യുഎഇയിൽ ആയിരക്കണക്കിന് അനധികൃത പ്രവാസികളെയും ഒറ്റപ്പെട്ടുപോയ തൊഴിലാളികളെയും സഹായിച്ച എമിറാത്തിയാണ് അലി സയീദ് അൽകാബി. ചെറുപ്പത്തിൽ തന്നെ വിരമിച്ച ശേഷം പ്രവാസി സമൂഹത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച അലി യുഎഇയിലെ നിരവധി പ്രവാസികൾക്ക് പ്രതീക്ഷയുടെ വെളിച്ചമായി മാറി. 2013-ൽ അദ്ദേഹം തൻ്റെ മുഴുവൻ സമയ ജോലിയിൽ നിന്ന് വിരമിക്കുകയും യുഎഇ സർക്കാർ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിൽ പ്രവർത്തിക്കാൻ തുടങ്ങുകയും ചെയ്തു. നിയമകുരുക്കിൽ പെടുന്നവരെ പരിരക്ഷിക്കാൻ അവർക്ക് ആവശ്യമായ മാർഗനിർദേശവും പിന്തുണയും നൽകി. യുഎഇയിൽ 90 ശതമാനവും പ്രവാസികളാണ്. അവരിൽ പലരും നിയമലംഘനമുണ്ടാകുമ്പോൾ അധികൃതരെ സമീപിക്കുന്നതിന് പകരം ടൈപ്പിംഗ് സെന്ററുകളിലേക്ക് നീങ്ങും. അധികാരികളെ സമീപിച്ചാൽ അവരുടെ പ്രശ്നങ്ങൾ എളുപ്പത്തിൽ പരിഹരിക്കാൻ കഴിയും, എന്നാൽ ആദ്യം, അവരുടെ ലംഘനങ്ങളുടെ സ്വഭാവം അവർ മനസ്സിലാക്കേണ്ടതുണ്ട് എന്നും അലി പറയുന്നു. പത്ത് വർഷത്തിലേറെയായി ഈ മേഖലയിൽ നിയമസഹായം ഉൾപ്പെടെ തന്നാൽ കഴിയുന്ന വിധത്തിലെല്ലാം പ്രവാസികളെയും തൊഴിലാളികളെയും സഹായിക്കുന്നുണ്ടെന്ന് അലി പറയുന്നു. അതിനൊന്നും കണക്ക് സൂക്ഷിച്ചിട്ടില്ലെന്നും അലി കൂട്ടിച്ചേർത്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
അഞ്ച് വർഷത്തിലേറെയായി യുഎഇയിൽ താമസിച്ച പാക് പ്രവാസിയുടെ വിസ കാലാവധി കഴിഞ്ഞത് മൂലം അധികൃതർ ഒരു ലക്ഷം ദിർഹം പിഴ ചുമത്തി. അദ്ദേഹത്തിന്റെ സാഹചര്യം മോശമായിരുന്നു. അതിനാൽ തന്നെ അദ്ദേഹത്തിൻ്റെ രേഖകൾ തയ്യാറാക്കി നിയമനടപടികൾക്കായി അലി ഫയൽ ചെയ്തു. യുഎഇയിൽ തുടരണമെന്ന് ആഗ്രഹിച്ച പ്രവാസിക്ക് ചെയ്യാൻ സാധിക്കുന്ന ജോലി കണ്ടെത്തേണ്ടതുമുണ്ടായിരുന്നു. ഭാഗ്യവശാൽ ഒരു പബ്ലിക് പ്രോസിക്യൂട്ടറുടെ സഹായത്താൽ പിഴ കുറയ്ക്കാൻ സാധിച്ചു. പിന്നീട് പിഴയടച്ച് അദ്ദേഹത്തിന് രാജ്യത്ത് തുടരാനായെന്ന് അലി ഓർക്കുന്നു. സമാനമായി കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ജോലി നഷ്ടപ്പെട്ട പ്രവാസിക്ക് ജോലി കണ്ടെത്താൻ സഹായിക്കാനായെന്നും അലി പറയുന്നു. അനധികൃത താമസ പ്രശ്‌നങ്ങളാൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്ന തൊഴിലാളികളാണ് അലിയുടെ സഹായം പ്രയോജനപ്പെടുത്തിയവരിലേറെയും. പലരും സാധുവായ രേഖകളില്ലാതെയും ഏജന്റുമാരാൽ പറ്റിക്കപ്പെട്ടവരുമെല്ലാമായിരുന്നു, എന്നാൽ അവരെ നിയമകുരുക്കിൽ നിന്ന് രക്ഷിക്കാനും തിരിച്ച് നാട്ടിലേക്ക് അയയ്ക്കാനോ ഇവിടെ ജോലി ചെയ്യുന്നതിനോ ആവശ്യമായ സഹായങ്ങൾ അലി ചെയ്തുനൽകിയിട്ടുണ്ട്. സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഉപദേശകനെന്ന നിലയിൽ അലിയുടെ പ്രവർത്തനം, പ്രത്യാശ നഷ്ടപ്പെട്ട പലർക്കും പുതുജീവനേകുന്നതാണ്. അലി ഹത്തയിലെ യൂത്ത് കൗൺസിൽ അംഗമാണ്.