അമേരിക്കയിലെ തെരുവുകളിൽ പെർഫ്യൂം വിറ്റുനടന്നിരുന്ന കബീർ ജോഷിയുടെ ജീവിതം മാറ്റിമറിച്ചത് അവസരങ്ങളുടെ നാടായ ദുബായിയാണ്. അന്നാന്നത്തെ ഭക്ഷണത്തിന് വേണ്ടി തെരുവിൽ പണിയെടുത്തിരുന്ന ജോഷി ഇന്ന് 1.5 ബില്യൺ ദിർഹം മൂല്യമുള്ള യുഎഇയിലെ ഒരു പ്രോപ്പർട്ടി നിക്ഷേപത്തിൻ്റെയും പ്രമുഖ റിയൽ എസ്റ്റേറ്റ് ഡെവലപ്പറിൻ്റെയും സിഇഒ ആണ്. “എന്റെ രക്തത്തിലും ദുബായിയുണ്ട്. തിരികെ പോയി മറ്റെവിടെയെങ്കിലും ജീവിക്കുമെന്നത് സ്വപ്നത്തിൽ പോലും ചിന്തിക്കാൻ കഴിയില്ല.”എന്നാണ് വാൻ്റേജ് ക്യാപിറ്റൽ ആൻഡ് വാൻ്റേജ് പ്രോപ്പർട്ടീസിൻ്റെ സ്ഥാപകനും സിഇഒയുമായ കബീർ ജോഷി പറയുന്നത്. മറ്റൊരു രാജ്യവും നൽകാത്ത അവസരങ്ങളാണ് ദുബായ് തനിക്ക് നൽകിയതെന്നും അദ്ദേഹം പറയുന്നു. ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച ജോഷിയുടെ പിതാവ് മിലിട്ടറിയിലായിരുന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9 ഓരോ 13-14 മാസങ്ങളിലും മറ്റൊരു പുതിയ നഗരത്തിലേക്ക് മാറുന്നതായിരുന്നു കുടുംബത്തിലെ രീതി. അതിനാൽ തന്നെ സുഹൃദ്ബന്ധങ്ങൾ അധികമുണ്ടായതുമില്ല. ചെറുപ്പത്തിൽ തന്നെ ജോഷി യുഎസിലേക്ക് കുടിയേറി. സെൻട്രൽ ഫ്ലോറിഡ സർവകലാശാലയിൽ ചേർന്നു. പഠനക്കാലയളവിൽ ജോഷി ആദ്യമായി ഇന്ത്യയിലേക്ക് ഒരു യാത്ര നടത്തി. പക്ഷെ സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും കീഴ്മേൽ മറിച്ചുകൊണ്ട് അവിടെ വച്ച് ഗുരുതരമായ അപകടമുണ്ടായി. ഇതേ തുടർന്ന് വലതു കൈ തളർന്നുപോയി. നിരവധി ശസ്ത്രക്രിയകളും ട്രാൻസ്പ്ലാന്റുമെല്ലാം നടത്തി. തുടർന്ന് ദീർഘകാലം പഞ്ചാബിൽ ചികിത്സയ്ക്ക് വിധേയനായി. പിന്നീട് വിദൂര വിദ്യാഭ്യാസത്തിലൂടെയാണ് ബിരുദം പൂർത്തിയാക്കിയത്. ചികിത്സയ്ക്കെല്ലാം ശേഷം തിരിച്ച് യുഎസിലെത്തിയപ്പോഴാണ് മൂന്നുവർഷത്തെ ബാച്ചിലേഴ്സ് ബിരുദത്തിന് ഒരു മൂല്യവുമില്ലെന്ന് മനസിലായത്. പിന്നീട് ജീവിത മാർഗത്തിനായി തെരുവിൽ പെർഫ്യൂം വിൽക്കാൻ ആരംഭിച്ചു. അപ്പോഴാണ് പെർമിറ്റ് ഇല്ലാത്തതിനാൽ അറസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികൾ നേരിടേണ്ടി വരുമെന്ന വസ്തുത തിരിച്ചറിയുന്നത്. തുടർന്ന് വാഷിംഗ്ടൺ ഡിസിയിലേക്ക് മാറി. അവിടെയൊരു കോൾ സെന്ററിൽ ജോലി തരപ്പെടുത്തി.
