കേരളത്തിലെ മത്സ്യമേഖല പ്രതിസന്ധിയിൽ. സംസ്ഥാനത്ത് നിന്നുള്ള ചെമ്മീൻ കയറ്റുമതിയിൽ ഇടിവ് വന്നതോട് മത്സ്യ മേഖല കടുത്ത പ്രതിസന്ധി നേരിടുകയാണ്. അമേരിക്കയും ജപ്പാനും രാജ്യങ്ങളിലേക്കുള്ള ചെമ്മീൻ ഇറക്കുമതി നിരോധിച്ചതും നിയന്ത്രിച്ചതുമാണ് തിരിച്ചടിയായത്. കടലാമ സംരക്ഷണത്തിന്റെ പേരിലാണ് അമേരിക്ക ചെമ്മീൻ ഇറക്കുമതി നിരോധിച്ചത്. എന്നാൽ സാമ്പത്തിക മാന്ദ്യം മൂലമാണ് ജപ്പാൻ ചെമ്മീൻ ഇറക്കുമതി കുറച്ചിരിക്കുന്നത്. നേരത്തെ ശേഖരിച്ചുവച്ചിട്ടുള്ള ചെമ്മീൻ തന്നെ വിറ്റുപോയിട്ടില്ലെന്നാണ് ജപ്പാൻ കമ്പനികൾ പറയുന്നത്. അതിനാൽ നേരത്തേ സ്റ്റോക്ക് ചെയ്തിരുന്ന ചരക്കും അയയ്ക്കാൻ കഴിയാത്ത അവസ്ഥയാണ്. യുകെ ഉൾപ്പെടെയുള്ള രാജ്യങ്ങളും ഇറക്കുമതി നിയന്ത്രിക്കുന്നുണ്ട്. അതിന് പുറമെ സംസ്ഥാനത്ത് നിന്ന് ചെമ്മീൻ വളരെ വില കുറച്ചാണ് ചൈന എടുക്കുന്നത്. ഇക്കാരണങ്ങളാൽ സമുദ്രോത്പന്ന കയറ്റുമതി മേഖല കടുത്ത പ്രതിസന്ധിയിലാണ്. നിലവിൽ ഏറ്റവുമധികം കടൽച്ചെമ്മീൻ ലഭിക്കുന്ന സമയമാണിത്. പൂവാലൻ ഇനത്തിൽപ്പെട്ട ചെമ്മീൻ സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും ലഭിക്കുന്നുണ്ട്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9 നേരത്തെ 220 രൂപ വരെയാണ് കിലോയ്ക്ക് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് 65-80 രൂപ നിരക്കിലാണുള്ളത്. പൂവാലന്റെ വിലയിലെ കുത്തനെയുള്ള ഇടിവ് ചെറിയ ചെമ്മീൻ വിഭാഗത്തിലുള്ള എല്ലാ ചെമ്മീനുകളുടെയും വില ഇടിയാൻ കാരണമായിട്ടുണ്ട്. കയറ്റുമതി നിലച്ചതോടെ മത്സ്യസംസ്കരണ ഫാക്ടറികളിൽ പണിയെടുക്കുന്നവർ പ്രതിസന്ധിയിലായി. സ്ത്രീതൊഴിലാളികൾ ജോലിചെയ്യുന്ന പീലിങ് ഷെഡ്ഡുകൾ വരെ അടച്ചിട്ടിരിക്കുകയാണ്. അമേരിക്കയുടെ ചെമ്മീൻ നിരോധനം നീക്കം ചെയ്യുന്നതിന് സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള ഇടപെടലുകൾ നടക്കുന്നുണ്ടെന്ന് സീഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് അലക്സ് കെ. നൈനാൻ പറഞ്ഞു. മേഖലയിലെ ആയിരങ്ങൾ പട്ടിണിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ മത്സ്യ കയറ്റുമതിയെ രക്ഷിക്കാൻ ബാധ്യതയുള്ള എം.പി.ഇ.ഡി.എ. ഇടപെടൽ നടത്തണമെന്ന് സീഫുഡ് പ്രോസസ് സപ്ലയേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സുബൈർ പള്ളുരുത്തിയും അഭിപ്രായപ്പെട്ടു. പ്രശ്നപരിഹാരത്തിന് സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ചെമ്മീൻ കിട്ടിയിട്ടും ജീവിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജും ചൂണ്ടിക്കാട്ടി.