അബുദാബിയിലുടനീളം വ്യത്യസ്ത രീതിയിൽ ദശലക്ഷക്കണക്കിന് കണ്ടൽ വിത്തുകൾ നട്ടുപിടിപ്പിക്കുന്നു. മരവും പുനരുപയോഗിക്കാവുന്ന വസ്തുക്കളും ഉപയോഗിച്ച് നിർമ്മിച്ച ഡ്രോണുകൾ കൊണ്ടാണ് യുഎഇ ആസ്ഥാനമായുള്ള പരിസ്ഥിതി സാങ്കേതിക സ്ഥാപനമായ ഡിസ്റ്റൻ്റ് ഇമേജറി എമിറേറ്റിൽ കണ്ടൽ വിത്തുകൾ നടുന്നത്. പരിസ്ഥിതി ഏജൻസിയായ അബുദാബി (ഇഎഡി)യുടെ പിന്തുണയോടെ, അഡ്നോക്, എൻജി, മുബാദല എനർജി തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് നൂതന ഡ്രോൺ പ്ലാൻ്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് കണ്ടൽക്കാടുകളുടെ ആവാസവ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ കമ്പനി ശ്രമിക്കുന്നത്. യുഎഇയിൽ തന്നെ നിർമിച്ച ഡ്രോണുകൾ ഉപയോഗിച്ചാണ് വിത്തുകൾ നടുന്നത്. സുസ്ഥിരത എന്ന ലക്ഷ്യത്തോടെയാണ് മരം കൊണ്ട് ഡ്രോണുകൾ നിർമിച്ചതെന്നും ഡിസ്റ്റൻ്റ് ഇമേജറിയുടെ സഹ ഉടമ ജെയ്ൻ ഗ്ലാവൻ പറഞ്ഞു. 2000 വിത്തുകളായിരുന്നു ആദ്യഘട്ടത്തിൽ നട്ടത്. 2023 ആകുമ്പോഴേക്കും 3.5 ദശലക്ഷം കണ്ടൽ വിത്തുകൾ നടുകയെന്നതായിരുന്നു കമ്പനിയുടെ ലക്ഷ്യം. എന്നാൽ കഴിഞ്ഞ വർഷം ഏകദേശം 3.6 ദശലക്ഷം വിത്തുകൾ നട്ടെന്നും ഈ വർഷം ഏകദേശം 4.2 ദശലക്ഷം വിത്തുകൾ നടുമെന്നും ഗ്ലാവൻ പറഞ്ഞു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
കണ്ടൽക്കാടുകൾ പുനഃസ്ഥാപിക്കുന്നത് കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള ഒരു പ്രധാന പരിഹാര മാർഗമാണ്. എത്തിച്ചേരാൻ പ്രയാസമുള്ള, പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഡ്രോൺ ഉപയോഗിച്ച് നടീൽ പ്രവർത്തനങ്ങൾ നടത്തും. മരങ്ങളിൽ നിന്ന് വിത്ത് ശേഖരിച്ചുകഴിഞ്ഞാൽ, അത് മുളപ്പിച്ച് ഡ്രോണുകളിൽ ഇടും. ആറ് ഡ്രോണുകളിൽ ഓരോന്നും കണ്ടൽക്കാടുകളുടെ പുനരുദ്ധാരണത്തിനായി നിർമ്മിച്ചവയാണ്. മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ വിത്ത് പുറത്തേക്ക് തള്ളും. “ഇത് യാന്ത്രികമായി ഷൂട്ട് ചെയ്യുന്നതുപോലെയാണ്, എന്നിട്ട് നേരെ താഴേക്ക്. വിത്ത് മണ്ണിൽ കുടുങ്ങി വളരാൻ തുടങ്ങുന്നു,” ഗ്ലാവൻ പറഞ്ഞു. സൈറ്റ് തിരഞ്ഞെടുക്കൽ മുതൽ വിത്ത് നടുന്നതും പ്രകൃതിദത്ത പാറ്റേണുകൾ കണ്ടെത്തുന്നതും വരെയുള്ള പ്രവർത്തനങ്ങൾ കമ്പനി നടപ്പാക്കും. അഡ്നോകിനായി 2.5 ദശലക്ഷം കണ്ടൽ വിത്തുകൾ നടുന്നുണ്ട്. അബുദാബിയിലെ മിർഫ തീരദേശ ലഗൂൺ, അൽ നൗഫ്, റുവൈസ്, മിർഫ, അൽ ഹമീം എന്നിവയുൾപ്പെടെ അബുദാബിയിലെ വിവിധ പ്രദേശങ്ങളിൽ കണ്ടൽക്കാട് വച്ച്പിടിപ്പിക്കുന്നതിൽ ഡിസ്റ്റന്റ് ഇമേജറിക്ക് വലിയ പങ്കുണ്ട്.
കമ്പനിയിൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള സന്നദ്ധപ്രവർത്തകരെ ഫീൽഡ് വർക്കിനായി ഉൾപ്പെടുത്താറുണ്ട്. സംരംഭത്തിൽ പങ്കാളികളായ വിദ്യാർത്ഥികൾ വിത്തുകൾ ശേഖരിക്കുന്നതിനും മുളപ്പിക്കുന്നതിനും ഡ്രോണിൽ നിക്ഷേപിക്കുന്നതിനും തുടങ്ങി എല്ലാ പ്രവർത്തനങ്ങളിലും പങ്കാളികളാകും. നടീലിന് ശേഷം പ്രദേശങ്ങൾ നിരീക്ഷിക്കുന്നതിലൂടെ വിത്തുകൾ വളരുന്നത് കാണാൻ അവർക്ക് സാധിക്കും. വിദ്യാർത്ഥി ജീവിതത്തിലുണ്ടാകുന്ന മനോഹരമായ അനുഭവമാണിതെന്നും ഗ്ലാവൻ കൂട്ടിച്ചേർത്തു. വളണ്ടിയർമാരെ എങ്ങനെ ഡ്രോൺ നിർമിക്കാമെന്നും പറത്താമെന്നും തുടങ്ങി സ്വയംപര്യാപ്തരാകാൻ വേണ്ടതായ കാര്യങ്ങളെല്ലാം പരിശീലിപ്പിക്കുന്നുണ്ട്. അതിലൂടെ അറിവ് പകരാനും അന്തരിച്ച ഷെയ്ഖ് സായിദിൻ്റെ പൈതൃകമായ യുഎഇയെ പടുത്തുയർത്താൻ പങ്കാളികളാകാനും സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത വർഷം അഞ്ച് വ്യത്യസ്ത കമ്മ്യൂണിറ്റി പ്രോജക്ടുകൾ ചെയ്യാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.