സിനിമയെ വെല്ലുന്ന ഹൃദയസ്പർശിയായ സൗഹൃദകഥയാണ് വൈശാഖ് സുരേന്ദ്രൻ്റേയും കൂട്ടുകാരുടേയും. 15 വർഷം മുമ്പ് അബുദാബിയിലെത്തിയ വൈശാഖിന്റെ ജീവിതം ഒരു റോളർകോസ്റ്റർ പോലെയായിരുന്നു. ഹെൽപ്പർ ജോലിയിൽ നിന്ന് ബിസിനസ് ആരംഭിക്കുകയും അവസാനം വഞ്ചിക്കപ്പെട്ട് ജയിലിലടയ്ക്കപ്പെട്ടപ്പോൾ വൈശാഖിന് തുണയായത് സുഹൃദ്ബന്ധം മാത്രമായിരുന്നു. സുഹൃത്തുക്കളായ അർഷാദ് അബ്ദുൾ അസീസ്, അഹമ്മദ് ഫാരിസ്, അജ്ഞാതനായി തുടരാൻ ആഗ്രഹിക്കുന്ന മൂന്നാമതൊരാൾ എന്നിവരുടെ കാരുണ്യം വൈശാഖിനൊപ്പം എപ്പോഴുമുണ്ടായിരുന്നു. 2009ലാണ് വൈശാഖ് അബുദാബിയിലെത്തിയത്. ഒരു കമ്പനിയിൽ 1,300 ദിർഹം ശമ്പളത്തിന് ഹെൽപ്പറായാണ് ആദ്യം ജോലിക്ക് കയറിയത്. 2013ൽ മറ്റൊരു കമ്പനിയിൽ 2300 ദിർഹത്തിന് സെയിൽസ്മാനായി ജോലി ആരംഭിച്ചു. 2015ന് ശേഷം അബുദാബിയിലെ മുസ്സഫയിൽ ഒരു പങ്കാളിയുമായി ഒരു ട്രേഡിംഗ് കമ്പനി ആരംഭിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9 സമ്പാദ്യമെല്ലാം ഈ കമ്പനിയിൽ നിക്ഷേപിച്ചു. നിർഭാഗ്യവശാൽ ബിസിനസ് പങ്കാളി ആദ്യ മാസങ്ങൾക്ക് ശേഷം ബിസിനസിൽ നിന്ന് പിൻവാങ്ങി. 2017-ഓടെ, ബിസിനസ് നഷ്ടത്തിലേക്ക് കൂപ്പുകുത്തി. അതേസമയത്തായിരുന്നു ഒരു ബന്ധുവിന്റെ ചതിക്കും വൈശാഖ് ഇരയായത്. ബന്ധുവായ വ്യക്തി കമ്പനിയുടെ പേരിൽ ഗ്യാരൻ്റി ചെക്കുകൾ എടുത്ത് വൻതുക സ്വരൂപിച്ചു. ഗ്യാരൻ്റി ചെക്കുകൾ ഉപയോഗിച്ച് റാസൽഖൈമയിൽ വാടകയ്ക്ക് ഒരു ഫ്ലാറ്റും എടുത്തു.
എന്നാൽ ബാങ്കിൽ പണം തിരിച്ചടയ്ക്കാറായപ്പോൾ അക്കൗണ്ടിൽ പണമില്ലാത്തതിനാൽ ചെക്കുകൾ ബൗൺസായി. വൻതുക സ്വരൂപിച്ചത് വൈശാഖ് അല്ലെങ്കിലും കമ്പനിയുടെ പേരിലായതിനാൽ വൈശാഖ് ദുരിതത്തിലായി. തുടർന്ന് ആറോളം കേസുകളുണ്ടായി. ഒരു വർഷത്തോളം ജയിലിൽ കിടന്നു. ഈ സമയത്തിലുടനീളം സഹായത്തിനുണ്ടായത് സുഹൃത്തുക്കളാണെന്ന് വൈശാഖ് പറയുന്നു. അബുദാബിയിൽ താമസിക്കുന്ന അർഷാദ് അബ്ദുൾ അസീസിന് സ്കൂൾ കാലം മുതൽ വൈശാഖിനെ അറിയാം. സുഹൃത്തിന്റെ സാഹചര്യം മോശമായപ്പോൾ അസ്സീസ്, ഫാരിസ്, തുടങ്ങിയ സുഹൃത്തുക്കൾ വൈശാഖിന്റെ പ്രതിമാസ വീട്ടുവാടകയും ഭക്ഷണവും നൽകാൻ തീരുമാനിക്കുകയായിരുന്നു. വീട്ടിലെത്തി അടിയന്തര സാഹചര്യങ്ങളിൽ സഹായിക്കുകയും ചെയ്തു. അവസാനം കോടതി കേസ് തീർപ്പാക്കാൻ സുഹൃത്തുക്കൾ ചേർന്ന് 23,000 ദിർഹം കണ്ടെത്തി. നിയമവ്യവഹാരങ്ങൾ അവസാനിപ്പിച്ച് വൈശാഖിനെ നാട്ടിലെത്തിക്കാമെന്നായിരുന്നു അവർ വിചാരിച്ചിരുന്നത്. അപ്പോഴാണ് 2019 മുതൽ തീർപ്പുകൽപ്പിക്കാത്ത ഓവർസ്റ്റേ കുടിശ്ശികയെക്കുറിച്ച് അറിഞ്ഞത്. ഓവർസ്റ്റേ പിഴ 30,000 ദിർഹത്തിൽ കൂടുതലാണ്. കമ്പനി ഫോൺ ബില്ലുകളുടെ മറ്റൊരു കുടിശ്ശികയുമുണ്ട്. ആകെ 40,000ത്തിലധികം ദിർഹം അടയ്ക്കണം. അത്രയും തുക തങ്ങൾക്ക് സമാഹരിക്കാൻ കഴിയുന്നതിലും കൂടുതലാണെന്ന് സുഹൃത്തുക്കൾ പറയുന്നു. എട്ട് വർഷമായി വൈശാഖ് നാട്ടിൽ പോയിട്ട്, മകനെ കാണാൻ പോലും വൈശാഖിന് സാധിച്ചിട്ടില്ല. ഭാര്യ നാട്ടിൽ പാർട്ട്ടൈം ജോലി ചെയ്തും കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. സുഹൃത്തുക്കളുടെ സഹായത്തോടെ ഈ പോരാട്ടം തുടരുമെന്നും ഒരു ദിവസം നാട്ടിലേക്ക് മടങ്ങാൻ സാധിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് വൈശാഖ് ഓരോ ദിവസവും ജീവിതം തള്ളി നീക്കുന്നത്.