പാസ്പോർട്ട് പുതുക്കാത്തത് ഓർമിക്കാതെ വിമാനത്താവളത്തിലെത്തിയ മലയാളികളായ നിരവധി പേർക്ക് യാത്ര മുടങ്ങി. സീസണിൽ വൻ തുക നൽകി ടിക്കറ്റെടുത്ത് ചെക്ക് ഇൻ, എമിഗ്രേഷൻ കൗണ്ടറുകളിലെത്തുമ്പോഴാണ് പാസ്പോർട്ടിന്റെ കാലാവധി തീർന്ന വിവരം പലരും മനസിലാക്കുന്നത്. വിമാനം പുറപ്പെടുന്നതിന് രണ്ടോ മൂന്നോ മണിക്കൂർ മുൻപ് മാത്രം അറിയുന്നതിനാൽ വിമാന ടിക്കറ്റ് തുക റീഫണ്ട് ചെയ്യുകയുമില്ല. വേനലവധി പ്രമാണിച്ച് നാട്ടിലേക്ക് തിരിക്കാനിരുന്ന കണ്ണൂർ സ്വദേശിയായ കരീമിനും ഇക്കാരണത്താൽ വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായത്. രണ്ടാമത്തെ മകളുടെ പാസ്പോർട്ട് കാലാവധി കഴിഞ്ഞത് എയർപോർട്ടിലെ ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുമ്പോഴാണ് കരീം ശ്രദ്ധിക്കുന്നത്. പതിനാലുകാരിയായ മകളെ വിദേശത്തു നിർത്തി ഭാര്യയെയും മറ്റ് മക്കളെയും നാട്ടിലേക്ക് കയറ്റിവിടുകയാണ് കരീം ചെയ്തത്. താമസിയാതെ പുതിയ പാസ്പോർട്ട് എടുത്ത് മൂന്ന് ദിവസത്തിനകം മകളെയും നാട്ടിലെത്തിച്ചു. സീസണായതിനാൽ വിമാന ടിക്കറ്റിന് ഉയർന്ന വില നൽകേണ്ടി വന്നെന്ന് കരീം പറയുന്നു. ഇതുപോലെ മുതിർന്നവരുടെയും കുട്ടികളുടെയും വീസ കാലാവധി കഴിഞ്ഞതറിയാതെ വിമാനത്താവളത്തിൽ എത്തി മടങ്ങുന്നവരും ഉണ്ടെന്ന് സാമൂഹിക പ്രവർത്തകൻ ബി.സി.അബൂബക്കർ പറഞ്ഞു. ഇത്തരത്തിൽ യാത്ര മുടങ്ങിയവർ എംബസിയുടെ ഇടപെടലിലൂടെയാണ് പെട്ടെന്ന് പാസ്പോർട്ട് എടുത്ത് വീണ്ടും ടിക്കറ്റും ബുക്ക് ചെയ്ത് നാട്ടിലേക്ക് പോകുന്നത്. അതേസമയം പാസ്പോർട്ട് നഷ്ടപ്പെട്ടതിനെ തുടർന്ന് നാട്ടിലേക്ക് തിരിക്കാനിരുന്ന തൃശൂർ സ്വദേശിയുടെ കുടുംബത്തിനും സാമ്പത്തിക ബാധ്യതയാണുണ്ടായത്. നാട്ടിലേക്ക് ടിക്കറ്റെടുത്ത ശേഷമാണ് പാസ്പോർട്ട് നഷ്ടപ്പെട്ട വിവരം പുന്നയൂർക്കുളം സ്വദേശി റസീന അറിയുന്നത്. ഉടൻ തന്നെ ടിക്കറ്റ് റദ്ദാക്കി. അബുദാബിയിൽ താമസിക്കുന്ന റസീന ദുബായിലെത്തിയാണ് പരാതി നൽകിയത്. കാരണം ദുബായിൽ വച്ചാണ് പാസ്പോർട്ട് നഷ്ടപ്പെട്ടെന്നാണ് റസീന കരുതുന്നത്. എമിഗ്രേഷൻ, പൊലീസ് സ്റ്റേഷൻ, എംബസി എന്നിവിടങ്ങളിലെല്ലാം കയറിയിറങ്ങി. സ്വദേശി വനിതയായ മുതിർന്ന ഉദ്യോഗസ്ഥയുടെ സഹായത്തോടെ കാര്യങ്ങൾക്ക് വേഗത്തിൽ നീക്കുപോക്കുണ്ടായി. ഇന്ത്യൻ എംബസിയിലെ നടപടികൾ വേഗത്തിലാക്കാൻ സാമൂഹിക പ്രവർത്തകൻ ബി.സി.അബൂബക്കർ സഹായിച്ചെന്ന് റസീന നന്ദിയോടെ പറയുന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9