വിമാനയാത്രയ്ക്കിടെ യാത്രക്കാരിയുടെ തലമുടിയിൽ പേനുകളെ കണ്ടതിനെ തുടർന്ന് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. ലോസ് ആഞ്ജലസിൽ നിന്ന് ന്യൂയോർക്കിലേക്ക് പോകുകയായിരുന്ന അമേരിക്കൻ എയർലൈൻസിന്റെ വിമാനത്തിലെ യാത്രക്കാരാണ് യുവതിയുടെ തലയിൽ പേനുണ്ടെന്ന് ആരോപിച്ചത്. ഇതേ തുടർന്ന് ഫിനിക്‌സിൽ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. ജൂണിലാണ് സംഭവമുണ്ടാകുന്നത്. വിമാനത്തിലുണ്ടായിരുന്ന ഏഥൻ ജുഡെൽസൺ എന്ന യാത്രക്കാരൻ ടിക് ടോക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് സംഭവം പുറംലോകമറിയുന്നത്. ‘വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയ ഉടനെ ഒരു യാത്രക്കാരി സീറ്റിൽ നിന്ന് എഴുന്നേറ്റ് വിമാനത്തിന്റെ മുന്നിലേക്ക് ഓടുന്നുണ്ടായിരുന്നു. എന്താണ് സംഭവമെന്ന് മനസിലായില്ല,യാത്രക്കാർ ആരും തന്നെ പരിഭ്രാന്തരല്ല. പേടിക്കാനൊന്നുമില്ലെന്ന് തോന്നി. അപ്പോൾ ചില യാത്രക്കാർ പരസ്പരം സംസാരിക്കുന്നത് കേട്ടതിൽ നിന്നാണ് കാര്യം ഇതാണെന്ന് അറിഞ്ഞതെന്ന് യുവാവ് വീഡിയോയിൽ പറയുന്നു. യാത്രക്കാരിയുടെ തലമുടിയിഴകളിൽ പേനുകൾ ഉള്ളതായി രണ്ട് യാത്രക്കാർ കാണുകയും അവർ ഇക്കാര്യം വിമാനത്തിലെ ജീവനക്കാരെ അറിയിക്കുകയുമായിരുന്നു. തുടർന്നാണ് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തത്. വിമാനം 12 മണിക്കൂറാണ് വൈകിയത്. യാത്രക്കാർക്ക് അധികൃതർ ഹോട്ടലിൽ താമസസൗകര്യത്തിനായുള്ള വൗച്ചറുകൾ നൽകി. വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയെന്ന് കമ്പനി സ്ഥിരീകരിച്ചെങ്കിലും യാത്രക്കാരിയുടെ ആരോഗ്യപ്രശ്നത്തെ തുടർന്നായിരുന്നു ലാൻഡിംഗ് എന്നായിരുന്നു വിശദീകരണം. തലയിൽ പേനുള്ളവർ സീറ്റിൽ ചാരിയിരിക്കുമ്പോൾ അവരിൽ നിന്ന് പേനുകൾ സീറ്റിലേക്കും വരും. ഇത് മറ്റ് യാത്രക്കാരുടെ ദേഹത്തേക്കോ തലയിലേക്കോ കേറിയേക്കുമെന്നതിനാലാണ് അടിയന്തര ലാൻഡിംഗ് എന്നാണ് റിപ്പോർട്ട്. ഇത്തരത്തിൽ പേൻ ശല്യമുള്ളവർ അതിന് പരിഹാരം കാണണമെന്നും പേനിനെ നശിപ്പിക്കുന്ന സ്പ്രേ കയ്യിൽ കരുതണമെന്നുമാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9