അവധിക്കായി നാട്ടിലേക്ക് മടങ്ങാൻ വിമാന ടിക്കറ്റ് നിരക്ക് കുറയുന്നതും നോക്കി കാത്തിരുന്ന പ്രവാസികൾക്ക് തിരിച്ചടി. മധ്യവേനലവധി തുടങ്ങി രണ്ടാഴ്ച കഴിഞ്ഞിട്ടും ടിക്കറ്റ് നിരക്കിൽ മാറ്റമില്ല. അതേസമയം ഓഗസ്റ്റ് 15ന് ശേഷം കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് കൂടിയിട്ടുണ്ട്. നിലവിലെ നിരക്ക് അനുസരിച്ച് ഓഗസ്റ്റ് 21ന് ദുബായിൽ നിന്ന് നാട്ടിലെത്തി തിരിച്ചുവരാൻ നാലംഗ കുടുംബത്തിന് ഏകദേശം രണ്ടര ലക്ഷം രൂപ വേണ്ടിവരും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9 തിരക്കില്ലാത്ത സമയത്തേക്കാൾ അഞ്ച് ഇരട്ടിയാണിത്. നേരിട്ടുള്ള വിമാനത്തിൽ വെറും നാല് മണിക്കൂർ യാത്രയ്ക്ക് എടുത്തിരുന്ന സ്ഥാനത്ത് ഇത്ര തുക നൽകിയാൽ പോലും കണക്ഷൻ ഫ്ലൈറ്റിലൂടെ 24 മണിക്കൂർ എടുത്തുവേണം യാത്ര ചെയ്യാൻ. കേരളത്തിലെ വിവിധ സെക്ടറുകളിലേക്കുള്ള വിമാന സർവീസുകളുടെ എണ്ണം കൂടിയിട്ടും ഈ സീസണിൽ വൻ തുകയാണ് ടിക്കറ്റിനത്തിൽ വേണ്ടി വരുന്നത്. വിശേഷാവസരങ്ങളിൽ പ്രത്യേകമായി വേനലവധി,ഓണം, വിഷു, ഈസ്റ്റർ, പെരുന്നാൾ, ക്രിസ്മസ്, പുതുവർഷം തുടങ്ങിയ സമയങ്ങളിലെല്ലാം എയർലൈനുകൾ നേരത്തെ കൂട്ടി ഓൺലൈനിൽ നിരക്കുകൾ ഉയർത്തിവയ്ക്കാറുണ്ട്. മാസങ്ങൾക്കു മുൻപ് ടിക്കറ്റ് എടുത്താലും ഇരട്ടിയിലേറെ തുക നൽകേണ്ടി വരും. അവധി മുൻകൂട്ടി ആസൂത്രണം ചെയ്യാൻ പറ്റാത്തവർക്ക് ആകട്ടെ അവസാന നിമിഷം ടിക്കറ്റ് എടുക്കുമ്പോൾ അഞ്ചിരട്ടിയോളം തുക നൽകേണ്ടി വരുന്നുമുണ്ട്. ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്നും അധിക സർവീസ് ഏർപ്പെടുത്തണമെന്നുമുള്ള യാത്രക്കാരുടെ ആവശ്യത്തിന് ഇതുവരെയും അനുകൂല പ്രതികരണമില്ല.