യുഎഇയുടെ റോഡിലൂടെ പരമ്പരാഗത എമിറാത്തി വസ്ത്രമായ അബയ ധരിച്ച് ട്രക്ക് ഓടിക്കുന്ന പെൺകുട്ടിയെ കണ്ടിട്ടുണ്ടോ? എങ്കിൽ അവളാണ് ഇന്ത്യക്കാരിയായ ഫൗസിയ സഹോർ. 22 വീലർ ട്രക്കിലേറുന്നതും വാഹനമോടിക്കുന്നതുമെല്ലാം ഇവൾക്ക് നിസാരമാണ്. യുഎഇയിൽ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ഹെവി ലൈസൻസ് എടുത്ത പെൺകുട്ടിയെന്ന നേട്ടവും ഫൗസിയയ്ക്ക് സ്വന്തമാണ്. കല്ലും മണലുമാണ് ഫൗസിയയുടെ ട്രക്കിലേറ്റുന്നത്. ഈ ലോഡുകൾ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് എത്തിക്കുകയെന്നതാണ് ഫൗസിയയുടെ ജോലി. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9 ജീവിത സാഹചര്യങ്ങളുടെ സമ്മർദ്ദമായിരുന്നു ഫൗസിയയെ ഈ ഒരു പ്രൊഫഷനിലേക്ക് എത്തിച്ചത്. പ്രധാനമായും പുരുഷന്മാർ മാത്രം ചെയ്യുന്ന ഈ ജോലി ചെയ്യാൻ അവളെ പ്രേരിപ്പിച്ചതും മനസിന് ധൈര്യം നൽകിയതും അവളുടെ കുടുംബം കൂടിയാണ്. ഇന്ത്യക്കാരിയായ ഫൗസിയയുടെ പിതാവ് അവൾ ജനിക്കുന്നതിന് മുമ്പേ മരണമടഞ്ഞിരുന്നു. വളർന്നു വരുംതോറും അവളുടെ അമ്മയ്ക്ക് ഏക ആശ്രയവും സഹായവും ഫൗസിയ മാത്രമായി. ഒരു പുരുഷൻ ചെയ്യുന്ന ജോലി ഏറ്റെടുക്കാൻ തനിക്ക് പിന്തുണ നൽകിയതും തന്റേടത്തോടെ ജീവിക്കാൻ പഠിപ്പിച്ചതും അമ്മയാണെന്ന് ഫൗസിയ പറഞ്ഞു. രോഗബാധിതയായ അമ്മ റമദാൻ സമയത്താണ് മരണമടഞ്ഞത്. അത് വരെയും അമ്മയെ നോക്കാനും ജീവിതം മുന്നോട്ട് നയിക്കാനുമായി കഠിനധ്വാനം ചെയ്തു. കഠിനമായ കാര്യങ്ങൾ ചെയ്യാൻ കഴിയുന്ന തന്നെ മകനായാണ് അമ്മയും കണക്കാക്കിയിരുന്നത്. അമ്മയുടെ വിയോഗത്തിന് ശേഷം ബുദ്ധിമുട്ടുള്ള സാഹചര്യങ്ങൾ ഒറ്റയ്ക്ക് തന്നെ നേരിടാൻ മനസിലുറപ്പിച്ചാണ് ഇനിയുള്ള ഫൗസിയയുടെ ജീവിതം. ഇന്ത്യയിൽ നിന്ന് കൊമേഴ്സിലും ബിസിനസിലുമാണ് ഫൗസിയ ബിരുദം നേടിയിരിക്കുന്നത്. 2013ൽ കാർ ലൈസൻസ് എടുത്ത് 9 വർഷങ്ങൾക്ക് ശേഷമാണ് ഫൗസിയ ഹെവി ലൈസൻസ് എടുക്കുന്നത്. ലൈസൻസ് നേടുന്ന പ്രക്രിയയിൽ തനിക്ക് പ്രത്യേക പരിഗണനയൊന്നും ലഭിച്ചില്ലെന്നും എന്നാൽ ആദ്യ ശ്രമത്തിൽ തന്നെ ടെസ്റ്റ് പാസായെന്നും അവൾ കൂട്ടിച്ചേർക്കുന്നു.
