സൗദി അറേബ്യയിൽ ദക്ഷിണ മക്കയിലെ വാദി നുഅ്മാനിൽ പെയ്ത ശക്തമായ മഴയിൽ രൂപപ്പെട്ട മലവെള്ളപ്പാച്ചിലിൽ സാഹസികമായി വണ്ടിയോടിച്ച് സ്വദേശി യുവാവ്. യാത്രയ്ക്കിടെ വാഹനം പലതവണ മലവെള്ളത്തിൽ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു. എന്നിട്ടും യുവാവ് താഴ്വര മുറിച്ചുകടന്നു. സംഭവത്തിന്റെ ദൃക്സാക്ഷികളിലൊരാൾ പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. രാജ്യത്ത് മലവെള്ളപ്പാച്ചിലിൽ താഴ്വരകൾ മുറിച്ചുകടക്കുന്നത് നിയമലംഘനമാണ്. 10000 റിയാൽ വരെ പിഴ ലഭിക്കുന്ന നിയമലംഘനമാണിത്. മലവെള്ളപ്പാച്ചിലിൽ റോഡ് മുറിച്ചുകടക്കുന്നത് അപകടത്തിലേക്ക് നയിക്കുമെന്നും അത്തരം പ്രവർത്തനങ്ങളിലേർപ്പെടരുതെന്നും സിവിൽ ഡിഫൻസും സുരക്ഷാ വകുപ്പുകളും മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ദിവസം ജിസാനിലെ വാദി മസല്ലയിൽ കാർ ഒഴുക്കിൽ പെട്ട് കാണാതായ സൗദി പൗരനു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. തെക്കുകിഴക്കൻ ജിസാനിലെ അഹദ് അൽമസാരിഹക്കും അൽആരിദക്കുമിടയിലെ റോഡിൽ സൗദി ദമ്പതികൾ സഞ്ചരിച്ച കാർ ബുധനാഴ്ച മലവെള്ളപ്പാച്ചിലിൽ പെട്ടിരുന്നു. പ്രദേശത്ത് നടത്തിയ തെരച്ചിലിൽ കാർ പൂർണമായി തകർന്ന നിലയിലും വാഹനത്തിലുണ്ടായിരുന്ന ദമ്പതികളിലൊരാളുടെ മൃതദേഹവും കണ്ടെത്തി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9