നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് വെറും രണ്ട് മണിക്കൂർ മതി മനോഹരമായ ബീച്ചുകളും മലനിരകളും മരുപ്പച്ചകളുമെല്ലാമുള്ള ഒമാനിലേക്കെത്താൻ. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒമാന് സാഹസിക വിനോദസഞ്ചാരത്തിന് ലോകോത്തര നിലവാരമുള്ള ഡെസ്റ്റിനേഷനുകളും ഉണ്ട്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ നിന്നെല്ലാം ഒമാനിലേക്കു നേരിട്ട് വിമാന സർവീസുകളുണ്ട്. ഇന്ത്യയിൽ നിന്നുള്ളവർക്ക് ഇ – വിസ സൗകര്യം കൂടി ഏർപ്പെടുത്തിയതോടെ നിരവധി പേരാണ് ഒമാനിലേക്കെത്തുന്നത്. സാധാരണഗതിയിൽ പത്ത് ദിവസത്തേക്കാണ് ഇ-വിസ ലഭിക്കുന്നത്. ഒമാനിന്റെ വലിയൊരു ഭാഗം മരുഭൂമിയാണ്. മരുഭൂമി ക്യാമ്പിംഗ് തെരഞ്ഞെടുക്കുന്നവർക്ക് വിസ്മയിപ്പിക്കുന്ന ആകാശ കാഴ്ചകളാണ് രാത്രിയിൽ കാണാനാവുക. നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തിന്റെ കീഴിലിരുന്ന് ഭക്ഷണം കഴിക്കാനും അറബ് നൃത്തങ്ങളാസ്വദിക്കാനും എത്തുന്നവരുടെ എണ്ണം ചെറുതല്ല. സാൻഡ് ബോർഡിങ്, ഡ്യൂൺ ബാഷിങ്, ക്വാഡ് ബൈക്കിങ്, ക്യാമൽ സഫാരി തുടങ്ങി മരുഭൂമിയനുഭവം വ്യത്യസ്തമാക്കുന്ന നിരവധി ആക്ടിവിടീസുമുണ്ട്. മണൽതീരങ്ങളിലെയും മലമുകളിലെയും ക്യാമ്പിങ്ങ് ഏറെ വ്യത്യസ്തവും അവിസ്മരണീയവുമാണ്. കൂടാതെ കടലിൽ സ്കൂബ ഡൈവിംഗ്, സ്നോർക്കലിംഗ്, കയാക്കിംഗ്, സർഫിംഗ് തുടങ്ങിയ സാഹസിക അനുഭവങ്ങൾക്കും അവസരമുണ്ട്. അപൂർവമായ മത്സ്യസമ്പത്തിനും പവിഴപ്പുറ്റിനും പേരുകേട്ടതാണ് ഒമാനിലെ സ്കൂബ കാഴ്ചകൾ. കോട്ടകളും കൊട്ടാരങ്ങളും കൊണ്ട് സമ്പന്നമായ ഈ രാജ്യത്തെ അൽ ആലം പാലസ്, ജബ്റീൻ കോട്ട എന്നിവ ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടതാണ്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
ഒമാന്റെ പ്രകൃതി ആസ്വദിക്കാൻ, മലനിരകൾ കാണാൻ കപ്പൽയാത്രകൾ നടത്താനും സാധിക്കും. കൊച്ചുകേരളമെന്ന് അറിയപ്പെടുന്ന ഒമാനിലെ രണ്ടാമത്തെ വലിയ നഗരമായ സലാലയും പ്രത്യേക അനുഭവമാണ് സഞ്ചാരികൾക്ക് നൽകുന്നത്. മസ്‌കറ്റിൽനിന്ന് 1000 കിലോമീറ്റർ ദൂരെയും യുഎഇയിൽ നിന്ന് 1500 കിലോ മീറ്റർ അകലെയുമാണ് സലാല. വിമാനത്തിൽ ഒന്നരമണിക്കൂർ സമയമാണെങ്കിൽ റോഡ് മാർഗം 12 മുതൽ 18 മണിക്കൂർ വരെ വേണം. മഞ്ഞും മഴയും കാടും പുഴയുമെല്ലാം ഇവിടെയുണ്ട്. അത്ഭുതപ്പെടുത്തുന്നത് എന്താണെന്ന് വച്ചാൽ ഈന്തപ്പനപോലെ തെങ്ങുകളും മാവും പ്ലാവും കവുങ്ങും പച്ചക്കറികളുമെല്ലാം സലാലയിലെ കാഴ്ചയാണ്. കേരളത്തിൽ കാലവർഷം ആരംഭിക്കുമ്പോൾ സലാലയിലും മഴ പെയ്യും. ശരാശരി മലയാളിയുടെ ഗൃഹാതുര ഓർമകളെ ഉണർത്തുന്നയിടമാണ് സലാല. ഇവിടെ നിന്ന് 45 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്നതാണ് ബൈത്ത് സബിഖ് പർവതപ്രദേശം. അവിടെയാണ് അയൂബ് നബിയുടെ ഖബറിടം. സഞ്ചാരികളുടെ പ്രിയപ്പെട്ട തീർഥാടനകേന്ദ്രമാണിത്. ബൈത്ത് സബിഖ് പർവതങ്ങളുടെ താഴ്വരയിലെ ജലാശയം നബി തിരുമേനി ഉപയോഗിച്ച കുളമാണെന്നുമാണ് വിശ്വാസം