ഒരൊറ്റ നിമിഷം കൊണ്ട് ജീവിതം മാറിമറിയാം. പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമ്പോൾ ജീവിതത്തിന്റെ പ്രതീക്ഷയും സന്തോഷവുമെല്ലാം അവസാനിച്ചെന്ന് തോന്നിയേക്കാം. വിവരിക്കാനാകാത്ത അത്തരമൊരു മരവിപ്പിലായിരുന്നു ഫ്രഞ്ച് പൗരയും യുഎഇ നിവാസിയുമായ നതാലി. 17 വയസുള്ള മകൻ ഭർത്താവിന്റെ കരങ്ങളിലേക്ക് കുഴഞ്ഞുവീഴുകയും പിന്നീട് കോമയിലേക്ക് വഴുതിപോവുകയും ചെയ്ത നിമിഷങ്ങൾ.. അവസാനം മസ്തിഷ്ക മരണവും. ഒരു അമ്മയെന്ന നിലയിൽ എല്ലാം അവസാനിച്ചെന്ന് കരുതി, മകന്റെ വിയോഗത്തിൽ തളർന്നുപോയ നതാലി ഇന്ന് അവയവദാനം പ്രോത്സാഹിപ്പിക്കുന്ന യുഎഇയിലെ ഹയാത്തിന്റെ അംബാസിഡറാണ്. കാരണം മസ്തിഷ്ക മരണം സംഭവിച്ച മകന്റെ അഞ്ച് അവയവങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അഞ്ച് പേരിലൂടെ ഇന്നും ജീവിക്കുമെന്ന തിരിച്ചറിവ് നതാലിക്കും ഭർത്താവ് സോറൻസനും ജീവിതത്തിന് പുതു പ്രതീക്ഷയാണ് നൽകിയത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV
യുഎഇയിൽ താമസമാക്കിയ ഡാനിഷ് – ഫ്രഞ്ച് ദമ്പതികളുടെ മകനായിരുന്നു 17 വയസുകാരനായ വീഗോ. എമിറേറ്റ്സ് ഗോൾഫ് ഫെഡറേഷൻ ഓർഡർ ഓഫ് മെറിറ്റിൻ്റെ നിലവിലെ ചാമ്പ്യൻ. കിംഗ് ഹമദ് ട്രോഫി, ആറാമത്തെ അമച്വർ, ദുബായ് ഗോൾഫ് ട്രോഫി തുടങ്ങി നിരവധി നേട്ടങ്ങൾ കൈവരിച്ച കൗമാരക്കാരൻ ജെംസ് വെല്ലിംഗ്ടൺ അക്കാദമിയിലെ വിദ്യാർത്ഥിയായിരുന്നു. അൽ ഖൈൽ സ്കോളർഷിപ്പിൽ യുഎസിലേക്ക് പോകാൻ തയ്യാറെടുക്കവെയാണ് വീഗോ അപ്രതീക്ഷിതമായി കോമയിലേക്ക് വഴുതി വീഴുന്നത്. 2022 ജനുവരിയിലായിരുന്നു സംഭവമുണ്ടായത്. ഇടത് കൈയ്ക്കും ചുണ്ടിനും മരവിപ്പ് അനുഭവപ്പെട്ടതിന് പിന്നാലെ വീഗോ പിതാവിന്റെ കൈകളിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. അധികം വൈകാതെ കോമയിലേക്കും പോയി. താമസിയാതെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. അപ്പോഴാണ് അബുദാബിയിൽ നിന്നുള്ള ഒരു സംഘം അവയവദാനവുമായി ബന്ധപ്പെട്ട അഭ്യർത്ഥനയുമായി ദമ്പതികളെ സമീപിച്ചത്. തങ്ങളുടെ നഷ്ടം ഒരിക്കലും നികത്താനാവില്ല, പക്ഷെ മറ്റാരുടെയങ്കിലും ജീവൻ രക്ഷിക്കാമോ എന്ന ചോദ്യം അഞ്ച് പേർക്ക് പുതുജീവൻ രക്ഷിക്കാൻ കാരണമായി. ഇന്ത്യ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ അഞ്ച് പേർക്കായി ശ്വാസകോശം, വൃക്കകൾ, ഹൃദയം, കരൾ എന്നിവ ദാനം ചെയ്തു. ഹൃദയം 27 കാരിയായ സൗദി വനിതയാണ് സ്വീകരിച്ചത്. എന്നാൽ എല്ലാ വിശദാംശങ്ങളും പുറത്തുവിട്ടില്ലെന്നും നതാലി പറഞ്ഞു.
യുഎഇയിലെ ഹയാത്ത് പ്രോഗ്രാമിന്റെ സജീവ അംബാസിഡറാണ് നതാലി. ഹയാത്ത് എന്നാൽ അറബിയിൽ ‘ജീവൻ’ എന്നാണ്. കൂടുതൽ ജീവൻ രക്ഷിക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തിലാണ് നതാലി ഇന്നും പ്രവർത്തനങ്ങളിലേർപ്പെടുന്നത്. കൂടുതൽ ആളുകളെ അവയവ ദാതാക്കളാകാൻ പ്രോത്സാഹിപ്പിക്കുക, ദാതാക്കളുടെ കുടുംബങ്ങളെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് മുന്നേറുന്നത്. തന്റേതു പോലുള്ള സമാന ദുഃഖത്തിലൂടെ കടന്നുപോയവരെ ആശ്വസിപ്പിക്കാനും പ്രതീക്ഷ പകരാനും താൻ ശ്രമിക്കുന്നുണ്ടെന്നും നതാലി കൂട്ടിച്ചേർത്തു. അവയവ ദാനം ഔദാര്യത്തിൻ്റെ പ്രവൃത്തിയാണ്, ഒരു കുടുംബം മറ്റൊരു കുടുംബത്തെ സഹായിക്കുകയാണ് ചെയ്യുന്നതെന്നും അവർ പറഞ്ഞു. യു.എ.ഇ.യുടെ ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിൻ്റെ (മൊഹാപ്) അവയവദാനത്തെക്കുറിച്ചുള്ള ഔദ്യോഗിക പേജിൽ വിഗ്ഗോയുടെ കുടുംബത്തിന്റെ അനുഭവം പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്.