വയനാട്ടിലുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 45 കഴിഞ്ഞു. നെഞ്ചുലക്കുന്ന കാഴ്ചകളാണ് വയനാട് മേപ്പാടിയിൽ നിന്ന് പുറത്തേക്ക് വരുന്നത്. ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ മൃതദേഹങ്ങൾ കിലോമീറ്ററുകൾ അകലെ മലപ്പുറം ജില്ലയിലെ ചാലിയാർ പുഴയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇതുവരെ 11 മൃതദേഹങ്ങൾ കണ്ടെത്തി. കയ്യും കാലും തലയും ഉൾപ്പെടെ വിവിധ ശരീരഭാഗങ്ങളില്ലാത്ത മൃതദേഹങ്ങൾ ഉള്ളുലയ്ക്കുന്ന കാഴ്ചകലാണ് അവിടെ നിന്ന് കാണാൻ സാധിക്കുന്നത്. മൂന്നു വയസ് മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹവും ഇതിലുണ്ട്. മൃതദേഹങ്ങൾ കണ്ടെത്തിയത് ഇരുട്ടുകുത്തി, പോത്തുകല്ല്, പനങ്കയം, ഭൂതാനം തുടങ്ങിയ ഭാഗങ്ങളിൽ നിന്നാണ് . വനത്തിനുള്ളിലെ കുമ്പിളപ്പാറ കോളനി ഭാഗങ്ങളിൽ അഞ്ച് മൃതദേഹങ്ങൾ കരയ്ക്ക് അടിഞ്ഞതായി ആദിവാസികൾ പറഞ്ഞു. എന്നാൽ അഗ്നിരക്ഷാ സേനയ്ക്ക് ആ ഭാഗത്തേക്ക് കടക്കാൻ കഴിഞ്ഞിട്ടില്ല. കണ്ടെത്തിയ മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മുണ്ടക്കൈ, അട്ടമല, ചൂരൽമല എന്നിവിടങ്ങളിലാണ് ഇന്ന് രാവിലെ 2 മണിയോടെയാണ് ദുരന്തമുണ്ടായത്. മരിച്ചവരിൽ 3 കുട്ടികളും ഉൾപ്പെടുന്നുണ്ട്. രക്ഷാ പ്രവർത്തനം അതീവ ദുഷ്കരമായി തുടരുകയാണെന്ന് ദൗത്യ സംഘം വ്യക്തമാക്കി. മുണ്ടക്കൈയും അട്ടമലയും പൂർണമായി ഒറ്റപ്പെട്ട നിലയിലാണ്. ഇരുമേഖലകളിലുമായി നാനൂറോളം കുടുംബങ്ങളാണ് ഒറ്റപ്പെട്ട് പോയിരിക്കുന്നത്. *യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക* https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9ചാലിയാർ പുഴയിൽ കണ്ടെത്തിയത് വയനാട്ടിൽ നിന്ന് ഒഴുകിയെത്തിയ മൃതദേഹങ്ങൾ തന്നെയെന്ന് ഐ സി ബാലകൃഷ്ണൻ എംഎൽഎ പറഞ്ഞു. മുണ്ടക്കൈയിലേക്ക് ആർക്കും കടക്കാനാകാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. അംഗഭംഗം വന്ന നിലയിലാണ് മൃതദേഹങ്ങളിൽ പലതുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരുതുന്നതിലും ഭീകരമാണ് മുണ്ടക്കൈയിലെ സ്ഥിതിയെന്ന് സംഭവസ്ഥലത്തുള്ള ടി സിദ്ദിഖ് എംഎൽഎയും പ്രതികരിച്ചു.