ലൈസൻസ് ടെസ്റ്റ് ആവശ്യങ്ങളുടെ ഭാഗമായി നേത്ര പരിശോധനയും ശാരീരിക പരിശോധനയും നടത്തിയിരുന്നു. ഈ യാത്രാമധ്യേ കണ്ടുമുട്ടിയ മിക്കവാറും എല്ലാ ഉദ്യോഗസ്ഥരും അത്ഭുതപ്പെട്ടിരുന്നു. ആർഎകെ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ഒരു സ്ത്രീ പറഞ്ഞത്, ആദ്യമായാണ് ഒരു പെൺകുട്ടി ഹെവി ലൈസൻസ് ടെസ്റ്റിന് എത്തുന്നത് എന്നായിരുന്നു. ലൈസൻസ് നേടിയ ഉടൻ തന്നെ ഫുജൈറയിലെ ഒരു സ്വകാര്യ കമ്പനിയിൽ അവൾക്ക് ജോലി ലഭിച്ചു. അവൾ നേരത്തെ ഉണരും, പക്ഷേ അവൾക്ക് ഒരു നിശ്ചിത ഷിഫ്റ്റ് ഇല്ല. അവൾ പ്രോജക്റ്റുകളിൽ പ്രവർത്തിക്കുകയും ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് വസ്തുക്കൾ കൊണ്ടുപോകുന്ന ജോലിയാണ് ചെയ്യുന്നത്. ഡബിൾ, ട്രിപ്പിൾ ആക്‌സൽ ട്രക്കുകൾ കൈകാര്യം ചെയ്യുന്നതിൽ വൈദഗ്ധ്യം നേടിയതിനാൽ റോഡിലെ തടസ്സങ്ങൾ ഒരു പ്രശ്‌നമേയല്ല. ദുബായിലെ ജബൽ അലിയിൽ നിന്ന് അൽ ഖുദ്രയിലേക്കാണ് ഫൗസിയ ഏറ്റവും കൂടുതൽ ട്രക്ക് ഓടിച്ചത്. കാർ ഓടിക്കുന്നതിനേക്കാൾ വ്യത്യസ്തമാണ് ട്രക്ക് ഓടിക്കാനെന്ന് അവൾ പറയുന്നു. ഒരു കാറിൽ പോകുമ്പോൾ റോഡിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എളുപ്പമാണ്. എന്നാൽ ട്രക്കിൽ ആണെങ്കിൽ, സുരക്ഷിതരായിരിക്കാനും നിങ്ങളുടെ ചുറ്റുമുള്ള ആളുകളെ സുരക്ഷിതരാക്കാനുമുള്ള ഉത്തരവാദിത്തമുണ്ടെന്ന് ഫൗസിയ പറയുന്നു. ട്രക്ക് ഡ്രൈവർമാർ എപ്പോഴും ജാഗ്രത പാലിക്കുകയും വാഹനത്തിൻ്റെ അവസ്ഥയെക്കുറിച്ച് ബോധവാന്മാരായിരിക്കുകയും വേണം. എണ്ണ, വെള്ളം, ചോർച്ച, ടയർ മർദ്ദം തുടങ്ങിയ പ്രധാന ഘടകങ്ങൾ പരിശോധിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ട്രക്കുകൾ ഓടിക്കുമ്പോൾ ടയറിൻ്റെ അവസ്ഥ നിർണായകമാണ്. പ്രത്യേകിച്ച് വേനൽക്കാലത്ത് എളുപ്പത്തിൽ പൊട്ടിത്തെറിക്കാൻ സാധ്യതയുള്ളതിനാൽ പരിശോധനകൾ പ്രധാനമാണെന്ന് അവൾ പറയുന്നു. വാഹനത്തിൽ ലോഡ് ഉണ്ടായിരിക്കെ ഓരോ 4-5 കി.മീ. കൂടുമ്പോഴും വാഹനം നിർത്തി പരിശോധിക്കണമെന്നും ഫൗസിയ പറഞ്ഞു.
ഇടവേളകളിൽ, അവൾ തൻ്റെ ജോലിയിൽ കണ്ടെത്തുന്ന സന്തോഷം പങ്കിടാൻ വീഡിയോകളും റീലുകളും നിർമ്മിക്കാറുണ്ട്. അടുത്തിടെ സ്വന്തം യൂട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. ട്രോൾ വരാറുണ്ടെന്നും ചിലർ ഈ ജോലി സ്ത്രീകൾക്ക് ഉള്ളതല്ലെന്നും പറയാറുണ്ട്. എന്നാൽ താൻ വാഹനമോടിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നതിലൂടെ മറ്റ് സ്ത്രീകൾക്ക് പ്രചോദനമാകാനാണ് ആഗ്രഹിക്കുന്നതെന്ന് ഫൗസിയ പറഞ്ഞു. ഹെവി വെഹിക്കിളുകളുടെ ആദ്യ വനിതാ ഇൻസ്ട്രക്ടർ ആകുക, മറ്റ് സ്ത്രീകൾക്ക് ഡ്രൈവിംഗ് പാഠങ്ങൾ പഠിക്കാൻ പ്രചോദനം നൽകുക എന്നതാണ് തന്റെ ലക്ഷ്യമെന്നും ഫൗസിയ പറഞ്ഞു.