അവിടെ നിന്ന് റിയൽ എസ്റ്റേറ്റ് മേഖലയിലെ വെള്ളപ്പൊക്ക ഇൻഷുറൻസിനായി അണ്ടർ റൈറ്റിംഗ് നടത്തിയിരുന്ന യുഎസിലെ ഒരു സ്ഥാപനത്തിൽ ജോഷി ചേരുകയും അവിടെ ഒരു ബ്രോക്കറേജ് സ്ഥാപനത്തിൽ ചേരുകയും ചെയ്തതോടെ റിയൽ എസ്റ്റേറ്റിനെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചു. 2003-ൽ ന്യൂയോർക്കിൽ നടന്ന ഒരു ദുബായ് പ്രോപ്പർട്ടി ഷോയിൽ പങ്കെടുത്തപ്പോഴാണ് റിയൽ എസ്റ്റേറ്റ് ഫ്രറ്റേണിറ്റിയിലെ മുതിർന്ന അംഗമായ ഷഹാബ് ലുത്ഫിയെ കണ്ടുമുട്ടാൻ അവസരം ലഭിച്ചത്. ദുബായിയെ കുറിച്ച് ഒന്നും അറിയാതിരുന്ന ജോഷിക്ക് ഒരു കാര്യം വ്യക്തമായി. ലോകത്തെ റിയൽ എസ്റ്റേറ്റ് മേഖലയിൽ കുതിച്ചുയരുന്ന വിപണിയാണ് ദുബായിലേത് എന്ന്. 2004ൽ ദുബായിയെ കുറിച്ച് പഠിക്കാനും അറിയാനുമായി ജോഷിയെത്തി. ദുബായ് ഹോൾഡിംഗിൻ്റെ സെയിൽസ് ടീമിൽ ജോലി നേടി. പിന്നീട് ഈ നഗരമായി ജോഷിയുടെ വീട്. ലോകമെമ്പാടുമുള്ള ഇടപാടുകാർക്ക് വസ്തുവകകൾ വിൽക്കുന്ന തരത്തിൽ റിയൽ എസ്റ്റേറ്റിൽ അദ്ദേഹം ശോഭിച്ചു. നൂർ ബാങ്കിലെ റിയൽ എസ്റ്റേറ്റ് മേധാവിയായിട്ടായിരുന്നു ജോഷി ജോലി ചെയ്തിരുന്നത്. 2019ൽ ദുബായ് ഇസ്ലാമിക് ബാങ്ക് നൂർ ബാങ്കിനെ ഏറ്റെടുത്ത് കഴിഞ്ഞപ്പോൾ, സ്വന്തമായി ഒരു സ്ഥാപനം ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു. റിയൽ എസ്റ്റേറ്റ് ഉപദേശങ്ങൾ, ഇക്വിറ്റി ഘടനകൾ, പ്രോജക്റ്റ് വികസനം തുടങ്ങി വിവിധ കാര്യങ്ങളിൽ സ്വാധീനം ചെലുത്തുന്ന വാൻ്റേജ് പ്രോപ്പർട്ടീസ് ആരംഭിച്ചു. നിലവിൽ 12 പേരടങ്ങുന്ന ടീമാണ് ജോഷിക്കുള്ളത്, അടുത്ത മൂന്ന് മാസത്തിനുള്ളിൽ ഇത് ഇരട്ടിയാക്കാനാണ് ജോഷി ലക്ഷ്യമിടുന്നത്. “ഞങ്ങൾക്ക് ഏകദേശം 370 മില്യൺ ദിർഹം മൂല്യമുള്ള ഇൻവെൻ്ററി വികസിപ്പിച്ചുകൊണ്ടിരിക്കുന്നു, കൂടാതെ കുറച്ച് പ്ലോട്ടുകൾ ഏറ്റെടുക്കലിലാണ്, ഇത് കമ്പനിയുടെ മൂല്യം 1 ബില്യൺ ദിർഹത്തിന് മുകളിലേക്ക് ഉയർത്തും. വളരെ വേഗത്തിൽ വളരുന്ന സ്ഥാപനമായി ഇത് മാറി. ” എന്ന് ജോഷി പറയുന്നു. ജീവിതത്തിലെടുത്ത ശരിയായ തീരുമാനങ്ങളിലൊന്നായിരുന്നു ദുബായിലേക്ക് മാറുകയെന്നത്. ആ തീരുമാനം ജീവിതത്തിന്റെ വഴിത്തിരിവായെന്നും അദ്ദേഹം സന്തോഷത്തോടെ പറയുന്നു.