
അജ്ഞാതനെന്ന് കരുതി സംസ്കരിച്ചു, 5 മാസത്തെ പ്രതീക്ഷയും കാത്തിരിപ്പും അവസാനിച്ചു, സുരേഷ് നാട്ടിലേക്ക് മടങ്ങി
കഴിഞ്ഞ അഞ്ച് മാസമായി യുഎഇയിൽ കാണാതായ മകനെ അന്വേഷിച്ചുള്ള ഒരു പിതാവിന്റെ പ്രതീക്ഷയും കാത്തിരിപ്പും അവസാനിച്ചു. അജ്ഞാത മൃതദേഹമായി മകനെ സംസ്കരിച്ചെന്ന് ഷാർജ പൊലീസും ഇന്ത്യൻ കോൺസുലേറ്റും അറിയിച്ചതോടെ ഒരു കുടുംബത്തിന്റെ പ്രതീക്ഷകളാണ് അസ്തമിച്ചത്. തൃശൂർ മാള കുഴൂർ സ്വദേശിയായ സുരേഷ് തന്റെ ഇരുപത്തിയെട്ടുകാരനായ മകൻ ജിത്തുവിനെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ജിത്തുവിനായി അന്വേഷണം നടത്തിക്കൊണ്ടിരിക്കെയാണ് ദുഃഖവാർത്തയെത്തിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9 20 വർഷമായി അബുദാബിയിലെ പ്രമുഖ ഹോട്ടലിൽ ട്രാൻസ്പോർട് സൂപ്പർവൈസറായാണ് സുരേഷ് ജോലി ചെയ്യുന്നത്. മകൻ ജിത്തു ബിബിഎ എയർപോർട് മാനേജ്മെന്റാണ് പഠിച്ചത്. തുടർന്ന് ബാംഗ്ലൂരിൽ ഇൻഡിഗോ എയർലൈൻസിൽ ജോലിയിൽ പ്രവേശിച്ചെങ്കിലും സാഹചര്യവുമായി പൊരുത്തപ്പെടാൻ സാധിക്കാത്തതിനാൽ അവിടെ നിന്നും ഇറങ്ങി. പിന്നീട് കൊവിഡിന് ശേഷം സുരേഷ് മകനെ യുഎഇയിലേക്ക് കൊണ്ടുവരുകയായിരുന്നു. ജിത്തു കൂട്ടുകാരുമൊത്ത് റസ്റ്റോറന്റ് ആരംഭിച്ചു. അതിന്റെ നടത്തിപ്പ് ചുമതലയായിരുന്നു ജിത്തുവിനുണ്ടായിരുന്നത്. എന്നാൽ ആറ് മാസത്തിന് ശേഷം നഷ്ടത്തെ തുടർന്ന് കട പൂട്ടി. പിന്നീട് ഷാർജയിൽ ഗ്യാസ് ഏജൻസിയിലുൾപ്പെടെ ജോലി നോക്കി. പിന്നീട് ഇത്തിസലാത്തിന്റെ ജോലികൾ കരാറെടുത്ത് ചെയ്യുന്ന ഒരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. ജിത്തുവിനെ കാണാതായി മൂന്ന് ദിവസത്തിന് ശേഷമാണ് മകന്റെ കൂട്ടുകാർ സുരേഷിനെ ഫോണിൽ വിളിച്ച് വിവരം അറിയിക്കുന്നത്. പതിവ് പോലെ ജോലിക്ക് പോയിട്ട് മടങ്ങിയെത്തിയില്ലെന്നും വൈകീട്ട് ഏഴ് വരെ മൊബൈൽ ഫോൺ ഓണായിരുന്നെന്നും കൂട്ടുകാർ പറഞ്ഞു. തുടർന്ന് ഷാർജ അൽ ഗർബ പൊലീസിലും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലും പരാതി നൽകി. സുരേഷും ബന്ധുക്കളും പ്രിയപ്പെട്ടവരുമെല്ലാം ജിത്തുവിനായി അന്വേഷണം ആരംഭിച്ചു. മാർച്ച് പത്തിനാണ് ജിത്തുവിനെ കാണാതാവുന്നത്. മറ്റെന്തെങ്കിലും കാരണത്താൽ വേറെയെവിടെയെങ്കിലും ജിത്തു ജീവിക്കുന്നുണ്ടെന്നായിരുന്നു കുടുംബത്തിന്റെ വിശ്വാസം. ആ പ്രതീക്ഷയിലായിരുന്നു സുരേഷിന്റെ ഭാര്യയും മകളുമടങ്ങുന്ന കുടുംബം ഇത്രയുംനാൾ മുന്നോട്ട് നീങ്ങിയത്. എന്നാൽ അഞ്ച് മാസത്തിന് ശേഷം ജിത്തു മരിച്ചതായി ഷാർജ പൊലീസ് സുരേഷിനെ വിവരമറിയിക്കുകയായിരുന്നു. കാണാതായി 10 ദിവസം കഴിഞ്ഞ് ഷാർജ കോർണിഷിലെ അടച്ച ഹോട്ടലിൻറെ സ്റ്റെയർകെയിസിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലുമായിരുന്നു. മൂന്ന് മാസത്തിലധികം മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാനാകാത്തതിനാൽ അജ്ഞാത ജഡമെന്ന പേരിൽ പൊലീസ് സംസ്കരിക്കുകയും ചെയ്തു. അന്വേഷണത്തിനിടെ ഡിഎൻഎ പരിശോധനയ്ക്കായി സുരേഷിന്റെ രക്തസാമ്പിളുകൾ ശേഖരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ജിത്തുവിനെ തിരിച്ചറിഞ്ഞത്. മരണാനന്തര കർമങ്ങൾക്കായി സുരേഷ് നാട്ടിലേക്ക് തിരിച്ചു. സീനയാണ് ജിത്തുവിന്റെ അമ്മ, സഹോദരി അമൃത
Comments (0)