പ്രമുഖ പാകിസ്ഥാനി ഗായകൻ റാഹത് ഫത്തേ അലി ഖാനെ ദുബായിൽ അറസ്റ്റ് ചെയ്തെന്ന പ്രചരണത്തിൽ വ്യക്തത വരുത്തി അദ്ദേഹത്തിന്റെ അഭിഭാഷകൻ. അദ്ദേഹത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അഭിഭാഷകൻ ആശിഷ് മേത്ത വ്യക്തമാക്കി. അപകീർത്തിക്കേസിൽ റാഹത് ഫത്തേ അലി ഖാൻ അറസ്റ്റിലായെന്ന് പാക് മാധ്യമങ്ങൾക്ക് പുറമെ ഇന്ത്യൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. പാട്ടുകളുടെ റെക്കോർഡിംഗിനായി അദ്ദേഹം ദുബായിലുണ്ടെന്നും എന്നാൽ ഈ വാർത്ത തീർത്തും തെറ്റാണെന്നും ആശിഷ് മേത്ത പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9 അതേസമയം അറസ്റ്റ് പ്രചരണങ്ങളെ നിഷേധിച്ചു കൊണ്ട് ഗായകൻ തന്നെ ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ രംഗത്തെത്തി. പാട്ടുകൾ റെക്കോർഡ് ചെയ്യാനായി ദുബായിലാണെന്നും അടിസ്ഥാനരഹിതമായ കിംവദന്തികൾക്ക് ചെവികൊടുക്കരുതെന്നും അദ്ദേഹം വീഡിയോയിലൂടെ പറഞ്ഞു. ലോകമെമ്പാടുമുള്ള ആരാധകർ ഇത്തരം വ്യാജ വാർത്തകൾക്കും കിംവദന്തികൾക്കുമായി സമയം പാഴാക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. പ്രേക്ഷകരും ആരാധകരുമാണ് തന്റെ ശക്തിയെന്നും അവരെയെല്ലാം സ്നേഹിക്കുന്നെന്നും അദ്ദേഹം വീഡിയോയിൽ കൂട്ടിച്ചേർത്തു. പ്രശസ്ത ഗായയകനും ഗാനരചയിതാവും സംഗീത സംവിധായകനും കൂടിയായിരുന്ന അന്തരിച്ച നുസ്രത്ത് ഫത്തേ അലി ഖാൻ്റെ അനന്തരവനാണ് റാഹത് ഫത്തേ അലി ഖാൻ. ഖവാലിയിൽ പ്രാവീണ്യം നേടിയ അദ്ദേഹം ഇന്ത്യൻ, പാകിസ്ഥാൻ ചലച്ചിത്ര മേഖലയിലെ ഏറ്റവും വലിയ സംഗീത നിർമ്മാതാക്കൾക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ദുബായ്, യൂറോപ്പ്, യുഎസ്, മറ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ അദ്ദേഹം പതിവായി പര്യടനം നടത്താറുണ്ട്.