ആഗോളതലത്തിലുണ്ടായ വിൻഡോസ് സാങ്കേതിക തകരാറിനെ തുടർന്ന് യുഎഇയിലെ കച്ചവട സ്ഥാപനങ്ങൾ ഓൺലൈൻ പേയ്മെന്റ് സംവിധാനം താത്കാലികമായി നിർത്തിവച്ചു. പലചരക്ക് സാധനങ്ങൾക്ക് മുതൽ വാഹനത്തിൽ ഇന്ധനം നിറയ്ക്കുന്നതിന് വരെ ഓൺലൈൻ പേയ്മെന്റുകൾ സ്ഥാപനങ്ങൾ താത്കാലികമായി റദ്ദാക്കിയതോടെ പണത്തിനായി പലരും നെട്ടോട്ടമോടി. പ്രാദേശിക പലചരക്ക് കടയിൽ നിന്ന് വെള്ളവും പാലും മാത്രം വാങ്ങിയ ദുബായ് നിവാസി കയ്യിൽ പണമില്ലാതെ വന്നതോടെ ബുദ്ധിമുട്ടിലായെന്ന് അനുഭവം പങ്കുവച്ചു. എടിഎമ്മിൽ നിന്ന് പണം എടുക്കാൻ കഴിയാത്ത സാഹചര്യമുണ്ടായെന്നും അവസാനം സുഹൃത്തിൽ നിന്ന് പണം കടംവാങ്ങിയാണ് കടയിൽ വാങ്ങിച്ച സാധനങ്ങൾക്കുള്ള തുക നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ദുബായ് നിവാസിയായ ഗീതാലക്ഷ്മി രാമചന്ദ്രൻ പെട്രോൾ സ്റ്റേഷനിൽ പണം തന്നെ നൽകണമെന്ന നിർദേശം കേട്ടപ്പോൾ ആശ്ചര്യപ്പെട്ടെന്നും ഭാഗ്യവശാൽ നൽകാനുള്ള കൃത്യം തുകയുണ്ടായിരുന്നെന്നും അവർ തന്റെ അനുഭവം പറഞ്ഞു. അബുദാബിയിലെ ചെറുതും വലുതുമായ ചില റീട്ടെയിൽ സ്റ്റോറുകളുടെ പ്രവർത്തനങ്ങളെ സാങ്കേതിക തകരാറുകൾ ഏതാനും മണിക്കൂറുകൾ ബാധിച്ചെങ്കിലും സാധാരണ പ്രവർത്തനത്തിലേക്ക് മടങ്ങിയതായാണ് റിപ്പോർട്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9 അതേസമയം, ഹൈപ്പർമാർക്കറ്റുകളുടെയും റീട്ടെയിൽ സ്ഥാപനങ്ങളുടെയും ശൃംഖലയായ ലുലു ഗ്രൂപ്പിൻ്റെ പ്രവർത്തനങ്ങളിൽ തകരാറുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ലുലു ഗ്രൂപ്പിൻ്റെ സിഐഒ മുഹമ്മദ് അനീഷ് പറഞ്ഞു.
സാങ്കേതിക തകരാറിനെ തുടർന്ന് വിമാന സർവീസുകളും വൈകി. ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനത്തെയും ബാധിച്ചു. യുഎഇ ആസ്ഥാനമായുള്ള ട്രാവൽ ഏജൻസികളും പ്രശ്നങ്ങൾ നേരിട്ടു. തങ്ങളുടെ പ്ലാറ്റ്‌ഫോമിനെ സാങ്കേതിക തകരാർ ബാധിച്ചതായി അൽഹിന്ദ് ബിസിനസ് സെൻ്ററിൽ നിന്നുള്ള നൗഷാദ് ഹസ്സൻ പറഞ്ഞു. “യുഎഇയിലെ 1800-ലധികം ഏജൻസികൾ ഞങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നുണ്ട്, എയർലൈനുകൾക്ക് അവരുടെ ഏറ്റവും പുതിയ നിരക്കുകൾ അപ്‌ലോഡ് ചെയ്യാൻ കഴിഞ്ഞില്ല. അതിനാൽ ഒന്നോ രണ്ടോ ഒഴികെയുള്ള എല്ലാ എയർലൈനുകളുടെയും നിരക്കുകൾ ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ അപ്‌ഡേറ്റ് ചെയ്തിട്ടില്ല. ഇതിനർത്ഥം പല ഏജൻസികൾക്കും ഇപ്പോൾ ടിക്കറ്റ് നൽകാൻ കഴിയുന്നില്ല എന്നാണ്. യാത്രക്കാർക്ക് ചെക്ക് ഇൻ ചെയ്യാൻ കഴിയാത്തതിനാൽ പല വിമാനങ്ങളും വൈകി. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. എത്രയും വേഗം പ്രശ്ന പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്“ എന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഡെലിവറി, റൈഡ്-ഹെയ്‌ലിംഗ് ആപ്പ് കരീം തങ്ങളുടെ പ്രവർത്തനങ്ങളെയും സേവനങ്ങളെയും പ്രശ്നം ബാധിച്ചിട്ടില്ലെന്ന് അറിയിച്ചു.