യുഎഇയിൽ അപരിചിതന് എമിറേറ്റ്സ് ഐഡി നൽകി സഹായിച്ച മലയാളി മയക്കുമരുന്ന് സംഘത്തിന്റെ വലയിലായി. അജ്മാനിലെ വ്യാപാര കേന്ദ്രത്തിലെ മാനേജറായ തലശ്ശേരി കായ്യത്ത് റോഡ് സ്വദേശി അറക്കൽ പറക്കാട്ട് നൗജസ് ഹനീഫിന് ദുബായ് പൊലീസിൽ ഫോൺ വന്നതോടെയാണ് താൻ കെണിയിലകപ്പെട്ട വിവരം അറിയുന്നത്. വ്യാപാരകേന്ദ്രത്തിൽ തിരക്കുള്ള സമയത്താണ് പൊലീസിന്റെ ഫോൺ കോൾ ലഭിക്കുന്നത്. വൈകീട്ട് പൊലീസ് സ്റ്റേഷനിലെത്തിയാൽ മതിയാകുമോയെന്ന് അന്വേഷിച്ചപ്പോൾ അത് സാധ്യമല്ലെന്നും ഉടൻ ഹാജരാകണമെന്നുമായിരുന്നു പൊലീസ് പറഞ്ഞത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9 ഉടൻ തന്നെ മടങ്ങിയെത്താമെന്ന ധാരണയിൽ പൊലീസ് സ്റ്റേഷനിലെത്തിയ ഹനീഫിനെ പിന്നീട് പൊലീസ് തടഞ്ഞുവയ്ക്കുകയായിരുന്നു. 2023 ഒക്ടോബറിലാണ് ഹനീഫിനെ കുടുക്കിയ സംഭവമുണ്ടായത്. എമിറേറ്റ്സ് ഐഡി ഇല്ലാത്തതിനാൽ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് അറബ് പൗരനെന്ന് തോന്നിക്കുന്ന ഒരാൾ മാളിലെ ജീവനക്കാരനായിരുന്ന ഹനീഫിനെ സമീപിക്കുകയായിരുന്നു. എമിറേറ്റ്സ് ഐഡി എടുക്കാൻ മറന്നെന്നും എടിഎമ്മിൽ പണം നിക്ഷേപിക്കാൻ എമിറേറ്റ്സ് ഐഡി തന്ന് സഹായിക്കണമെന്നുമായിരുന്നു അഭ്യർത്ഥന. ആവശ്യമുന്നയിച്ച് രണ്ട് പേരെ സമീപിച്ചെങ്കിലും സഹായിച്ചില്ലെന്നും അയാൾ പറഞ്ഞു. കസ്റ്റമറെ പിണക്കാതിരിക്കാൻ ഹനീഫ് തന്റെ ഐഡി നൽകി. പണം നിക്ഷേപിച്ച ശേഷം അയാൾ നന്ദി പറഞ്ഞ് സ്ഥലം വിടുകയും ചെയ്തു. മയക്കുമരുന്ന് ഇടപാടിന് വേണ്ടിയായിരുന്നു അപരിചിതൻ ഹനീഫിന്റെ എമിറേറ്റ്സ് ഐഡി ഉപയോഗിച്ചത്. കേസുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചപ്പോഴാണ് പൊലീസ് ഹനീഫിന്റെ ഐഡി ശ്രദ്ധിക്കുന്നത്. ഇതേ തുടർന്നായിരുന്നു പൊലീസ് ഹാജരാകാൻ ആവശ്യപ്പെട്ടത്. എന്നാൽ നിരപരാധിത്വം ഉദ്യോഗസ്ഥരെ പറഞ്ഞ് മനസിലാക്കാൻ ഹനീഫ് ശ്രമിച്ചെങ്കിലും ഒരു ദിവസത്തിന് ശേഷം സംഭവ ദിവസത്തെ കാമറ ദൃശ്യങ്ങൾ ഉൾപ്പെടെ ഹാജരാക്കി പരിശോധിച്ചതിനെ തുടർന്നാണ് ഹനീഫിന്റെ നിരപരാധിത്വം പൊലീസ് അംഗീകരിച്ചത്. അപരിചിതരെ ഒന്നും ആലോചിക്കാതെ സഹായിച്ചതാണ് തന്നെ ദുരിതത്തിലാക്കിയതെന്ന് ഹനീഫ് പറയുന്നു. ഇത്തരം കാര്യങ്ങളിൽ ജാഗ്രത പുലർത്തണമെന്ന് യുഎഇ അധികൃതർ നിരന്തരം മുന്നറിയിപ്പ് നൽകിയിട്ടും പലരും കെണിയിൽപ്പെടുന്നുണ്ട്.