ആഗോളതലത്തിൽ മൈക്രോസോഫ്റ്റിന്റെ വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുണ്ടായ സാങ്കേതിക തടസത്തെ തുടർന്ന് വിവിധ സേവനങ്ങൾ തടസപ്പെട്ടിരുന്നു. ആയിരകണക്കിന് വിമാന സർവീസുകൾ റദ്ദാക്കുകയും പലതും വൈകി സർവീസ് നടത്തുകയുമാണ് ചെയ്തത്. ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ചെക്ക് ഇൻ സേവനങ്ങൾ ഉൾപ്പെടെ തടസപ്പെട്ടിരുന്നു. ബദൽ മാർഗമായി മാന്വലായാണ് പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. ബോർഡിംഗ് പാസുകൾ കൈകൊണ്ട് എഴുതി നൽകിയതിൻറെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഭൂതകാലത്തേക്കുള്ള മടങ്ങിപ്പോക്കെന്നായിരുന്നു പലരും ചിത്രങ്ങൾക്ക് കമന്റ് ചെയ്തിരുന്നത്. ഈ ചിത്രങ്ങൾക്ക് വിമാനക്കമ്പനിയായ ഇൻഡിഗോയാണ് ഇപ്പോൾ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
ഇൻഡിഗോ വിമാനടിക്കറ്റിൽ ബോർഡിംഗ് പാസ് എഴുതി നൽകിയതിന്റെ ചിത്രം അക്ഷയ് കോത്താരി എന്ന എക്‌സ് യൂസർ പങ്കുവെച്ചത് ലക്ഷക്കണക്കിന് പേരാണ് കണ്ടത്. ചിത്രം വൈറലായതോടെയാണ് ഇൻഡിഗോ പ്രതികരണം അറിയിച്ചിരിക്കുന്നത്. ‘അപ്രതീക്ഷിതമായ തിരിച്ചടികൊണ്ടാണ് ബോർഡിംഗ് പാസ് എഴുതി നൽകേണ്ടിവന്നത്. ഈ ഐടി പ്രതിസന്ധിക്കിടെ ക്ഷമയോടെ സഹകരിച്ച യാത്രക്കാർക്ക് നന്ദിയറിയിക്കുന്നു. റെട്രോ വൈബുള്ള ബോർഡിംഗ്-പാസ് നിങ്ങളുടെ യാത്ര കൂടുതൽ അവിസ്മരണീയമാക്കിയിരിക്കുന്നു. ക്ലാസിക് ടച്ച് ആസ്വദിക്കുക, സുരക്ഷിതമായ യാത്ര നേരുന്നു’ എന്നായിരുന്നു ഇൻഡിഗോയുടെ ട്വീറ്റ്. സാങ്കേതിക തകരാർ ഏറ്റവുമധികം ബാധിച്ച മേഖലകളിലൊന്ന് വ്യോമയാനമാണ്. ചില വിമാനത്താവളങ്ങളിൽ ഡിസ്പ്ലേ ബോർഡുകൾ വരെ പ്രവർത്തിക്കാതായതോടെ വൈറ്റ് ബോർഡുകളിൽ വിമാന സർവ്വീസ് വിവരങ്ങൾ എഴുതേണ്ടി വന്നിരുന്നു. അമേരിക്കയിലും യുകെയിലും ഓസ്ട്രേലിയയിലുമാണ് വിമാന സർവീസുകളധികവും റദ്ദാക്കിയത്.