യുഎഇയിലെ പ്രശസ്തമായ കമ്പനിയിൽ സ്വപ്ന ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ അപേക്ഷ നൽകിയ യുവാവിന് സർട്ടിഫിക്കേഷന്റെ പേരിൽ ഏഴായിരം ദിർഹം നഷ്ടമായി. റിക്രൂട്ടറുടെ വേഷത്തിലെത്തിയ തട്ടിപ്പുകാർ അവസാന റൗണ്ട് ഇൻ്റർവ്യൂവിൽ യോഗ്യത നേടുന്നതിന് ഒരു സർട്ടിഫിക്കേഷൻ പൂർത്തിയാക്കേണ്ടതുണ്ടെന്ന് പറയുകയായിരുന്നു. റിക്രൂട്ടർ തന്നെ നിർദേശിച്ച സ്ഥാപനത്തിലാണ് കോഴ്സ് എടുക്കുകയും പൂർത്തിയാക്കുകയും ചെയ്തത്. കയ്യിൽ പണമില്ലാത്തതിനാൽ ക്രെഡിറ്റ് കാർഡിലെടുത്താണ് പണം നൽകിയത്. എന്നാൽ കോഴ്സ് പൂർത്തിയാക്കിയ ശേഷം റിക്രൂട്ടറെ കുറിച്ച് അന്വേഷിച്ചിട്ട് യാതൊരു വിവരവുമില്ലായിരുന്നു. ലിങ്ക്ഡ്ഇന്നിലെ പ്രൊഫൈൽ വരെ ഡിലീറ്റ് ചെയ്തതായാണ് കാണാൻ കഴിഞ്ഞത്. സമാനമായി ജോലി വാഗ്ദാനം ചെയ്ത് കോഴ്‌സ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പല തൊഴിലന്വേഷകരും സർട്ടിഫിക്കറ്റിനായി കോഴ്സ് ചെയ്യുന്നെങ്കിലും അവസാനം പറ്റിക്കപ്പെടുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്. ലിങ്ക്ഡ്ഇനിൽ തൻ്റെ അനുഭവത്തെക്കുറിച്ച് പോസ്റ്റ് ചെയ്തതിനു പിന്നാലെ സമാന സാഹചര്യമുണ്ടായതായി പലരും പറഞ്ഞെന്ന് 37കാരൻ പറഞ്ഞു. ഇന്ത്യൻ പ്രവാസി യുവതിയായ സംഗീത ഇന്ത്യയിൽ നിന്ന് ജോലിക്കായി ദുബായിലേക്ക് മാറാൻ ശ്രമിക്കുന്ന സമയത്ത് ലിങ്ക്ഡ്ഇന്നിലെ ഒരു റിക്രൂട്ടർ തന്നെ സമീപിച്ചെന്ന് പറയുന്നു. യൂണിവേഴ്സിറ്റിയിൽ നിന്ന് സർട്ടിഫിക്കേഷൻ നടത്താൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ആ സമയത്ത് മറ്റൊരു കോഴ്സ് ചെയ്യുകയായിരുന്നതിനാൽ റിക്രൂട്ടർ പറഞ്ഞ കോഴ്സ് ചെയ്തില്ല. ഒരു മാസത്തിന് ശേഷം റിക്രൂട്ടറുമായി ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴേക്കും അവരുടെ പ്രൊഫൈൽ ലിങ്ക്ഡ് ഇന്നിൽ നിന്ന് ഡിലീറ്റ് ചെയ്യപ്പെട്ടിരുന്നു. നേരത്തെ തട്ടിപ്പിന് ഇരയായ 37കാരന് നിർദേശിക്കപ്പെട്ട അതേ യൂണിവേഴ്സിറ്റിയാണ് തട്ടിപ്പുകാർ തനിക്കും നിർദേശിച്ചിരുന്നതെന്നും യുവതി മനസിലാക്കി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
അഭിമുഖത്തിൻ്റെ അടുത്ത റൗണ്ടിലേക്ക് പോകാൻ കമ്പനികൾ സർട്ടിഫിക്കേഷൻ ആവശ്യപ്പെടുന്നത് അസാധാരണമായ രീതിയാണെന്ന് ഷാർജ ആസ്ഥാനമായുള്ള കമ്പനിയായ സാഡെകോ ഡെക്കോറിൽ എച്ച്ആർ മാനേജരായി ജോലി ചെയ്യുന്ന മുഹമ്മദ് നസ്‌റുല്ല പറഞ്ഞു. “ആവശ്യമായ യോഗ്യതകൾ സാധാരണയായി ജോലി പോസ്റ്റിംഗിൽ മുൻകൂട്ടി പറയാറുണ്ട്,” അദ്ദേഹം പറഞ്ഞു. “പ്രശസ്ത കമ്പനികൾ അവർക്ക് ആവശ്യമായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ മാത്രമേ സമീപിക്കുകയുള്ളൂ.” അതിനാൽ തൊഴിലന്വേഷകർ ഇത്തരം കാര്യങ്ങൾ കേൾക്കുമ്പോൾ ജാഗ്രത പാലിക്കണം. സർട്ടിഫിക്കേഷനുകൾ പ്രസക്തവും അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ളതുമാണെങ്കിൽ തീർച്ചയായും നിങ്ങളുടെ സിവിക്ക് മൂല്യം കൂട്ടാനാകും. എന്നിരുന്നാലും, കമ്പനികൾ നിർദേശിക്കുന്ന കോഴ്സുകളുടെയും വാഗ്ദാനം ചെയ്യുന്ന യൂണിവേഴ്സിറ്റികളുടെയും വിശ്വാസ്യത പരിശോധിക്കേണ്ടതാണ്. മുൻകാലങ്ങളിൽ, യുഎഇയിൽ വ്യാജ സർട്ടിഫിക്കേഷൻ മുതൽ റിക്രൂട്ട്‌മെൻ്റ് ഫീസ് ചോദിക്കുന്നത് വരെയുള്ള നിരവധി തട്ടിപ്പുകൾക്ക് തൊഴിലന്വേഷകർ ഇരയായിട്ടുണ്ട്. വളരെ വ്യാപകമായി അറിയപ്പെടുന്ന ഒരു അഴിമതി, വ്യാജ റിക്രൂട്ട്‌മെൻ്റ് ഏജൻ്റുമാർ അപേക്ഷകരോട് പണം ചോദിക്കുന്നതായിരുന്നു. രജിസ്‌ട്രേഷൻ ഫീസ്, വിസ ചെലവുകൾ അല്ലെങ്കിൽ ഇൻഷുറൻസ് പേയ്‌മെൻ്റുകൾ എന്നിവയുടെ മറവിലാണ് പണം ഈടാക്കിയത്, ഇവയെല്ലാം യുഎഇയിൽ നിയമവിരുദ്ധമാണ്. പ്രശസ്ത സ്ഥാപനങ്ങളിൽ നിന്നുള്ള വ്യാജ സർട്ടിഫിക്കറ്റുകൾക്കും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ പരീക്ഷകൾക്കും ചിലരോട് പണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് രാജ്യത്ത് ശിക്ഷാർഹമായ കുറ്റമാണ്.