശനിയാഴ്ച അവർ സ്വദേശത്തേക്ക് മടങ്ങി. യുവതിയെ യുഎഇയിൽ തിരിച്ചെത്തിച്ച് നല്ല ജോലി തരപ്പെടുത്താൻ ശ്രമിക്കുമെന്ന് സംഘടനാ ഭാരവാഹികൾ പറഞ്ഞു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV