പൊതു ഗതാഗത സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ ഒരുങ്ങി ദുബായ് റോഡ് ഗതാഗത അതോറിറ്റി (ആർ ടി എ). ഇതിൻ്റെ ഭാഗമായി വിവിധ വലുപ്പത്തിലുള്ള 636 പുതിയ ബസുകൾ വാങ്ങുന്നതിനുള്ള കരാർ നൽകിയിട്ടുണ്ട്. 450 സിറ്റി ബസുകൾ, 146 ഡബിൾ ഡക്കർ ബസുകൾ, 40 ഇലക്ട്രിക് ബസുകൾ എന്നിവ ഇതിൽ ഉൾപ്പെടും. കുറഞ്ഞ കാർബൺ പുറന്തള്ളുന്ന യൂറോ 6 സ്പെസിഫിക്കേഷനോട് കൂടിയ ബസുകളാണ് വാങ്ങുന്നത്. നിശ്ചയ ദാർഢ്യവിഭാഗങ്ങൾക്ക് എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന രീതിയിലുള്ള ലോ ഫ്ലോർ ബസുകളാണ് നിരത്തിലെത്തുക. വൈഫൈ സേവനങ്ങൾ, മൊബൈൽ ഫോൺ റീചാർജിങ് പോയൻറുകൾ, യാത്ര സുഖകരമാക്കുന്ന രീതിയിലുള്ള സീറ്റ് സൗകര്യങ്ങൾ എന്നിവ പുതിയ ബസുകളുടെ സവിശേഷതയാണ്. ഈ വർഷം അവസനത്തോടെയും അടുത്ത വർഷത്തിൻ്റെ തുടക്കത്തിലും ബസുകൾ നിരത്തിൽ എത്തിക്കുമെന്നാണ് സൂചന. 2025 ഓടെ കാർബൺ മുക്തമാക്കുകയെന്ന ലക്ഷ്യത്തെ പിന്തുണക്കുന്ന രീതിയിലാണ് ബസിൻറെ രൂപകൽപനയും നിർമാണവും. കൂടാതെ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക നഗരമായി ദുബൈയെ മാറ്റുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച ഡി33 അജണ്ടയെ പിന്തുണക്കുന്നതാണ് തീരുമാനമെന്ന് ആർ.ടി.എ ബോർഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മതാർ അൽ തായർ പറഞ്ഞു.
ദുബായ് നിവാസികളുടെ പൊതു ഗതാഗത സംവിധാനങ്ങളുടെ ഉപയോഗം 2030ഓടെ 25 ശതമാനമായി വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് കൂടുതൽ ബസുകൾ നിരത്തിലിറക്കുന്നത്. ജനസാന്ദ്രതയുള്ള നഗരപ്രദേശങ്ങളിലും പുതിയ ജില്ലകളിലും ഭൂമിശാസ്ത്രപരമായ മാറ്റങ്ങൾക്ക് അനുസരിച്ച് ഉപയോഗിക്കാൻ കഴിയുന്ന രീതിയിലുള്ള സവിശേഷതകളാണ് ബസുകളിൽ ഉൾപ്പെടുത്തുന്നത്. കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാനും ബസുകൾക്ക് കഴിയും. നഗര-പ്രാന്ത പ്രദേശങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ യുനൈറ്റഡ് നേഷൻ വെഹിക്കിൾ കാറ്റഗറി ക്ലാസ് 11 വിഭാഗത്തിൽ ഉൾപ്പെട്ടതാണ് പുതിയ ബസുകൾ. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9