യുഎഇയിൽ വരാനിരിക്കുന്ന വിസ പൊതുമാപ്പ് രാജ്യത്തെ നിയമവിരുദ്ധ താമസക്കാർക്ക് അവരുടെ സ്റ്റാറ്റസ് ക്രമപ്പെടുത്താനും യുഎഇയിൽ തുടരാനുമുള്ള ഒരു ഓപ്ഷൻ നൽകുന്നതുമാണ്. എന്നാൽ ചിലർ നാട്ടിലേക്ക് തിരികെ പോകുന്നത് സ്വപ്നം കാണുന്നുണ്ട്. അധികതാമസത്തിന്റെ പേരിൽ 150,000 ദിർഹത്തിലധികം പിഴ ചുമത്തപ്പെട്ട 45 കാരനായ നൈജീരിയൻ പൗരനായ നിക്കോളാസ് ഡെനേക ഇപ്പോൾ നാല് വർഷമായി യുഎഇയിൽ കുടുങ്ങിക്കിടക്കുകയാണ്. 2017 മുതൽ 2020 വരെ ഒരു കൺസ്ട്രക്ഷൻ സ്ഥാപനത്തിൽ സൂപ്പർവൈസറായി ജോലി ചെയ്തിരുന്ന ഡെനേകയ്ക്ക് കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പോർട്ടറായും കാർ ക്ലീനറായും വീട്ടുവേലക്കാരനായുമെല്ലാം ജോലി ചെയ്തു. വിസ കാലാവധി കഴിഞ്ഞപ്പോൾ പിഴയും ദിനംപ്രതി കൂടി. പിഴയടയ്ക്കാൻ മാർഗമില്ലായിരുന്നു. ഒരോ ദിവസവും ഓരോ യുദ്ധമായിരുന്നെന്ന് ഡെനേക സങ്കടത്തോടെ പറഞ്ഞു. പൊതുമാപ്പിലാണ് ഇനി അവസാന പ്രതീക്ഷ. കുടുംബത്തോടൊപ്പം കഴിയാനാണ് ആഗ്രഹമെന്നും അദ്ദേഹം പറയുന്നു. 38കാരനായ തമിഴ്നാട്ടുകാരൻ രാജ്കുമാറിന്റേത് വേദനിപ്പിക്കുന്ന ജീവിതകഥയാണ്. 2019ൽ യുഎഇയിലെത്തി നിർമ്മാണ തൊഴിലാളിയായി ജോലി ചെയ്തു. തൊഴിലുടമയാകട്ടെ രാജ്കുമാറിന്റെ ശമ്പളവും പാസ്പോർട്ടും തടഞ്ഞുവയ്ക്കുക മാത്രമല്ല ചെയ്തത് ഓരോ ദിവസവും ഓരോ കാരണങ്ങളാൽ നിരന്തരമായി ശാരീരിക പീഡനത്തിനും മാനസിക പീഡനത്തിനും ഇരയാക്കുകയുമായിരുന്നു. 2022ൽ പീഡനം സഹിക്കവയ്യാതെ തൊഴിലുടമയിൽ നിന്ന് ഒളിച്ചോടി. അതോടെ വിസ യാന്ത്രികമായി അസാധുവായി. അധികാരികളുടെ അടുത്തേക്ക് പോകാൻ പേടിയായിരുന്നു.
കാരണം ഇനിയെന്താണ് സംഭവിക്കുകയെന്ന് അറിയില്ല. കയ്യിൽ പണമില്ല, പോകാൻ ഇടമില്ല, വീട്ടുകാരുടെ അടുത്തേക്ക് മടങ്ങാൻ പോലും ഒരു വഴിയുമില്ല. ജീവിതം നിരാശയിലേക്ക് കൂപ്പുകുത്തി തുടങ്ങിയപ്പോഴാണ് രാജ്കുമാറിന് പ്രതീക്ഷയേകികൊണ്ട് പൊതുമാപ്പെന്ന പ്രഖ്യാപനം വരുന്നത്. ഈ അവസരം ലഭിക്കുന്നതിൽ നന്ദിയുള്ളവനാണെന്നും പുതുജീവിതം ആരംഭിക്കുമെന്നും രാജ്കുമാർ പറയുന്നു. 32കാരിയായ ഫിലിപ്പൈൻസ് സ്വദേശിനിക്ക് ആറ് വർഷമായി സ്വന്തം നാട്ടിലേക്ക് മടങ്ങാനോ കുടുംബത്തെ കാണാനോ സാധിച്ചിട്ടില്ല. 2018ൽ ദുബായിൽ ജോലിക്കെത്തിയ ഇവർക്ക് റിസപ്ഷനിസ്റ്റായി ജോലി ലഭിച്ചെങ്കിലും 2022 ഡിസംബറിൽ ശമ്പള തർക്കം കാരണം ജോലി ഉപേക്ഷിക്കേണ്ടി വന്നു. തൊഴിലുടമ അവൾക്കെതിരെ കേസെടുത്തതിനാൽ യാത്രാ വിലക്കും ഏർപ്പെടുത്തി. നിയമപരമായ പ്രശ്നങ്ങൾ പരിഹരിക്കാൻ പൊതുമാപ്പ് സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ പറയുന്നു. സെപ്തംബർ 1-ന് ആരംഭിക്കുന്ന പൊതുമാപ്പ് പദ്ധതിയിൽ റസിഡൻസ് വിസ ലംഘകർക്ക് അവരുടെ സ്റ്റാറ്റസ് ക്രമപ്പെടുത്താനും പിഴ ഒഴിവാക്കാനും യുഎഇ സർക്കാർ രണ്ട് മാസത്തെ സമയം നൽകുന്നുണ്ട്. എന്നിരുന്നാലും, നടപടിക്രമങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.