ദുബായിലെ ടോൾ ഗേറ്റ് ഓപ്പറേറ്റർ സാലികിന്റെ ഓഹരികളിൽ നിക്ഷേപിക്കുന്നതിലൂടെ “പ്രതിമാസ വരുമാനം 35,600 ദിർഹം” ലഭിക്കുമെന്ന അവകാശവാദങ്ങൾ തള്ളി കമ്പനി. തട്ടിപ്പെന്ന് മുന്നറിയിപ്പ്. സാലിക്കിലെ നിക്ഷേപ അവസരങ്ങളെക്കുറിച്ച് തെറ്റായ വാഗ്ദാനങ്ങളാണ് പ്രചരിക്കുന്നതെന്ന് ദുബായിൽ ലിസ്റ്റുചെയ്തിട്ടുള്ള കമ്പനി വ്യക്തമാക്കി. ഉപഭോക്താക്കൾ എല്ലാ നിർദേശങ്ങളും സാലികിൻ്റെ ഔദ്യോഗിക ചാനലുകളിലൂടെ മാത്രമേ സ്വീകരിക്കാവൂവെന്നും ടോൾ ഓപ്പറേറ്റർ ഓർമിപ്പിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9 സാലിക്കിൻ്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഇബ്രാഹിം അൽ ഹദ്ദാദിൻ്റെ ഫോട്ടോ പതിച്ച വ്യാജ വെബ്‌സൈറ്റിലാണ് വൻതുക വാഗ്ദാനം ചെയ്തുള്ള നിക്ഷേപാവസരം കാണിച്ചിരിക്കുന്നത്. രാജ്യത്തുള്ളവർക്കെല്ലാം, സാലിക് ഷെയറുകളിൽ നിക്ഷേപിക്കാൻ അനുവദിക്കുന്നതിന് സർക്കാരുമായുള്ള കരാർ അവസാനിച്ചെന്നും പുതിയ ട്രേഡിംഗ് പ്ലാറ്റ്‌ഫോമിലൂടെ നിക്ഷേപിക്കാമെന്നും വ്യാജ വെബ്സൈറ്റ് പറയുന്നു. $250 (ഏകദേശം 917 ദിർഹം) മുതൽ ആരംഭിക്കുന്ന സാലിക്ക് ഷെയറുകളിൽ നിക്ഷേപിച്ച് പ്രതിമാസം $9,700 (ഏകദേശം 35,600 ദിർഹം) ഉണ്ടാക്കാൻ സാധിക്കുമെന്നാണ് തട്ടിപ്പുസംഘം വാഗ്ദാനം ചെയ്തിട്ടുള്ളത്. നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർ പേര്, ഇമെയിൽ വിലാസം, യുഎഇ മൊബൈൽ ഫോൺ നമ്പർ എന്നിവ സമർപ്പിക്കണമെന്നും വ്യാജ സൈറ്റിൽ പറയുന്നുണ്ട്.
ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ ലിസ്റ്റ് ചെയ്തിട്ടുള്ള സാലിക്ക് ഷെയറുകൾ യുഎഇ ദിർഹത്തിലാണ് വ്യാപാരം ചെയ്യുന്നത്, വെബ്‌സൈറ്റ് അവകാശപ്പെടുന്നത് പോലെ ഡോളറല്ല. വെള്ളിയാഴ്ച, ടോൾ ഗേറ്റ് ഓപ്പറേറ്ററുടെ ഓഹരികൾ 0.595 ശതമാനം ഉയർന്ന് 3.380 ദിർഹത്തിലാണ് ക്ലോസ് ചെയ്തത്. ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന ഓഹരികളിൽ ഒന്നാണ് സാലികിന്റേത്. കമ്പനിയുടെ ഉപഭോക്താക്കളും നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവരും വ്യാജ വെബ്‌സൈറ്റുകൾ, ഇമെയിലുകൾ, സോഷ്യൽ മീഡിയ തട്ടിപ്പുകൾ എന്നിവയെ കുറിച്ച് ജാഗ്രത പുലർത്തണമെന്ന് സാലിക് അറിയിച്ചു. വരും മാസങ്ങളിൽ ഫിഷിംഗ് സന്ദേശങ്ങളിൽ വർദ്ധനവുണ്ടാകാൻ സാധ്യതയുണ്ടെന്നും അക്കൗണ്ടുകൾ റീചാർജ് ചെയ്യുന്നതിനും ടാഗുകൾ വാങ്ങുന്നതിനും സുരക്ഷിതമല്ലാത്ത ലിങ്കുകൾ വ്യാജന്മാർ പങ്കിടാനും സാധ്യതയുണ്ട്. സംശയാസ്പദമായ ലിങ്കുകളിലോ പോപ്പ് പരസ്യങ്ങളിലോ ക്ലിക്ക് ചെയ്യരുതെന്നും ഏറ്റവും പുതിയ സുരക്ഷാ അപ്‌ഡേറ്റുകൾക്കായി സാലിക്കിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റും ആശയവിനിമയ ചാനലുകളും സന്ദർശിക്കണമെന്നും കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു. വാഹനമോടിക്കുന്നവർക്കും ഉപഭോക്താക്കൾക്കുമായി സാലിക് പുതുതായി പുറത്തിറക്കിയ വ്യവസ്ഥകൾ പ്രകാരം, സാലിക് ടോളിംഗ് സമ്പ്രദായവുമായി ബന്ധപ്പെട്ട് ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ ഒരു വാഹനത്തിന് ചുമത്താവുന്ന പരമാവധി പിഴതുക 10,000 ദിർഹമാണ്.