കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ഇന്ത്യയിലെ ചില നഗരങ്ങളുടെ പത്ത് ശതമാനത്തോളം വെള്ളത്തിനടിയിലാകുമെന്ന് റിപ്പോർട്ട്. പഠന പ്രകാരം കൊച്ചിയുടെ 1-5 ശതമാനം വരെ കരഭൂമിയും മുങ്ങിപ്പോകും. ഇന്ത്യയിലെ മുംബൈ, ചെന്നൈ, പനജി നഗരങ്ങളുടെ 10ശതമാനവും മംഗളൂരു, വിശാഖപട്ടണം, ഉഡുപ്പി, പുരി നഗരങ്ങളിലെ 5% വരെ കരഭൂമിയിലേക്ക് കടൽജലനിരപ്പ് ഉയരുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തിരുവനന്തപുരം, കോഴിക്കോട് ഉൾപ്പെടെ 15 തീരദേശ നഗരങ്ങളിൽ നടത്തിയ പഠനത്തിൽ മുംബൈയിലാണ് ഭീഷണി കൂടുതലുള്ളത്. 1987– 2021 കാലത്ത് സമുദ്രനിരപ്പ് ഏറ്റവും കൂടുതൽ ഉയർന്നത് മുംബൈയിലാണ് (4.44 സെ.മീ). വിശാഖപട്ടണം – 2.38 സെ.മീ., കൊച്ചി – 2.21 സെ.മീ, ചെന്നൈ –0.67 സെ.മീ. എന്ന തരത്തിൽ സമുദ്രനിരപ്പ് ഉയർന്നിട്ടുണ്ട്. 2100 ആകുമ്പോഴേക്കും സമുദ്രനിരപ്പ് കോഴിക്കോട്– 75.1 സെ.മീ., കൊച്ചി– 74.9 സെ.മീ., തിരുവനന്തപുരം– 74.7 സെ.മീ. വരെ ഉയരുമെന്നും പഠനത്തിൽ പറയുന്നു. ബെംഗളൂരു ആസ്ഥാനമായുള്ള സെന്റർ ഫോർ സ്റ്റഡി ഓഫ് സയൻസ്, ടെക്‌നോളജി ആൻഡ് പോളിസി (സിഎസ്‌ടിഇപി) ആണ് പഠനം നടത്തിയത്. കാലാവസ്ഥാ വ്യതിയാനത്തിന്റെയും അന്തരീക്ഷ മലിനീകരണത്തിന്റെയും ഫലം വരാനിരിക്കുന്ന തലമുറയെ എങ്ങനെ ബാധിക്കുമെന്ന മുന്നറിയിപ്പുകൂടിയാണ് പഠനം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9