നിങ്ങൾ യാത്രയ്ക്കായി തെരഞ്ഞെടുക്കുന്ന ദിവസവും വിമാനടിക്കറ്റ് നിരക്കും തമ്മിൽ ബന്ധമുണ്ടോ? അങ്ങനെ ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ നിങ്ങൾ ഞായറാഴ്ചയ്ക്ക് പകരം ബുധനാഴ്ച വിമാനത്തിൽ പറക്കുകയാണെങ്കിൽ ഒരു ടിക്കറ്റിന് ശരാശരി 279.15 ദിർഹം ലാഭിക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. വേനൽക്കാലത്ത് വിമാനടിക്കറ്റ് നിരക്ക്, താമസസൗകര്യം, വിനോദസഞ്ചാര പ്രവർത്തനങ്ങൾ എന്നിവയ്‌ക്ക് കുറഞ്ഞ നിരക്കുകൾ കണ്ടെത്താനുള്ള ഏറ്റവും നല്ല സമയം ജൂലൈ അവസാനം മുതൽ ഓഗസ്റ്റ് വരെയാണ്. കാരണം ജിസിസിയിൽ എയർലൈനുകളും ഹോട്ടലുകളും കൂടുതൽ പ്രമോഷനുകൾ നടത്തുന്ന സമയമാണതെന്ന് ഈസ് മൈ ട്രിപ് സഹസ്ഥാപകനായ റികാന്ത് പിറ്റി പറഞ്ഞു. വേനൽക്കാലത്തെ ശരാശരി ചെലവിനേക്കാൾ 8 ശതമാനം വിലക്കുറവ്, ജൂലൈ അവസാന വാരമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഴ്ചയുടെ ആരംഭം വാരാന്ത്യത്തേക്കാൾ വിലകുറഞ്ഞതായിരിക്കും. ആദ്യ ദിവസങ്ങളിൽ, പ്രത്യേകിച്ച് ചൊവ്വാഴ്ചകളിൽ, ആഴ്‌ചയിലെ മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് കുറഞ്ഞ വിമാനനിരക്കായിരിക്കും. അതിനാൽ ചൊവ്വാഴ്ച ദിവസങ്ങളിൽ വിമാനങ്ങൾ ബുക്ക് ചെയ്താൽ വിമാന ടിക്കറ്റ് നിരക്കിൽ 6 ശതമാനം ലാഭിക്കാമെന്നും റികാന്ത് പിറ്റി പറഞ്ഞു.
പീക്ക് സീസണിൽ (ജൂൺ മുതൽ സെപ്തംബർ വരെ) യാത്രകൾ ചെയ്യാൻ ഉദേശിക്കുന്നവർ 45 ദിവസം മുമ്പെങ്കിലും കാര്യങ്ങൾ ആസൂത്രണം ചെയ്യേണ്ടതാണ്. ടിക്കറ്റ് നിരക്കിൽ വ്യത്യാസം കണ്ടെത്താനാകുമെന്നും പിറ്റി പറയുന്നു. യുഎഇയിൽ സ്കൈസ്കാനർ ഏപ്രിലിൽ നടത്തിയ പഠനത്തിൽ 56 ശതമാനം യാത്രക്കാർക്കും ഓഫറുകളെ കുറിച്ച് അറിവുണ്ടായിട്ടും മൂന്ന് ശതമാനം പേർ മാത്രമാണ് അത് പ്രയോജനപ്പെടുത്തുന്നത്. യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരിൽ 53 ശതമാനം പേരും യൂറോപ്യൻ രാജ്യങ്ങളിലേക്കാണ് വേനൽക്കാല അവധിക്കാല ലക്ഷ്യസ്ഥാനമായി കാണുന്നത്. ഇത് താരതമ്യേന ചെലവ് കുറഞ്ഞതാണെന്നാണ് യാത്രക്കാരുടെ അഭിപ്രായം. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV