പ്രായപരിധിയില്ലാതെ വീട്ടിലിരുന്ന് തന്നെ സമ്പാദിക്കാം, വീഡിയോ ലൈക്ക് ചെയ്ത് ഷെയർ ചെയ്ത് പണം സമ്പാദിക്കാം, സ്ഥാപനങ്ങൾക്ക് റേറ്റിംഗ് നൽകി പണം സമ്പാദിക്കാം, പാർട്ട് ടൈം ജോലിയിലൂടെ പണം സമ്പാദിക്കാം തുടങ്ങി പല തരത്തിൽ പണം സമ്പാദിക്കാൻ സാധിക്കുമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാർ രംഗത്തുള്ളത്. ഇതിന് പുറമെ ബാങ്കിൽ നിന്നാണെന്നും യുഎഇ ഗവൺമെന്റിൽ നിന്നാണെന്നോ പൊലീസ് ഉദ്യോഗസ്ഥനാണെന്നൊക്കെ അവകാശപ്പെട്ടും ഫോണിലേക്കും ഇമെയിലിലേക്കുമുള്ള തട്ടിപ്പുകാരുടെ സന്ദേശങ്ങളും ഇപ്പോൾ വർധിച്ചുവരുകയാണ്. പണം തട്ടുക മാത്രമല്ല, വ്യക്തികളുടെ വ്യക്തിഗത വിവരങ്ങളും ബാങ്ക് വിവരങ്ങളും ചോർത്തിയെടുക്കുകയെന്ന ലക്ഷ്യവും തട്ടിപ്പുകാർക്കുണ്ട്. അതിനാൽ തന്നെ ജാഗ്രത പാലിക്കണമെന്നാണ് യുഎഇയിലെ ബാങ്കുകളും ഭരണകൂടവും മുന്നറിയിപ്പ് നൽകുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
വീട്ടിലിരുന്ന് തൊഴിൽ ചെയ്ത് സമ്പാദിക്കാമെന്ന വാഗ്ദാനങ്ങൾ കേൾക്കുമ്പോൾ, തട്ടിപ്പുകാർ പറയുന്ന കണ്ണഞ്ചിപ്പിക്കുന്ന തുക വേതനമായി ലഭിക്കുമെന്ന് കരുതി ചതിക്കുഴിയിൽ വീഴരുത്. ചെറിയ ജോലികളിലൂടെ പ്രതിദിനം 500 ഡോളറിലധികം വരെ നേടാൻ കഴിയുമെന്ന വാഗ്ദാനങ്ങൾ വീണ്ടുമൊന്ന് പരിശോധിച്ച ശേഷം മാത്രമേ തെരഞ്ഞെടുക്കാവൂ. ചെയ്യേണ്ട ജോലിയെന്നത് വീഡിയോ കാണുന്നതും മെസേജ് വായിക്കുന്നതുമെല്ലാമാണ് എന്നതാണ് വാഗ്ദാനമെങ്കിൽ തട്ടിപ്പാണെന്ന് അപ്പോഴേ ശ്രദ്ധിക്കേണ്ടതാണ്. ഓഫർ ഇന്ന് തീരുമെന്ന് പറഞ്ഞും സന്ദേശങ്ങൾ ലഭിക്കും. റിവാർഡ് പോയിന്റ് സ്വന്തമാക്കാൻ ആപ്പിലോ വെബ്സൈറ്റിലോ കയറണമെന്നും ആവശ്യപ്പെടും. ഇതും തട്ടിപ്പുകാരുടെ ഒരു രീതിയാണ്. ഇത്തരത്തിൽ എന്തെങ്കിലും റിവാർഡ് പോയിന്റുകളുണ്ടെങ്കിൽ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് വ്യക്തമായി അറിയാവുന്നതാണ്. ചിലപ്പോൾ ബാങ്കിലേയോ ഭരണകൂടത്തിലേയോ ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് വിളിക്കുന്ന തട്ടിപ്പുകാർ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോദിച്ചേക്കാം. ഇത്തരം വിവരങ്ങൾ എന്തിനാണ് ആരായുന്നതെന്ന് കൃത്യമായി മനസിലാക്കേണ്ടത് ആവശ്യമാണ്. കൂടാതെ അക്കൗണ്ട് വിവരം നൽകുമ്പോൾ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് നമ്പറും അതിന്റെ സിവിവി നമ്പറും പാസ്‌വേഡും ഒടിപിയും നൽകേണ്ട ആവശ്യമില്ല. ബാങ്കിൽ നിന്ന് വിളിക്കുന്നവർ ഇത്തരം നിർണായക നമ്പറുകൾ ചോദിക്കുകയില്ല. ഇനി അത്തരത്തിൽ ആവശ്യം ഉന്നയിക്കുന്നവരോട് പ്രതികരിക്കാതിരിക്കുക.
അക്കൗണ്ട് ട്രാൻസ്ഫർ നടത്തുമ്പോൾ ഐബാൻ നമ്പറും അതിന്റെ ഉടമയുടെ പേരും പരിശോധിക്കേണ്ടത് ആവശ്യമാണ്. അക്കൗണ്ട് ഉടമ നൽകിയിരിക്കുന്ന യഥാർഥ പേര് ഐബാൻ അടിക്കുമ്പോൾ തന്നെ ഫോണിൽ തെളിയും. ആ പേരും നമ്മൾ പണം നൽകാൻ പോകുന്ന ആളുടെ പേരും ഒന്നാണെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. മൊബൈൽ ഫോൺ, സാലിക്ക് റീചാർജ് എല്ലാം ഓൺലൈനായി ചെയ്യുമ്പോൾ വ്യാജ സൈറ്റുകളെ കുറിച്ച് ബോധ്യമുണ്ടായിരിക്കണം. പ്രധാനമായും ആകർഷകമായ ഓഫറുകളായിരിക്കും വ്യാജ സൈറ്റുകൾ വാഗ്ദാനം ചെയ്യുന്നത്. റീചാർജ് ചെയ്താൽ ഇരട്ടി ലാഭം, ലോകം മുഴുവൻ സൗജന്യമായി വിളിക്കാം, കൂടുതൽ ഡാറ്റ, ഒടിടി സൈറ്റുകൾ സൗജന്യമായി നേടാം, റാഫിൾ നറുക്കെടുപ്പിൽ വിജയിക്കാം തുടങ്ങി ഏതൊരാളും വീണു പോകുന്ന ഓഫറുകളായിരിക്കും വ്യാജന്മാർ ഒരുക്കുക. ഒരിക്കൽ ഇവരുടെ ലിങ്കിൽ പ്രവേശിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങളും പണം ഡെബിറ്റാകാനുള്ള സമ്മതവും നൽകി കഴിഞ്ഞാൽ അക്കൗണ്ടിലുള്ള പണം പൂർണമായും നഷ്ടമാകും. പല വ്യാജ സൈറ്റുകളെയും കണ്ടാൽ ഒറിജിനൽ വെബ്സൈറ്റാണെന്ന് തോന്നുമെങ്കിലും സൂക്ഷമമായി പരിശോധിച്ചാൽ തിരിച്ചറിയാൻ സാധിക്കും. ഉദാഹരണത്തിന് യുആർഎല്ലിൽ ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ അക്ഷരങ്ങൾ തന്നെയെങ്കിലും സ്പെല്ലിംഗിൽ തെറ്റോ വ്യത്യാസമോ ഉണ്ടായിരിക്കും. ഡൊമെയിൻ ഔദ്യോഗികമാണെന്ന് ഉറപ്പാക്കണം. കൂടാതെ പാഡ്ലോക്ക് ചിഹ്നവും ഉറപ്പാക്കണം. തുടങ്ങി പല കാര്യങ്ങളിലും ജാഗ്രത പുലർത്തേണ്ടതുണ്ട്.