കണ്ണൂരിൽ റബ്ബർതോട്ടത്തിൽ ജോലി ചെയ്തിരുന്ന തൊഴിലുറപ്പുകാർക്ക് മണ്ണ് കുഴിച്ചപ്പോൾ നിധി ലഭിച്ചു. ചെങ്ങളായി ശ്രീകണ്ഠാപുരത്താണ് സംഭവമുണ്ടായത്. പ്രദേശത്ത് മഴക്കുഴി നിർമാണത്തിനായി 18 പേർ ചേർന്ന് മണ്ണ് കുഴിക്കുമ്പോഴായിരുന്നു ഓട്ടുപാത്രത്തിനുള്ളിൽ സൂക്ഷിച്ച നിലയിൽ സ്വർണ ലോക്കറ്റുകളും നാണയങ്ങളും കണ്ടെത്തിയത്. വീണ്ടും അതേസ്ഥലത്ത് തന്നെ കുഴിച്ചപ്പോൾ വെള്ളിനാണയങ്ങളും മുത്തുകളും ലഭിച്ചു. ആദ്യഘട്ടത്തിൽ ഓട്ടുപാത്രം കണ്ടപ്പോൾ ബോംബാണെന്ന് വിചാരിച്ച് കളയാൻ ശ്രമിച്ചെന്നും പിന്നീട് തുറന്നു നോക്കിയപ്പോഴാണ് സ്വർണം കണ്ടതെന്നും തൊഴിലുറപ്പ് ജീവനക്കാർ പറയുന്നു. വെള്ളി നാണയങ്ങൾ ചെളി പിടിച്ച നിലയിലായിരുന്നു. കഴുകിയെടുക്കുന്തോറുമാണ് അവ തിളങ്ങി വന്നതെന്ന് അവർ പറഞ്ഞു. ഉടൻ തന്നെ പഞ്ചായത്തിൽ അറിയിക്കുകയും തുടർന്ന് പൊലീസിനെ അറിയിക്കുകയുമായിരുന്നു. ഓട്ടുപാത്രത്തിൽ കണ്ടെടുത്തവ സ്വർണം തന്നെയാണോ എന്ന് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. ആഭരണങ്ങൾ കോടതിയിൽ ഹാജരാക്കി. അവ പുരാവസ്തു വകുപ്പ് പരിശോധിച്ചു വരികയാണ്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9