Posted By rosemary Posted On

വീടുനോക്കാനായി ​ഗൾഫിലേക്ക് പോയത് മൂന്ന് മാസം മുമ്പ്, ഇപ്പോൾ വീടുമില്ല വീട്ടുകാരും..കണ്ണീർക്കാഴ്ചയായി നൗഫൽ

മക്കളെ നന്നായി പഠിപ്പിക്കണം, മാതാപിതാക്കളെ നന്നായി നോക്കണം, പ്രതീക്ഷകളോടെ ഒമാനിലേക്ക് വിമാനം കയറിയ നൗഫൽ തിരിച്ച് നാട്ടിലെത്തുമ്പോൾ വീടോ വീട്ടുകാരോ ഇല്ല. എവിടെയും ഒരു മൺകൂന മാത്രം. വയനാട് ഉരുൾപൊട്ടലിൽ നൗഫലി​ന്റെ മാതാപിതാക്കളും ഭാര്യയും മക്കളും സഹോദരനും സഹോദരന്റെ മക്കളും അടക്കം 11 പേരെയാണ് നഷ്ടമായത്. മുണ്ടക്കൈ പള്ളിക്ക് സമീപത്തായിരുന്നു നൗഫലിന്റെ വീട്. ദുരന്തഭൂമിയിൽ നിസഹായനായി നിൽക്കുന്ന നൗഫൽ ആരുടെയും കണ്ണ് നനയിക്കും. സംഭവമറിഞ്ഞ് കഴിഞ്ഞ ബുധനാഴ്ചയാണ് നൗഫൽ നാട്ടിൽ തിരിച്ചെത്തിയത്. ഉരുൾപൊട്ടൽ ശബ്ദം കേട്ടപ്പോൾ തന്നെ ഓടി മുകളിലേക്ക് കയറിയത് കൊണ്ടുമാത്രമാണ് നൗഫലി​ന്റെ സഹോദരി ഭർത്താവ് രക്ഷപ്പെട്ടത്. കാണാതായവരിൽ 9 പേരുടെ മൃതദേഹം മാത്രമാണ് ലഭിച്ചത്. മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നുണ്ട്. വീടിരുന്ന സ്ഥലത്തേക്ക് നോക്കി വിങ്ങിപ്പൊട്ടി നിൽക്കുന്ന നൗഫൽ ഏവരുടെയും നെഞ്ചുലയ്ക്കുന്നുണ്ട്.

ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 402 ആയി. മണ്ണിനടിയിൽ നിന്നും ചാലിയാറിൽ നിന്നുമടക്കം കണ്ടെടുത്തവയിൽ 180 എണ്ണം ശരീരഭാഗങ്ങളാണ്. അതേ സമയം ഔദ്യോഗിക കണക്കുപ്രകാരമുള്ള മരണസംഖ്യ 222 ആണ്. 180 പേരെ ഇനിയും കണ്ടെത്താനുണ്ട്. തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങളിൽ 8 എണ്ണം ഇന്നലെ സംസ്കരിച്ചു. ഇന്നത്തെ തെരച്ചലിൽ ചൂരൽമല വില്ലേജ് റോഡിൽ നിന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തു. ഇന്നലെ ചാലിയാർ പുഴയിൽ തെരച്ചിലിനിടെ കണ്ടെത്തിയ മൃതദേഹം ഹെലികോപ്ടറിൽ മേപ്പാടിയിലെത്തിച്ചു. ബെയിലി പാലത്തിന് അപ്പുറത്തെ തെരിച്ചലിനായുള്ള സന്നദ്ധ പ്രവർത്തകരുടെ എണ്ണം ക്രമപ്പെടുത്തിയിരുന്നു. 12 സോണുകളിൽ 50 പേർ വീതമുള്ള സംഘങ്ങളാണ് തെരച്ചിൽ നടത്തുന്നത്. ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നതുവരെ തെരച്ചിൽ തുടരുമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Comments (0)

Leave a Reply

Your email address will not be published. Required fields are marked *