യുഎഇയിൽ സ്വർണാഭരണങ്ങളുടെ ഏറ്റവും വലിയ ഷോപ്പിംഗ് കേന്ദ്രമാണ് ഷാർജയിലെ സെൻട്രൽ സൂഖ്. അമ്മയ്ക്ക് സ്വർണ്ണാഭരണങ്ങൾ വാങ്ങാൻ വന്ന ഐറിഷ് വനിത, ഒമാനിൽ നിന്ന് സന്ദർശനത്തിനെത്തിയ ഉമ്മു അലി, ഫ്രഞ്ച് വിനോദസഞ്ചാരിയായ നിക്കോളാസ് ബ്ലാൻഡലും കുടുംബവും തുടങ്ങി വ്യത്യസ്ത രാജ്യങ്ങളിൽ നിന്നും സംസ്കാരങ്ങളിൽ നിന്നുമായി നിരവധി പേരാണ് ഇവിടെ ഷോപ്പിംഗിനായി ദിവസംതോറുമെത്തുന്നത്. പൈതൃക ആഭരണങ്ങൾ തിരയുന്നവർക്കും പുതിയ ഡിസൈനിലുള്ള ആഭരണങ്ങൾ തിരയുന്നവർക്കുമെല്ലാം ഒരു പോലെ ഇവിടെ ഷോപ്പ് ചെയ്യാം. എമിറാത്തി സംസ്കാരത്തിൽ സമ്പത്തിനെ പ്രതിനിധീകരിക്കുന്ന അൽമുർതാസ, അൽമരിയ നെക്ലേസുകൾക്ക് ആവശ്യക്കാർ ഏറെയാണെന്നാണ് സൂഖിലെ ഒരു കടയിലെ സെയിൽസ്മാൻ പറയുന്നത്. അൽ കവാഷി ഹെഡ് കവറുകൾക്കും ധാരാളം ആവശ്യക്കാരുണ്ട്. പരമ്പരാഗത സ്വർണ്ണാഭരണങ്ങൾ എമിറാത്തികൾക്കിടയിൽ വലിയ ആകർഷണമാണ്. സൂഖിലെ മറ്റൊരു പ്രത്യേകത വൈവിധ്യപൂർണമായ ഓഫറുകളാണ്. ഏകദേശം അറുന്നൂറോളം കടകളാണ് സൂഖിലുള്ളത്. സ്വർണം സുരക്ഷിത നിക്ഷേപമായി കണക്കാക്കപ്പെടുന്നതിനാൽ ഉയർന്ന വിലയുണ്ടെങ്കിലും ആവശ്യക്കാരുണ്ടെന്ന് സൂഖിലെ വ്യാപാരിയായ വായ്ൽ അൽ-യാഫി ചൂണ്ടിക്കാട്ടുന്നു. ഷാർജയിലെ സാമ്പത്തിക വികസന വകുപ്പിൻ്റെ കണക്കനുസരിച്ച്, സ്വർണ്ണം, വിലയേറിയ കല്ലുകൾ, മുത്തുകൾ എന്നിവയുടെ വ്യാപാരികൾക്ക് നൽകിയിട്ടുള്ള വാണിജ്യ ലൈസൻസുകളുടെ എണ്ണം 727 ആണ്. അതേസമയം കഴിഞ്ഞ 10 വർഷത്തിനിടെ ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയിൽ രജിസ്റ്റർ ചെയ്ത അംഗത്വങ്ങളുടെ വളർച്ചാ നിരക്ക് 138 ശതമാനം വർദ്ധിച്ചിട്ടുണ്ട്. യുഎഇയുടെ 5 ദിർഹം കറൻസി നോട്ടിൽ സൂഖിൻ്റെ ചിത്രം അച്ചടിച്ചിരിക്കുന്നതും ശ്രദ്ധേയമാണ്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9