യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ ദുരുപയോഗം ചെയ്ത് ഭീഷണിപ്പെടുത്തിയവർക്കെതിരെ നടത്തിയ നിയമപോരാട്ടം ഫലം കണ്ടു. പ്രതികളായ രണ്ട് പേരെ അജ്മാൻ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം, കാസർകോട് സ്വദേശികളാണ് പിടിയിലായത്. ഖത്തറിൽ കാർഗോ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന യുവതിയെ സമൂഹമാധ്യമത്തിലൂടെയാണ് പ്രതികൾ പരിചയപ്പെടുന്നത്. തുടർന്ന് സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കുകയും പിന്നീട് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയുമായിരുന്നു. സംഘത്തിൽ ഇനിയും അംഗങ്ങളുണ്ടെന്ന് സംശയമുണ്ട്. ഒരു യുവതിക്കും പങ്കുണ്ടെന്നാണ് സൂചന. ഖത്തറിൽ കുടുംബസമേതമായിരുന്നു യുവതി താമസിച്ചിരുന്നത്. കാർഗോ കമ്പനിയുടെ പരസ്യങ്ങൾക്കായി ടിക്ടോക്, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിൽ യുവതി വിഡിയോ പോസ്റ്റ് ചെയ്യാറുണ്ട്. ഇത് കണ്ട പ്രതികൾ യുവതിയുമായി ബന്ധം സ്ഥാപിക്കുകയും ഫോൺ നമ്പർ കൈക്കലാക്കുകയുമായിരുന്നു. പിന്നീട് ഫോൺ വിളിച്ച് ശല്യം ചെയ്തപ്പോഴെല്ലാം നമ്പർ ബ്ലോക്ക് ചെയ്തെങ്കിലും മറ്റ് നമ്പറുകളിൽ നിന്ന് വിളിച്ചുകൊണ്ടിരുന്നു. അവസാനം പ്രശ്ന പരിഹാരത്തിനായി വിഡിയോ കോളിൽ വരാൻ പ്രതികൾ യുവതിയോട് ആവശ്യപ്പെട്ടു. എന്നാൽ വീഡിയോ കോളിൽ ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടായി. പിന്നീട് പ്രതികൾ യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല സൈറ്റുകളിൽ അപ്ലോഡ് ചെയ്യുകയായിരുന്നു. നാട്ടിൽ പരാതി നൽകിയെങ്കിലും പ്രതികൾ വിദേശത്തായതിനാൽ നടപടികൾ വൈകുകയായിരുന്നു. ഇതേതുടർന്ന് യുവതി യുഎഇയിലെത്തി തന്റെ കുടുംബം തകർത്ത പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് അജ്മാൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9