കഴിഞ്ഞ വർഷം യൂറോപ്യൻ യാത്രയ്ക്കായി ഷെങ്കൻ വിസ അപേക്ഷകൾ നിരാകരിക്കപ്പെട്ടതിനെ തുടർന്ന് യുഎഇ നിവാസികൾക്ക് വൻ തുക നഷ്ടമായെന്ന് റിപ്പോർട്ട്. ഏകദേശം 16.8 മില്യൺ ദിർഹമാണ് നഷ്ടമായത്. മുൻ വർഷത്തെ അപേക്ഷിച്ച് 2023ൽ ഷെങ്കൻ വിസ അപേക്ഷകൾ നിരാകരിക്കപ്പെട്ടവരുടെ എണ്ണത്തിൽ 25 ശതമാനം വർധനവുണ്ടായിട്ടുണ്ട്. 2024 ജൂൺ 11 വരെ ഷെങ്കൻ വിസയ്ക്ക് അപേക്ഷിക്കുന്നതിന് ഏകദേശം 320 ദിർഹമാണ് ചെലവായിരുന്നത്. ഇതിന് പുറമെ സേവന ഫീസും നൽകണമായിരുന്നു. ഈ വർഷം ജൂൺ 11 മുതൽ യൂറോപ്യൻ കമ്മീഷൻ ഷെങ്കൻ വിസകളുടെ (വിസ ടൈപ്പ് സി) വിലയിൽ ആഗോളതലത്തിൽ 12 ശതമാനം വർദ്ധനവ് പ്രഖ്യാപിച്ചു. 2023-ൽ യുഎഇ നിവാസികൾ മൊത്തം 233,932 ഷെഞ്ചൻ വിസ അപേക്ഷകൾ സമർപ്പിച്ചതായി റിപ്പോർട്ട് പറയുന്നു. 2022 നെ അപേക്ഷിച്ച് 24.97 ശതമാനം വർധനവുണ്ടായി. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ പേർ ഷെങ്കൻ വിസയ്ക്ക് അപേക്ഷിച്ച രാജ്യങ്ങളിൽ പത്താം സ്ഥാനത്താണ് യുഎഇ. യുഎഇയിൽ നിന്ന് അപേക്ഷിക്കുന്ന പ്രവാസികൾക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലം ജർമനിയാണ്. 2023-ൽ മൊത്തം 26,024 വിസ അപേക്ഷകളാണ് ജർമനിയിലേക്ക് പോകുന്നതിനായി സമർപ്പിക്കപ്പെട്ടത്. അതേസമയം, യുഎഇയിൽ നിന്നുള്ള ഏറ്റവും കൂടുതൽ വിസ അപേക്ഷകൾ നിരസിച്ചതും ജർമനി തന്നെയാണ്. 26,024 വിസകളിൽ 6,283 എണ്ണം നിരസിച്ചു. ഏറ്റവും കുറവ് വിസ അപേക്ഷകൾ ലിത്വാനിയയ്ക്ക് ആയിരുന്നു ലഭിച്ചത്. 327 അപേക്ഷകളായിരുന്നു സമർപ്പിച്ചത്. യുഎഇയിൽ നിന്നുള്ളവർക്ക് ഏറ്റവും കൂടുതൽ ഷെങ്കൻ വിസ അനുവദിച്ചത് സ്പെയിനാണ്. വിസ ലഭിക്കാൻ ഏറ്റവും എളുപ്പമുള്ളത് പോളണ്ടാണ്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9